വിരട്ടലുകള്‍ പ്രശ്‌നം തീര്‍ക്കില്ല;ഖത്തറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍

ഉപരോധം അവസാനിപ്പിക്കാനായി ഖത്തറിന് മുന്നില്‍വെച്ച ഉപാധികളില്‍ ഇറാനുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് സൗദിയും മറ്റ് അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു
വിരട്ടലുകള്‍ പ്രശ്‌നം തീര്‍ക്കില്ല;ഖത്തറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് ഇറാന്‍

ടെഹ്‌റാന്‍: ഖത്തറിനോടുള്ള സൗഹൃദം കൂടുതല്‍ ശക്തമാക്കുമെന്നും സൗദി നേൃത്വ അറബ് സഖ്യം ഖത്തറിന് മുകളില്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ എതിര്‍ക്കുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. ദോഹയുമായി കൂടുതല്‍ ബന്ധം വളര്‍ത്തുക എന്നതാണ് ഇറാന്റെ ലക്ഷ്യമെന്ന് അദ്ദേഹം ഖത്തര്‍ എമീര്‍ ഷേയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി യുമായി ഫോണില്‍ നടത്തിയ സംഭാഷണത്തില്‍ അറിയിച്ചു. ഖത്തര്‍ ഭരണകൂടത്തിനും ജനങ്ങള്‍ക്കുമൊപ്പം ഇറാന്‍ നിലകൊള്ളും,വിരട്ടലുകളും ഉപരോധങ്ങളും പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ നല്ല വഴിയല്ല. അദ്ദേഹം പറഞ്ഞു.

ഉപരോധം അവസാനിപ്പിക്കാനായി ഖത്തറിന് മുന്നില്‍വെച്ച ഉപാധികളില്‍ ഇറാനുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന് സൗദിയും മറ്റ് അറബ് രാജ്യങ്ങളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉപാധികള്‍ തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരത്തേയും സ്വാതന്ത്ര്യത്തേയും ഹനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഖത്തര്‍ അവ തള്ളുകയായിരുന്നു. അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടണം, തുര്‍ക്കിയുടെ സൈനിക താവളം ഖത്തറില്‍ നിന്ന് മാറ്റണം തുടങ്ങി 13 ഉപാധികളാണ് സൗദിയും കൂട്ടരും ഖത്തറിന് മുന്നില്‍വെച്ചത്. 


ജൂണ്‍ 5നാണ് സൗദി,യുഎഇ,ബഹ്‌റൈന്‍,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയത്. ഖത്തര്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം. 

സൗദി സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ചിരുന്നു. നിലവില്‍ ഇറാനുമായി അറബ് രാജ്യങ്ങളും അമേരിക്കയും സൗഹൃദത്തിലല്ല, ഈ സാഹചര്യത്തില്‍ അമേരിക്ക മുന്‍കൈയെടുത്താണ് അറബ് രാജ്യങ്ങളെക്കൊണ്ട് ഖത്തറിനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയതെന്നും തങ്ങളുമായി സൗഹൃദത്തിലുള്ള ഖത്തറിനേയും തങ്ങളില്‍ നിന്ന് അകറ്റാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഇറാന്‍ മാധ്യമങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com