വിശപ്പടക്കാന്‍ മുതല്‍ ടോയ്‌ലറ്റ് പേപ്പറുകള്‍ക്കു വരെ ക്യൂ, ഷാവെസിന്റെ വെനസ്വേലയില്‍ സംഭവിക്കുന്നതെന്ത്?
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2017 02:38 PM |
Last Updated: 04th April 2017 05:20 PM | A+A A- |

കാരക്കാസ്: ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സോഷ്യലിസം വീണ്ടും ഇക്വഡോറില്‍ ലെനിന്‍ മൊറേനോയിലൂടെ വീല്‍ചെയറിലുരുണ്ട് വിജയിച്ചു കയറുമ്പേള്‍ മൊറേനോയുടെ മുന്‍ഗാമി റാഫേല്‍ കൊറേയയ്ക്ക് രാജ്യത്തില്‍ സോഷ്യലിസം കൊണ്ടുവരാന്‍ പ്രചോദനമായിരുന്ന ഒരു സോഷ്യലിസ്റ്റ് രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് അറിയുന്നത് നന്നാകും. ലോകമമെമ്പാടുമുള്ള ഇടത് ചേരിക്കാര്‍ ആവേശത്തോടെ മാത്രം ഓര്‍ക്കുന്ന ഹ്യൂഗോ ഷാവേസിന്റെ രാജ്യം വെനസ്വേലയുടെ കാര്യമാണ് പറഞ്ഞു വരുന്നത്. ഷാവേസിന്റെ നാട്ടില്‍ സോഷ്യലിസവും ജനാധിപത്യവും തകര്‍ന്നുകൊണ്ടിരിക്കുകായണ് എന്ന് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹെയിന്‍സ് ഡിറ്ററിച്ച എഴുതിയതും പറഞ്ഞതുമായ 21ാം നൂറ്റാണ്ടിന്റെ സോഷ്യലിസം എന്ന സങ്കല്‍പം ലാറ്റിനമേരിക്കയില്‍ പ്രാവര്‍ത്തികമാക്കി കൊടുത്ത അതേ ഹ്യൂഗോ ഷാവേസിന്റെ വെനസ്വേല. രാജ്യത്തെ ജനതയെ ഒരേപോലെ മൂന്നോട്ട് നയിക്കാന്‍ ശ്രമിച്ച ഷാവേസിന്റെ മരണശേഷം വെനസ്വേല അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. പട്ടിണിയുടേയും അരാജകത്വത്തിന്റേയും നടുവില്‍ പെട്ടുഴറുകായണ് വെനസ്വേല ഇപ്പോള്‍ എന്നാണ് പുറത്തു വരുന്ന വാര്‍ത്തകളും കണക്കുകളും സൂചിപ്പിക്കുന്നത്.
മോഡി ഇന്ത്യയില്‍ നോട്ട് നിരോധിച്ചതുപോലെ ഷാവേസിന്റെ പിന്‍ഗാമി നിക്കോളാസ് മഡുറോ നോട്ട് നിരോധിച്ചതും ബഹുജന പ്രക്ഷോഭം മൂലം ആ തീരുമാനം പിന്‍വലിച്ചതുമാണ് വെനസ്വേലയെപ്പറ്റി നമ്മള്‍ അവസാനം അറിഞ്ഞ വിവരങ്ങള്‍.2014ന് ശേഷം രാജ്യത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത് കനത്ത അരക്ഷിതാവസ്ഥയാണെന്ന് ലോകമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2013ല്‍ ഷാവേസിന്റെ മരണ ശേഷം അധികാരത്തിലെത്തിയ നിക്കോളാസ് മഡുറോ ഭരണകാര്യങ്ങളില്‍ പൂര്‍ണ്ണ പരാജയമായി എന്നാണ് വിലയിരുത്തല്‍. മഡുറോയുടെ ഭരണത്തിന് കീഴില്‍ സൈനിക സാന്നിധ്യം കൂടുതലായി. രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ പോലും സൈന്യത്തിന്റെ നിരീക്ഷണത്തിന്കീഴിലായി. സാമ്പത്തിക തകര്‍ച്ചയിലേക്ക് രാജ്യം കൂപ്പുകുത്തി.
എണ്ണ കയറ്റുമതിയാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ പിടിച്ചു നിര്‍ത്തിയിരുന്നത്. എന്നാല്‍ 2014ലെ എണ്ണവില തകര്‍ച്ചയ്ക്ക് ശേഷം സാമ്പത്തിക ഭദ്രത നേടിയെടുക്കാന്‍ രാജ്യത്തിനായില്ല. ഭക്ഷണ സാധനങ്ങളും അവശ്യമരുന്നുകളും ജനങ്ങളിലെത്തിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല. ഇതോടെ അവശ്യ സാധനങ്ങള്‍ റേഷനായി വിതരണം ചെയ്തു തുടങ്ങി. ഭക്ഷണ സാധനങ്ങല്‍ മുതല്‍ ടോയിലറ്റ് പേപ്പറുകള്‍ വരെ വാങ്ങാന്‍ ജനം ക്യൂ നില്‍ക്കേണ്ട സ്ഥിതിയായി.
കുറ്റകൃത്യങ്ങളും കൊലപാതകങ്ങളും ഇതുവരെ കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന തോതില്‍ എത്തി. 2016ല്‍ 27,479 പേരാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. ഇത് സര്‍ക്കാര്‍ കണക്കാണ്. അനൗദ്യോഗിക കണക്കുകള്‍ എടുത്താല്‍ ഇതിലും വലിയ സംഖ്യയാകും മുന്നില്‍ തെളിയുക.
മഡുറോയ്‌ക്കെതിരെ ശബ്ദമുയര്‍ത്തിയവരെല്ലാവരും ജയിലില്‍ അടയ്ക്കപ്പെടുകയുണ്ടായി. മഡുറോയുടെ കീഴില്‍ നടക്കുന്നത് പട്ടാളഭരണമാണെന്നും ഉദ്യോഗസ്ഥര്‍ നടത്തുന്നത് തികഞ്ഞ അഴിമതിയാണെന്നും ജനങ്ങള്‍ പറയുന്നു. എന്നാല്‍ താന്‍ ഷാവേസിന്റെ പാത പിന്തുടരുക മാത്രമാണ് ചെയ്യുന്നത് എന്നാണ് മഡുറോയുടെ വാദം.