അമേരിക്കന്‍ അനുഭവം: പൊതുജനം പലവിധം  

''വാഷിങ്ങ് മെഷീന്‍ കണ്ടുപിടിക്കും മുന്‍പാണ് എന്റെ ജനനം.' ''എന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്നറിയാമോ നിങ്ങള്‍ക്ക്? ഞാന്‍ ഒരിക്കലും വിവാഹം കഴിച്ചില്ല'
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ളയമകള്‍ കോളേജില്‍ പോകാന്‍ തയ്യാറെടുപ്പ് തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ താമസിക്കുന്ന വീട് വലുതാക്കാന്‍ നിശ്ചയിച്ചത്. പലരും അദ്ഭുതത്തോടെ നോക്കി. സാധാരണ കുട്ടികള്‍ വീട് വിട്ട് കഴിഞ്ഞാല്‍ മാതാപിതാക്കള്‍ വീട് വിറ്റ് ചെറിയ കോണ്ടമോണിയത്തിലേക്കു മാറുകയാണ് പതിവ്. എന്നെങ്കിലും വീട് വലുതാക്കണമെന്നു നിശ്ചയിച്ചാണ് വാങ്ങിയത്. എല്ലാം ഒത്തുവന്നത് അപ്പോഴാെണന്നു മാത്രം. അമേരിക്കയില്‍ ബ്‌ളൂകോളേര്‍സ്
എന്നു വിളിക്കുന്ന വര്‍ക്കിങ്ങ് ക്ലാസ് ആള്‍ക്കാരുമായി ഇടപഴകേണ്ടിവന്ന ഒരവസരമാണ്. അവരെന്നെ ചിരിപ്പിച്ചിട്ടുണ്ട്, കരയിപ്പിച്ചിട്ടുണ്ട്, അദ്ഭുതപരവശയാക്കിയിട്ടുണ്ട്. ''നിങ്ങള്‍ എന്തിനു നൈസര്‍സറായി പെരുമാറുന്നു? അതിന്റെ ആവശ്യമില്ല' എന്നു പറഞ്ഞിട്ടുണ്ട്. 
പണിക്കാരായ ഒരു സംഘം പുരുഷന്മാരുടെ കൂട്ടത്തില്‍ വിക്‌റ്റോറിയ എന്ന സ്ത്രീയും അവരുടെ ഭര്‍ത്താവ് പീറ്ററും ഉണ്ടായിരുന്നു. അവര്‍ മറ്റു പുരുഷന്മാരോടൊപ്പം പുരപ്പുറത്ത് കയറി, ഘനമുള്ള പലകകള്‍ ചുമന്നു, പുഷ്പംപോലെ ഏണി പൊക്കിയെടുത്തു. എന്റെ ഭര്‍ത്താവ് ഒരു ദിവസം അവരുടെ ഏണി പൊക്കിയെടുക്കാന്‍ നോക്കിയിട്ട് സാധിച്ചില്ല. ഏണി എങ്ങനെ എടുക്കണമെന്നു പഠിപ്പിച്ചത് അവരാണ്. അവര്‍ പീറ്ററിനെ വിവാഹം ചെയ്യും മുന്‍പ് പട്ടാളത്തിലായിരുന്നു. എന്റേതും നിന്റേതും നമ്മുടേതുമായി അഞ്ചാറു കുട്ടികളുണ്ട്. അതില്‍ ഒരു പയ്യന്‍ ഡ്രഗ് ഇടപാട് മൂലം ജയിലിലായിരുന്നു. ഒരു മകള്‍, ചെറിയ കുട്ടി പരസ്യങ്ങളില്‍ അഭിനയിക്കുന്നു. വീടിന്റെ ജിപ്‌സം ബോര്‍ഡ് ഭിത്തികള്‍ തീര്‍ക്കുകയാണ് അവരുടെ സ്‌പെഷ്യാലിറ്റി. ദിവസവും ജോലിക്കു ശേഷം അവര്‍ ബാത്ത്‌റൂമില്‍ കയറി ഇട്ടിരിക്കുന്ന കുമ്മായം പിടിച്ച വസ്ത്രങ്ങള്‍ മാറും. പാവാടയും ബ്‌ളൗസും ഇട്ട് ഹൈഹീല്‍സ് ധരിച്ച് മേക്കപ്പിട്ട്, മുടിയഴിച്ചിട്ട് ഗ്‌ളാമറസ്സായിത്തീരും. സെയില്‍സ് ഗേളായി അടുത്ത ജോലിക്ക് പോകാനുള്ള പുറപ്പാടാണ്. ഇത്രയും കുട്ടികളില്ലേ? എല്ലാത്തിനേയും വളര്‍ത്തിയെടുക്കേണ്ടേ? അപ്പോള്‍ അവരുടെ വരുമാനം വച്ചു നോക്കുമ്പോള്‍ രണ്ട് ജോലിയില്ലാതെ ഞെരുക്കമായിരിക്കും.


അമേരിക്കയില്‍, ക്രിസ്മസ്സിനേക്കാളും ഉപരിയായി കൊണ്ടാടുന്ന കുടുംബദിവസമാണ് താങ്ക്‌സ്ഗിവിങ്ങ്. ഇംഗ്‌ളണ്ടില്‍നിന്നു കുടിയേറിപ്പാര്‍ത്ത പില്‍ഗ്രിംസ് ആദ്യത്തെ വിളവെടുപ്പിന്റെ നന്ദി പ്രകടിപ്പിക്കാന്‍ റെഡ് ഇന്ത്യന്‍സുമായി നടത്തിയ ഡിന്നറിന്റെ ഓര്‍മ്മയ്ക്കായി താങ്ക്‌സ്ഗിവിങ്ങ് എല്ലാ വര്‍ഷവും നടത്തിവരുന്നു. നമ്മുടെ ഓണംപോലെ ഒരു വിളവെടുപ്പ് ഉത്സവം. ആ സമയം സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫ്രോസണ്‍ ടര്‍ക്കിയും ഫ്രഷ് ടര്‍ക്കിയും വന്നുചേരും. 'പൈ' എന്ന മധുരപലഹാരവും വളരെ പ്രധാനമാണ്, ആപ്പിള്‍ പൈ, പമ്പ്കിന്‍ പൈ, പിക്കാന്‍ പൈ അങ്ങനെ പോവും. 
താങ്ക്‌സ്ഗിവിങ്ങിന്റെ തലേ ദിവസം എയര്‍പോര്‍ട്ടുകളില്‍ നല്ല തിരക്കായിരിക്കും. ഹൈവേയിലും ഇതുതന്നെ കഥ. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും കുറച്ചു ദിവസത്തെ അവധിയായിരിക്കും. ഒരു സുഹൃത്ത് വര്‍ഷങ്ങളായി നടത്തുന്ന താങ്ക്‌സ്ഗിവിങ്ങ് ഡിന്നറില്‍ ഞങ്ങള്‍ പങ്കുചേര്‍ന്നു സുഹൃത്തുക്കളുമായി അര്‍മാദിച്ചു ചൂടുപിടിച്ചു വീട്ടിലിരിക്കും. ട്രോപ്പിക്ക്‌സില്‍ ജനിച്ചതു നമ്മുടെ കുഴപ്പമാണോ? ആ സമയം നല്ല തണുപ്പായിരിക്കും. വിന്ററിന്റെ തുടക്കമാണ്.


പീറ്ററും വിക്‌ടോറിയയും താങ്ക്‌സ്ഗിവിങ്ങിന്റെ അന്നു ചെയ്യുന്ന കാര്യം കേട്ടപ്പോള്‍ അദ്ഭുതം തോന്നി. അവര്‍ രണ്ട് ടര്‍ക്കി വാങ്ങും. ക്യാരറ്റും പൊട്ടറ്റോയുമിട്ട് ആ ടര്‍ക്കികളെ സൂപ്പാക്കി മാറ്റും. എന്നിട്ട് ചൂടുള്ള സൂപ്പ് നിറച്ച പാത്രങ്ങള്‍ ട്രക്കിന്റെ പുറകില്‍വെച്ചു തണുപ്പും സഹിച്ച് സൂപ്പ് തീരുംവരെ ഹോംലെസ്‌സ് ആള്‍ക്കാര്‍ക്കു വിതരണം ചെയ്യും. അപ്പോള്‍ മലയാളി ആണുങ്ങള്‍ പാര്‍ട്ടിയില്‍ രണ്ടാമത്തെ സ്‌കോച്ച് കുടിക്കയാവും. നേരത്തെ ഭക്ഷിക്കുന്ന സായിപ്പിനെ 'പൈകള്‍' മാടി വിളിക്കയാവും. തങ്ങളുടെ ഇല്ലായ്മയില്‍നിന്നു മറ്റുള്ളവരുടെ ഇല്ലായ്മ പീറ്ററും ഭാര്യയും അറിയുന്നു.
പണിക്കാരുടെ കൂട്ടത്തില്‍ എഡി എന്നൊരു പയ്യനുണ്ടായിരുന്നു. ജീവിതമാര്‍ഗ്ഗം തേടി സ്‌പെയിനില്‍നിന്നു വന്നതാണ്. അയാള്‍ക്ക് എന്റെ മൂത്തമകളുടെ പ്രായമേയുള്ളു. അവളപ്പോള്‍ കോളേജില്‍ മൂന്നാം വര്‍ഷം പഠിക്കയാണ്. ഒരു ദിവസം ലഞ്ച് സമയം ഒന്നും കഴിക്കാതെ അവിടൊക്കെ ചുറ്റിപ്പറ്റി നിന്നിട്ട് വീണ്ടും പണി തുടങ്ങുന്നതു കണ്ടു. ഞാന്‍ കാര്യം അന്വേഷിച്ചപ്പോഴാണ് അറിയുന്നത് എഡി ഒരിക്കല്‍ വിവാഹിതനും രണ്ട് വയസ്സുള്ള ഒരു കുട്ടിയുടെ അച്ഛനാണെന്നും. ഇപ്പോള്‍ ഡിവോഴ്‌സാണ്. കോര്‍ട്ട് ഓര്‍ഡര്‍ പ്രകാരം കുട്ടിക്കു ചെലവിനുള്ള പണം കൊടുക്കണം. നിത്യവേതനക്കാരനായ എഡിക്കു ദിവസവും പണി കിട്ടിയില്ലെങ്കില്‍ കുട്ടിക്കു ചെലവിനുള്ള പണം കൊടുത്തുകഴിഞ്ഞാല്‍ ചിലപ്പോള്‍ കയ്യില്‍ ലഞ്ച് വാങ്ങാന്‍പോലും പൈസ കാണില്ല. കേട്ടപ്പോള്‍ സഹതാപം തോന്നി. ഒരു സാന്‍വിച്ച് ഉണ്ടാക്കിക്കൊടുത്തു. അന്നു മുതല്‍ എഡി ലഞ്ച് കൊണ്ടുവന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടത് എന്റെ കടമയായി ഞാന്‍ കണ്ടു.


അവരുടെ കൂട്ടത്തില്‍ ഒരു മെയിന്‍ കാര്‍പ്പെന്റര്‍ ഉണ്ടായിരുന്നു. വെളിവുള്ളപ്പോള്‍ നല്ല പണിക്കാരനാണ്. എന്നെക്കാളും നീണ്ട മുടി പോണിടൈലില്‍ ആയിരിക്കും. ചില ദിവസങ്ങളില്‍ വരാതിരിക്കുമ്പോള്‍ വിളിച്ചുവരുത്തിയാല്‍ ഏണിയില്‍ നില്‍ക്കുമ്പോള്‍ കാലുറക്കില്ല. അങ്ങനത്തെ ഒരു ദിവസം മാറിപ്പിടിപ്പിച്ച കതകുകള്‍ ഒന്ന് ഇപ്പോഴും ശല്യം തരുന്നു. ഒരു ട്രാന്‍സിസ്റ്റര്‍ റേഡിയോയും പോണിടൈലും കൂളിങ്ങ് ഗ്‌ളാസുമായി എന്നും ജോലിക്കു വന്നിരുന്ന അയാള്‍ ഒരു ക്യാരക്ടര്‍ ആയിരുന്നു.
ആ വര്‍ഷത്തെ ശീതകാലത്ത് അടുക്കളയില്‍ ഒരു ഭിത്തിക്കു പകരം ഒരു പ്‌ളാസ്റ്റിക്ക് ഷീറ്റായിരുന്നു കുറച്ചുദിവസത്തേക്ക്. തണുപ്പത്രയും അടുക്കളയില്‍ അനുഭവപ്പെട്ടു. പാചകം ചെയ്യെണ്ടന്നു തീരുമാനമെടുത്ത ദിവസങ്ങള്‍. സാധാരണ ഞങ്ങളുടെ വീട്ടില്‍ നടത്താറുള്ള ക്രിസ്മസ് പാര്‍ട്ടി, ഞങ്ങളുടെ സുഹൃത്തുക്കളെ നിരാശപ്പെടുത്തി ആദ്യമായി ആ വര്‍ഷം നടന്നില്ല. 


രണ്ടുമാസം കൊണ്ട് തീര്‍ക്കാമെന്നു സമ്മതിച്ചു ഹൈസ്‌കൂള്‍ ഗ്രാജുവേഷന്റെ അന്നു തുടങ്ങിയ പണി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന മകളുടെ ഗ്രാജുവേഷന്‍ സമയമായപ്പോഴേക്കും ഗ്രാജുവേഷന്‍ പാര്‍ട്ടി നടത്താന്‍ പാകത്തില്‍ തീര്‍ന്നു. ഇതിനിടയില്‍ ആദ്യത്തെ സെറ്റ് ജോലിക്കാര്‍ കോണ്‍ട്രാക്ടറെ ഉപേഷിച്ചു പോയി. ആര്‍ക്കിറ്റെക്റ്റിനു കടലാസ്സില്‍ പ്‌ളാന്‍ വരക്കാന്‍ എളുപ്പമായിരുന്നു. നിഘണ്ടുവില്‍ ഇല്ലാത്തതും ഇംഗ്‌ളീഷ് ഭാഷയില്‍ ഉപയോഗിക്കുന്നതുമായ എല്ലാ ചീത്തവാക്കുകളും ഈ ജോലിക്കാരില്‍നിന്നും കേട്ടു.


കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് എക്‌സ്‌ചേഞ്ച് ക്‌ളബിന്റെ പിക്‌നിക്കില്‍ വച്ചു പ്രായമുള്ള ഒരു സ്ത്രീയെ പരിചയപ്പെടാനിടയായി. ഫാര്‍മക്കോളജിയില്‍ പി.എച്ച്ഡി ഉണ്ട്. അല്‍ഷിമേഴ്‌സ് സംബന്ധിച്ച എന്തോ റിസര്‍ച്ച് ചെയ്യുകയാണ്. ലേക്കിന്റെ തീരത്തുള്ള ഒരു വീട്ടില്‍ വെച്ചാണ് പിക്‌നിക്ക്. എന്തെങ്കിലും ഭക്ഷണം ബാര്‍ബിക്യു ഗ്രില്ലില്‍ എപ്പോഴും വേവുന്നുണ്ടാകും. പലവിധത്തിലുള്ള മധുരപലഹാരങ്ങള്‍ വേറെയും. ഞങ്ങള്‍ ലേക്കില്‍ നീന്തുന്ന കുട്ടികളെ നോക്കാനെന്ന വ്യാജേന ഇരിക്കുമ്പോള്‍ ഈ സ്ത്രീ അവിടെയെല്ലാം ഊര്‍ജസ്വലതയോടെ നടന്നു. അവര്‍ക്ക് എന്തു പ്രായമുണ്ടെന്ന് ഊഹിക്കാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു. ഞങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിച്ചില്ല, അവസാനം ഡ്രൈവേര്‍സ് ലൈസന്‍സ് കാട്ടിത്തന്നു. 1899-ല്‍ ആണ് ജനനം. കഴിഞ്ഞ സെഞ്ചുറിയില്‍ ജനിച്ച ആളാണ്. ''വാഷിങ്ങ് മെഷീന്‍ കണ്ടുപിടിക്കും മുന്‍പാണ് എന്റെ ജനനം.' ''എന്റെ ആരോഗ്യത്തിന്റെ രഹസ്യം എന്താണെന്നറിയാമോ നിങ്ങള്‍ക്ക്? ഞാന്‍ ഒരിക്കലും വിവാഹം കഴിച്ചില്ല' അവര്‍ ചിരിച്ചുകൊണ്ട് എല്ലാവരോടുമായി പറഞ്ഞു. തുണി കൈകൊണ്ട് നനക്കുന്നതൊരു വലിയ സംഭവമാണിവിടെ. പഴയകാലം കാണിക്കുന്ന സിനിമകളിലൊക്കെ കൈകൊണ്ട് തുണി കഴുകുന്നതു കാണിക്കും. ഗോ ഗ്രീന്‍കാര്‍ പുറത്തു വിരിച്ചു തുണി ഉണങ്ങുന്നതിനെ പ്രോല്‍സാഹിപ്പിക്കുമെങ്കിലും ചില നയ്ബര്‍ഹുഡില്‍ ബാഹ്യസൗന്ദര്യത്തെ ബാധിക്കുമെന്ന കാരണത്താല്‍ അതു നിഷിദ്ധമാണ്. ഞങ്ങളുടെ നയ്ബര്‍ഹുഡില്‍ ആറിഞ്ചില്‍ കൂടുതല്‍ വ്യാസമുള്ള മരങ്ങള്‍ വെട്ടും മുന്‍പായി ടൗണിനെ അറിയിക്കണമെന്നാണ് നിയമം, ആരും അതു പാലിക്കാറില്ലെങ്കിലും. ക്‌ളബ് ആവശ്യത്തിനു സാമൂഹ്യ പ്രവൃത്തികള്‍ നടത്തുന്നില്ല എന്ന കാരണത്താല്‍ ആ സ്ത്രീ ക്‌ളബ് വിട്ടു എന്നു കേട്ടു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ആവരുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചു. അവര്‍ക്കപ്പോള്‍ നൂറില്‍പ്പരം വയസ്സുണ്ടായിരുന്നു. 


നാട്ടില്‍നിന്നു വന്നു പുതുമ മാറാത്ത ഞാന്‍ ഒരു എന്‍ജിനീയറിങ്ങ് ഫേമില്‍ ജോലി ആരംഭിച്ചു. ആ കാലങ്ങളില്‍ നാടിന്റെ നിഷ്‌കളങ്കത കൂട്ടിനുണ്ടായിരുന്നു. പുരുഷന്മാരെപ്പോലെ വേഷം ധരിച്ചു വരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നവിടെ. വളരെ നീളം കുറച്ചു വെട്ടിയിരിക്കുന്ന മുടി. അവര്‍ ഹാന്‍ഡ്ബാഗ് കൊണ്ടുനടക്കാറില്ല. ചെറിയൊരു പേഴ്‌സ് പോക്കറ്റില്‍ തിരുകും. ഒരിക്കല്‍ സംസാരത്തിനിടയില്‍ ഒരു സ്ത്രീയുമായി വീട് ഷെയര്‍ ചെയ്യുന്നുവെന്നു പറഞ്ഞപ്പോള്‍ അപാകതയൊന്നും തോന്നിയില്ല. ഒരു പെണ്‍ റൂംമേറ്റ് ഉള്ളതില്‍ അസാധാരണത്വം ഒന്നും കണ്ടില്ല. അവിടെ ഉണ്ടായിരുന്ന ഒരു സെക്രട്ടറിയുടെ സൗന്ദര്യത്തെക്കുറിച്ച് എപ്പോഴും അവര്‍ വര്‍ണ്ണിച്ചുകൊണ്ടിരുന്നു. ആയിടക്ക് എന്റെ ആദ്യത്തെ കുട്ടി ജനിക്കാന്‍ പോവുന്നതു പ്രമാണിച്ചു ഞാന്‍ കമ്പനി വിട്ടു. കുട്ടി ജനിച്ചപ്പോള്‍ അവര്‍ കാണാന്‍ വന്നോട്ടെ എന്നു ചോദിച്ചു. ഒരു ഗിഫ്റ്റുമായാണ് വന്നത്. സാധാരണ ഗിഫ്റ്റ് തന്നാലുടന്‍ അതു തന്നയാളിന്റെ മുന്നില്‍ വച്ചു തുറക്കുകയും തന്നയാളിനു നന്ദി പറയുകയും ചെയ്യുന്നു. അന്ന് എന്തുകൊണ്ടോ ഗിഫ്റ്റ് തുറക്കാന്‍ സാധിച്ചില്ല. അവരുമായി സംസാരിച്ചിരിക്കുമ്പോള്‍ ''ഞാനൊരു ലസ്ബിയന്‍ ആണെന്നു നിങ്ങള്‍ക്ക് അറിയരുതോ' എന്ന് എന്നോടൊരു ചോദ്യം. ഞാന്‍ അന്ധാളിച്ചു. വിറക്കുന്ന സ്വരത്തില്‍ ''ങാ' എന്നു മൂളിയത് ഓര്‍മ്മയുണ്ട്. മുന്നില്‍ ഇരിക്കുന്നത് ഒരു ഭീകരജീവിയാണെന്നും ഏതു നിമിഷവും അത് എന്നെ ആക്രമിച്ചേക്കുമെന്നും ഞാന്‍ ഭയന്നു. കുറച്ചുസമയം ഇരുന്നിട്ട് അവര്‍ പോയി. ഞാന്‍ ഗിഫ്റ്റ് തുറന്നുനോക്കി. പൂച്ചക്കുട്ടികള്‍ക്കുള്ള സ്‌പോഞ്ച് ബോളുകളാണ്. ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളില്‍ 'പെറ്റ്' സെക്ഷന്‍ ദൂരെയാണ്. അവര്‍ എങ്ങനെ അവിടെ എത്തിയെന്നും ഗിഫ്റ്റ് വാങ്ങിെയന്നും യാതൊരു അറിവുമില്ല. അവരെ പിന്നീട് ഞാനൊട്ട് കണ്ടിട്ടുമില്ല. അന്നത്തെ എന്റെ കുട്ടികള്‍ വളര്‍ന്നു. അവരുടെ കൂട്ടുകാരില്‍ ചിലര്‍ ലസ്ബിയന്‍ ആണ്. കുട്ടികള്‍ സ്ട്രയ്റ്റ് ആയതിന്റെ ബഹുമാനം അവരോട് കാട്ടുന്നുണ്ട്. അതില്‍ ചിലരുടെ വിവാഹം മാതാപിതാക്കള്‍ ആര്‍ഭാടമായി നടത്തി. ചിലര്‍ക്ക് ആര്‍ട്ടിഫിഷല്‍ ഇന്‍സിമിനേഷന്‍ വഴി കുട്ടികള്‍ ഉണ്ട്. അവരും മനുഷ്യര്‍ തന്നെ. പ്രകൃതി അവരെ അങ്ങനെ സൃഷ്ടിച്ചിരിക്കുന്നു എന്നുമാത്രം. ഒരിക്കല്‍ അവരെ ഭയപ്പെട്ട എന്റെ അജ്ഞതയോര്‍ത്തു ഞാനിന്നു ലജ്ജിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com