സൗദി പ്രവാസം: ആശ്രിത ലെവിയെച്ചൊല്ലിയുള്ള ആശങ്കകളും ഇഖാമ പ്രായപരിധിയുടെ വ്യാജ വാര്‍ത്തയും 

സൗദി പ്രവാസം: ആശ്രിത ലെവിയെച്ചൊല്ലിയുള്ള ആശങ്കകളും ഇഖാമ പ്രായപരിധിയുടെ വ്യാജ വാര്‍ത്തയും 

വെറുതെ സുഖിക്കാന്‍ വേണ്ടി മാത്രമാണ് കുടുംബത്തെ കൂടെ നിര്‍ത്തുന്നതെന്ന ധാരണ തെറ്റാണ്.

മാസങ്ങള്‍ക്ക് മുമ്പ് സൗദി സാമ്പത്തിക മന്ത്രാലയവും ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളും പ്രവാസികളുടെ ആശ്രിതര്‍ക്ക് ജൂലായ് ഒന്നു മുതല്‍ ലെവി ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്‌കൂള്‍ അധ്യായന വര്‍ഷം കണക്കിലെടുത്താണ് ജൂലായ് ഒന്നു മുതല്‍ എന്ന തീരുമാനം എടുത്തത്. അതായത് ടി.സി വാങ്ങി കുട്ടികളെ നാട്ടിലെ സ്‌കൂളിലേക്ക് വേണമെങ്കില്‍ മാറ്റാനുള്ള സാവകാശം. കുടുംബത്തെ നാട്ടില്‍ അയക്കാനുള്ള തീരുമാനത്തിനുള്ള സമയം അനുവദിക്കല്‍. എന്നാല്‍ ഈ പ്രഖ്യാപനത്തെ ഭൂരിപക്ഷം പ്രവാസി കുടുംബങ്ങളും ഗൗരവത്തില്‍ എടുത്തില്ലെന്ന് മാത്രമല്ല ലെവി തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കുമെന്ന് വ്യാമോഹിച്ചു. രാജകാരുണ്യം പലപ്പോഴായി ആശ്വാസത്തിന്റെ കുളില്‍ മഴയായി പെയ്തിട്ടുണ്ട്. ഇത്തവണ ലെവിയുടെ കാര്യത്തിലും അതു പ്രതീക്ഷിച്ചു. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. പ്രഖ്യാപനം നിയമമായി നടപ്പാക്കി. 

ആശ്രിത ലെവി കുടുംബനാഥന്‍ കൈയില്‍ നിന്ന് എടുത്ത് അടക്കണമെന്നും അധിക ബാധ്യത വഹിക്കാനാവില്ലെന്നും കമ്പനികള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ വലിയ ഒരു പ്രതിസന്ധിയാണ് രൂപപ്പെട്ടത്. കുടുംബത്തിലെ ഓരോ അംഗത്തിനും പ്രതിമാസം 100 റിയാല്‍  ലെവിയായി നല്‍കണം. അതായത് പ്രതി വര്‍ഷം 1200 റിയാല്‍ അധിക ബാധ്യത ആളൊന്നിനു വീതം വരും. മൂന്ന് മക്കളും ഭാര്യയും ഉള്ള ഒരു കുടുംബത്തിന് ലെവി 4800 റിയാല്‍. ഈ തുക കുടുംബനാഥന്‍ ഇഖാമ അഥവാ റസിഡന്‍ഷ്യല്‍ പെര്‍മിറ്റ് പുതുക്കുമ്പോള്‍ സര്‍ക്കാര്‍ വകുപ്പില്‍ അടക്കണം. വിദേശ തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പിലുള്ള കുടുംബാംഗങ്ങള്‍ക്കും വീട്ടുജോലിക്കാരികളുണ്ടെങ്കില്‍ അവര്‍ക്കും ലെവി ബാധകമാണ്. ഈ വര്‍ഷമാണ് ലെവി 100 റിയാല്‍. അടുത്ത വര്‍ഷം മുതല്‍ അതയാത് അടുത്ത ജൂലായ് മുതല്‍ ഇത് 200 റിയാലും 2019 ല്‍ 300 റിയാലും 2020 ല്‍ 400 റിയാലുമായി വര്‍ധിക്കും. വരാന്‍ പോകുന്ന അധിക ബാധ്യത കുടുംബങ്ങളെ കൂടെ നിര്‍ത്തുന്നവര്‍ക്ക് കൃത്യമായി കണക്കു കൂട്ടാനും പ്ലാന്‍ ചെയ്യാനും പാകത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ലെവി പ്രാബല്യത്തില്‍ വരില്ലെന്ന കണക്കുകൂട്ടലില്‍ കുട്ടികളുടെ ടി.സി വാങ്ങാതിരുന്നവരില്‍ അധികവും മലയാളികളാണ്. പൊതുവെ ഇന്ത്യക്കാര്‍ പ്രതീക്ഷിച്ചിരുന്നത് രാജാവ് ഈ ഉത്തരവ് റദ്ദാക്കുമെന്നായിരുന്നു. കമ്മിയും മിച്ചവുമില്ലാത്ത ഒരു ബജറ്റ് 2020 ല്‍ യാഥാര്‍ഥ്യമാക്കാന്‍ പല നീക്കങ്ങളും ഉണ്ടാകുമെന്ന് സര്‍ക്കാര്‍ വളരെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ ലെവി ഇരുട്ടടിയായി പോയെന്ന പ്രവാസി വിലാപത്തില്‍ വലിയ അര്‍ഥമില്ല. 

ആശ്രിത ലെവി ഇന്ത്യക്കാര്‍ക്ക് മാത്രമല്ല സൗദിയില്‍ ജോലി ചെയ്യുന്ന എല്ലാ വിദേശികള്‍ക്കും ബാധകമാണ്.  ലെവി പ്രാബല്യത്തില്‍ വന്നതിനു ശേഷം കുടുംബങ്ങളെ ഫൈനല്‍ എക്‌സിറ്റില്‍ വിടാനും നിശ്ചിത ഫീസ് ഈടാക്കുന്നുണ്ട്. അതേസമയം ജൂലായ് ഒന്നിനു മുമ്പ് റീ എന്‍ട്രി അടിച്ചിട്ടുള്ള ആശ്രിതര്‍ക്ക് ലെവി അടക്കാതെ നാട്ടില്‍ പോകാം. ഇവര്‍ റീ എന്‍ട്രി കാലാവധി തീര്‍ന്ന് സൗദിയില്‍ തിരിച്ചെത്തി ഇഖാമ പുതുക്കുമ്പോള്‍ ലെവി നല്‍കണം. 

വിരഹവും വേര്‍പിരിയലും ഒഴിവാക്കാന്‍ മാത്രമല്ല പല പ്രവാസികളും കുടുംബത്തെ കൊണ്ടുവരുന്നത്. നിരവധി കാരണങ്ങളുണ്ട്. നാട്ടില്‍ സ്വന്തമായി വീടില്ലാത്തവരും ഈ കൂട്ടത്തിലുണ്ട്. വീടു പണി നടക്കുന്നവരും അതു പൂര്‍ത്തിയാകാന്‍ കാത്തു നില്‍ക്കുന്നവരുമുണ്ട്. വെറുതെ സുഖിക്കാന്‍ വേണ്ടി മാത്രമാണ് കുടുംബത്തെ കൂടെ നിര്‍ത്തുന്നതെന്ന ധാരണ തെറ്റാണ്. ലെവി പ്രാബല്യത്തിലായതിന്റെ തൊട്ടടുത്ത ദിവസം വാട്‌സ്ആപ്പിലൂടെ പ്രചരിച്ച ഒരു ഓഡിയോ ക്ലിപ്പില്‍ ഒരാള്‍ കുടുംബങ്ങളെ കൊണ്ടുവരുന്നവരെ പരിഹസിക്കുന്നതു കേട്ടു. ഇതിനു തക്ക മറുപടിയും പ്രചരിച്ചു. രണ്ടും വൈറലായി. മനഃശാസ്ത്രപരമായ നിരവധി കാരണങ്ങള്‍ കുടുംബത്തെ ഇവിടെ ചേര്‍ത്ത് നിര്‍ത്തുന്നതിനു പിറകിലുണ്ട്. വേണ്ടത്ര പഠനം നടക്കാത്ത ഒരു മേഖലയാണ് ഇത്. ലെവി നിരവധി പ്രവാസികളെ ഇവിടം വിട്ടു പോകാന്‍ നിര്‍ബന്ധിതരാക്കുമെന്ന കാര്യത്തില്‍ പക്ഷെ സംശയമില്ല. തീര്‍ച്ചയായും ഇത് അധിക ബാധ്യതയും കുടുംബ ബജറ്റിനെ കശക്കിയെറിയുന്നതുമാണ്. അതേസമയം സര്‍ക്കാരിന് അവരുടെ തീരുമാനം നടപ്പാക്കിയെ പറ്റു. കുറെ പ്രവാസി കുടുംബങ്ങള്‍ പ്രതിസന്ധിയിലാകുമെന്ന പറഞ്ഞ് ഇതു പിന്‍വലിക്കാന്‍ അവര്‍ക്ക് സാധിക്കില്ല. മാത്രവുമല്ല മറ്റ് പല രാജ്യങ്ങളും ആശ്രിത ലെവി ഈടാക്കുന്നുമുണ്ട്. ഇത് ലോകത്ത് ആദ്യമായി സൗദി അറേബ്യ പ്രഖ്യാപിച്ച നിയമമല്ല. ഓരോ രാജ്യവും അതതു രാജ്യങ്ങളിലെ ബജറ്റിന്റെ സന്തുലിതാവസ്ഥ നില നിര്‍ത്താന്‍ ചില തീരുമാനങ്ങള്‍ കൈക്കൊള്ളും. പ്രവാസികള്‍ മുന്‍ കരുതല്‍ എടുക്കാന്‍ ബാധ്യസ്ഥരാണ്. സൗദിയില്‍ 22 ലക്ഷത്തോളം ആശ്രിതരുണ്ടെന്നാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പറയുന്നത്. എന്നാല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ കണക്കു പ്രകാരം ഇതിലും കൂടുതല്‍ ആശ്രിതര്‍ രാജ്യത്തുണ്ട്. ഏതായാലും ഇവര്‍ ഒറ്റയടിക്ക് രാജ്യം വിട്ട് പോകാന്‍ പോകുന്നില്ല. കുറഞ്ഞ ശമ്പളം വാങ്ങുന്നവര്‍ മാത്രമെ തല്‍ക്കാലം കുടുംബത്തെ നാട്ടില്‍ അയക്കാനുള്ള തീരുമാനം എടുക്കു. അടുത്ത ഘട്ടത്തില്‍ പക്ഷെ സ്ഥിതി മാറും. അതായത് 2019 ല്‍ കേരളത്തിലേക്ക് പ്രവാസികുടുംബങ്ങളുടെ കാര്യമായ ഒഴുക്ക് പ്രതീക്ഷിക്കാം. ചിലപ്പോള്‍ ഇത് അടുത്ത വര്‍ഷംമുതല്‍ തന്നെ തുടങ്ങിയേക്കാം. 

ഇതു കുടുംബങ്ങളുടെ കാര്യം. അത് യാഥാര്‍ഥ്യവുമാണ്. ഇതിന്റെ ചുവടു പിടിച്ച് പ്രവാസികളുടെ നെഞ്ചിടിപ്പ് താളം തെറ്റിക്കുന്ന ഒരു വ്യാജ വാര്‍ത്തയും ഈ അടുത്ത ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ഇഖാമ പുതുക്കുന്നതിനുള്ള പ്രായ പരിധിയുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്ത പ്രവാസികളെ കടുത്ത ആശങ്കയിലാക്കി. തൊഴില്‍ മേഖലയെ യുവത്വം കൊണ്ട് ഉൂര്‍ജ്വസ്വലമാക്കാനും അതുവഴി കൂടുതല്‍ ക്രിയാത്മകമാക്കാനും നിലവിലെ ഇഖാമ പുതുക്കല്‍ പ്രായ പരിധി 60 വയസില്‍ നിന്ന് 45 ആയി ചുരുക്കുന്നുവെന്ന വ്യാജ വാര്‍ത്തയാണ് പ്രവാസി സമൂഹത്തെ ആകെ അങ്കലാപ്പിലാക്കിയത്. ഇവിടെ നിന്നു കൂടി അച്ചടിക്കുന്ന നാട്ടിലെ ഒരു പത്രം ഗള്‍ഫ് എഡിഷനില്‍ ഇതു വന്‍ വാര്‍ത്തയാക്കി കൊടുത്തു. പന്ത്രണ്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ രാജ്യം വിടേണ്ടി വരുമെന്നും ഇവര്‍ അടിച്ചു വിട്ടു. നിലവില്‍ 30 ലക്ഷം ഇന്ത്യക്കാരാണ് സൗദിയില്‍ ജോലി ചെയ്യുന്നത്. ഇതില്‍ നിന്ന് 12 ലക്ഷം നാട്ടില്‍ തിരിച്ചെത്തിയാല്‍ എന്തായിരിക്കും അവസ്ഥ? നടന്‍ ദിലീപിന്റെ അറസ്റ്റ് ആഘോഷിക്കുന്ന തിരക്കില്‍ ഈ വ്യാജ വാര്‍ത്ത നമ്മുടെ മുഖ്യധാരാ ദൃശ്യ മാധ്യമങ്ങള്‍ ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ കേരളം ആകെ മൗനത്തിലേക്കും കടുത്ത ആശങ്കയിലേക്കും പതിക്കുമായിരുന്നു. ഒരു അന്തി ചര്‍ച്ചക്കുള്ള വകുപ്പുണ്ടായിരുന്നു.

ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ കടുത്ത നിയമം പ്രഖ്യാപിച്ചിട്ടും ലെവി പോലും പിന്‍വലിച്ചെന്ന വ്യാജ വാര്‍ത്ത ഒരു പ്രമുഖ അറബ് പത്രത്തിന്റെ മാസ്റ്റര്‍ ഹെഡ് സഹിതം പ്രചരിപ്പിച്ചവര്‍ 45 വയസിന്റെ പ്രായ പരിധി വാര്‍ത്തയും സോഷ്യല്‍ മീഡിയ വഴിയും ചില പത്രങ്ങള്‍ വഴിയും പ്രചരിപ്പിച്ചു. നാട്ടിലെ ഒരു പത്രവും ഇതു ലീഡ് ചെയ്തിരുന്നു. ഭാഗ്യം അത് അത്രക്കൊന്നും പ്രചാരമുള്ള പത്രമായിരുന്നില്ല. ഒടുവില്‍ ഇതു വ്യാജ വാര്‍ത്തയാണെന്ന് ഇവിടെ നിന്ന് മാത്രം പ്രസിദ്ധീകരിക്കുന്ന മലയാള പത്രത്തില്‍ വാര്‍ത്ത വരേണ്ടി വന്നു ആശങ്ക നീങ്ങാന്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com