കുല്‍ഭൂഷന്റെ വധശിക്ഷ; പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ മരവിപ്പിച്ച് ഇന്ത്യ 

അതിനിടെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ചാരന്മാരെന്ന് ആരോപിച്ച് 3 പേരെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു
കുല്‍ഭൂഷന്റെ വധശിക്ഷ; പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ മരവിപ്പിച്ച് ഇന്ത്യ 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷന്‍ ജാദവിന്റെ വിഷയത്തെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളെല്ലാം ഇന്ത്യ നിര്‍ത്തിവെച്ചു. 

തീര സുരക്ഷയുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മില്‍ ഏപ്രില്‍ 17ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ചര്‍ച്ചയില്‍ നിന്നും ഇന്ത്യ വെള്ളിയാഴ്ച പിന്മാറുകയായിരുന്നു. പത്താന്‍കോട്ട് വ്യോമസേന താവളത്തിലെ ആക്രമണത്തിനും, ഉറിയിലെ ഭീകരാക്രമണത്തിനും പിന്നാലെ വഷളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള നടപടിയായാണ് തീരദേശ സുരക്ഷയുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്താന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചിരുന്നത്. ഇതില്‍ നിന്നാണ് ഇന്ത്യയിപ്പോള്‍ പിന്മാറിയിരിക്കുന്നത്. 

അതിനിടെ ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗമായ റോയുടെ ചാരന്മാരെന്ന് ആരോപിച്ച് 3 പേരെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു. കുല്‍ഭൂഷന് വധശിക്ഷ വിധിച്ചതിന് പിന്നാലെയുള്ള ഇവരുടെ അറസ്റ്റ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കും. 

ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി ലക്ഷ്യം വെച്ച് വന്ന ഇന്ത്യയുടെ ചാരന്മാരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ അവകാശ വാദം. ഖാലി, ഇംതിയാസ്, റാഷിദ് എന്നീ മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് പാക്കിസ്ഥാന്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com