നിലപാട് മാറ്റാതെ ഖത്തറുമായി ചര്‍ച്ചയ്ക്കില്ല: യുഎഇ

രാജ്യത്തെ അഭിസംബോധന ചെയ്ത ഖത്തര്‍ അമീര്‍ തങ്ങളുടെ നിലപാട് മാറ്റുകയല്ല, പഴയ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് യുഎഇ
നിലപാട് മാറ്റാതെ ഖത്തറുമായി ചര്‍ച്ചയ്ക്കില്ല: യുഎഇ

അബുദാബി: നിലപാട് മാറ്റാതെ ഖത്തറുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഉപരോധ രാഷ്ട്രങ്ങളില്‍ ഒന്നായ യുഎഇ. രാജ്യത്തെ അഭിസംബോധന ചെയ്ത ഖത്തര്‍ അമീര്‍ തങ്ങളുടെ നിലപാട് മാറ്റുകയല്ല, പഴയ നിലപാട് ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടു.

പ്രതിസന്ധി ഉടലെടുത്ത ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി തങ്ങളുടെ പരമാധികാരം മാനിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് പ്രഖ്യാപിച്ചിരുന്നു. 

ചര്‍ച്ചകള്‍ വളരെ പ്രധാനമാണ് പക്ഷെ, ഖത്തര്‍ അതിന്റെ നിലപാടുകള്‍ മാറ്റിയിട്ടില്ല. മറിച്ച് പഴയ നിലപാടുകള്‍ ആവര്‍ത്തിക്കുകയാണ് ചെയ്തതെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു. പഴയ അതേ നിലപാടുകള്‍ ആവര്‍ത്തിക്കുന്നത് പ്രതിസന്ധി രൂക്ഷമാക്കാനേ സഹായിക്കൂ. മാറിയ നിലപാടുകളില്‍ ഊന്നിയായിരിക്കണം ചര്‍ച്ച എന്നും അന്‍വര്‍ ഗര്‍ഗാഷ് കൂട്ടിച്ചേര്‍ത്തു. 

ഖത്തറിനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കണമെങ്കില്‍ തങ്ങള്‍ മുന്നോട്ടുവെച്ച 13 ഉപാധികള്‍ അംഗീകരിക്കണം എന്ന നിലപാടില്‍ നിന്ന് ഉപരോധ രാഷ്ട്രങ്ങള്‍ പിന്നോട്ടുപോകാന്‍ തയ്യാറായിട്ടില്ല. ഉപാധികള്‍ തങ്ങളുടെ പരാമാധികാരത്തയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണ് എന്ന നിലപാടില്‍ തന്നെയാണ് ഖത്തറും ഉറച്ചുനില്‍ക്കുന്നത്. അല്‍ജസീറ അടച്ചുപൂട്ടുക, ഹമാസിനെ സഹായിക്കുന്നത് അവസാനിപ്പിക്കുക, ഇറാനുമായുള്ള സഹകരണം അവസാനിപ്പിക്കുക ഇതൊക്കെയായിരുന്നു സൗദി നേതൃത്വം നല്‍കുന്ന ഉപരോധ രാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച ഉപാധികള്‍. എന്നാല്‍ ഖത്തര്‍ ഇതെല്ലാം ആദ്യംതന്നെ തള്ളിക്കളഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com