അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന് റിപ്പോര്‍ട്ടുകള്‍; സ്ഥിരീകരിക്കാതെ അറ്റ്‌ലസ് ഗ്രൂപ്പ്

ദുബായിലെ പ്രമുഖ അറബി വ്യവസായി ബാങ്കുകാരുമായും സര്‍ക്കാരുമായും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ മോചിതനായെന്നാണ് വാര്‍ത്തകള്‍
അറ്റ്‌ലസ് രാമചന്ദ്രന്‍ ജയില്‍ മോചിതനായെന്ന് റിപ്പോര്‍ട്ടുകള്‍; സ്ഥിരീകരിക്കാതെ അറ്റ്‌ലസ് ഗ്രൂപ്പ്

ദുബൈ: അറ്റ്‌ലസ് ഗ്രൂപ്പ് മേധാവി രാമചന്ദ്രന്‍ ജയില്‍ മോചിതനായതായി റിപ്പോര്‍ട്ടുകള്‍. ദുബായിലെ പ്രമുഖ അറബി വ്യവസായി ബാങ്കുകാരുമായും സര്‍ക്കാരുമായും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളെ തുടര്‍ന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ മോചിതനായെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ബര്‍ദുബായിലെ വസതിയിലുള്ള രാമചന്ദ്രന്‍ തന്റെ ആസ്തികളില്‍ ചിലത് വിറ്റ് കട ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അറ്റ്‌ലസ് ഗ്രൂപ്പിനെതിരെ പരാതി നല്‍കിയ ഭൂരിപക്ഷം ബാങ്കുകളും ഒത്തു തീര്‍പ്പിനു തയ്യാറായതോടെയാണ് രാമചന്ദ്രന്റെ മോചനം സാധ്യമായതെന്നാണ് റിപ്പോര്‍ട്ട്. ബാക്കിയുള്ള ബാങ്കുകളോട് കടങ്ങള്‍ വീട്ടാനുള്ള സാവകാശം തേടിയെന്നാണ് വിവരം. 

2015 ഓഗസ്റ്റ് 23 നാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ബാങ്കുകള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ ദുബായ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

2015 ഡിസംബര്‍ 11ന് ദുബായ് കോടതി രാമചന്ദ്രന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇതിന് പിന്നാലെ നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലായി.
അറ്റ്‌ലസ് രാമചന്ദ്രന്റെയും തന്റേയും ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞുകൊണ്ടുള്ള രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയുടെ വാര്‍ത്ത അടിത്തിടെ ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

22 ബാങ്കുകള്‍ ചേര്‍ന്നാണ് രാമചന്ദ്രന് വായ്പ അനുവദിച്ചിരുന്നത്. അതില്‍ 19 ബാങ്കുകള്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥയുമായി വഴങ്ങുമെന്നാണ് ഇന്ദിര പറഞ്ഞിരുന്നത്. എന്നാല്‍ 3 ബാങ്കുകള്‍ ഒരു തരത്തിലുളള ഒത്തുതീര്‍പ്പിനും വഴങ്ങുന്നില്ലെന്നും അതിനാല്‍ ആരെങ്കിലും കാര്യമായി സഹായിക്കാനെത്തിയാല്‍ രാമചന്ദ്രന്‍ പുറത്തിറങ്ങുകതന്നെ ചെയ്യുമെന്ന പ്രതീക്ഷയാണ് താനെന്നും അവര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com