എട്ട് ഗ്രഹങ്ങളുള്ള മറ്റൊരു സൗരയൂഥം കൂടി; നമ്മുടേതിന് സമാനമായ സോളാര്‍ സിസ്റ്റം കണ്ടെത്തിയതായി നാസ

കെപ്ലര്‍ 90 എന്ന് പേരിട്ടിരിക്കുന്ന സോളാര്‍ സിസ്റ്റം 2,545 പ്രകാശവര്‍ഷം അകലെയാണ്
എട്ട് ഗ്രഹങ്ങളുള്ള മറ്റൊരു സൗരയൂഥം കൂടി; നമ്മുടേതിന് സമാനമായ സോളാര്‍ സിസ്റ്റം കണ്ടെത്തിയതായി നാസ

നമ്മുടെ സൗരയൂഥത്തിന് സമാനമായ മറ്റൊരു സോളാര്‍ സിസ്റ്റം നാസയുടെ കെപ്ലര്‍ സ്‌പേയ്‌സ് ടെലസ്‌കോപ്പിന്റേയും കൃത്രിമബുദ്ധിയുടേയും സഹായത്തില്‍ കണ്ടെത്തിയതായി യുഎസ് ബഹിരാകാശ ഗവേഷണകേന്ദ്രം പറഞ്ഞു. എട്ട് ഗ്രഹങ്ങളുള്ള സോളാര്‍ സിസ്റ്റമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഈ ഗ്രഹങ്ങളിലൊന്നും ജീവന്‍ ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് നാസ വ്യക്തമാക്കി. 

കെപ്ലര്‍ 90 എന്ന് പേരിട്ടിരിക്കുന്ന സോളാര്‍ സിസ്റ്റം 2,545 പ്രകാശവര്‍ഷം അകലെയാണ്. നമ്മുടെ സൗരയൂഥത്തെപ്പോലെ ഏറ്റവും ദൂരെയുള്ള ഗ്രഹത്തിനാണ് ഏറ്റവും വലിപ്പമുള്ളത്. നമ്മുടെ സൗരയൂഥത്തിന്റെ ചെറിയ പതിപ്പാണ് കെപ്ലര്‍-90 എന്ന് ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ബഹിരാകാശ ഗവേഷകനായ ആന്‍ഡ്രൂ വെന്‍ഡര്‍ബെര്‍ഗ് പറഞ്ഞു. ചെറിയ ഗ്രഹങ്ങള്‍ അകത്തും വലുത് പുറത്തുമാണ് എന്നാല്‍ ഗ്രഹങ്ങള്‍ തമ്മിലുള്ള അകലം കുറവാണെന്നും അദ്ദേഹം പറയുന്നു. 

പുതിയതായി കണ്ടെത്തിയ കെപ്ലര്‍-90ഐ ഭൂമിയുടേത് പോലെ പാറയിലുള്ളതാണ്. എന്നാല്‍ അതിന്റെ നക്ഷത്രത്തെ വലം വെക്കുന്നത് 14.4 ദിവസം എടുത്താണ്. അതായത് കെപ്ലര്‍-90ഐയുടെ ഒരു വര്‍ഷം എന്ന് പറയുന്നത് ഭൂമിയിലെ രണ്ടാഴ്ചയാണ്. കെപ്ലറിന്റെ പുറംഭാഗം വളരെ ചൂടുള്ളതായിരിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ഏകദേശം 426 ഡിഗ്രി സെല്‍ഷ്യസ് വരും അവിടുത്തെ താപനില. 

ഗുഗിളിന്റെ സഹായത്തോടെയുള്ള മെഷീനിലൂടെയാണ് നാസ കണ്ടുപിടുത്തം നടത്തിയത്. നാസയുടെ കെപ്ലര്‍ സ്‌പെയ്‌സ് ടെലസ്‌കോപ്പ് ശേഖരിക്കുന്ന പ്ലാനറ്ററി സിഗ്നല്‍സ് വിലയിരുത്തിയാണ് പുതിയ സോളാര്‍ സിസ്റ്റം കണ്ടെത്തിയിരിക്കുന്നത്. നക്ഷത്രത്തിന് മുന്നിലൂടെ ഗ്രഹങ്ങള്‍ കടന്നുപോകുമ്പോള്‍ നക്ഷത്രത്തിന്റെ പ്രകാശം കുറയും. ഇതാണ് കെപ്ലര്‍ വിലയിരുത്തുന്നത്. 2009 ല്‍ ലോഞ്ച് ചെയ്ത കെപ്ലര്‍ സ്‌പേയ്‌സ് ടെലസ്‌കോപ്പ് ഇതിനോടകം 1,50,000 നക്ഷത്രങ്ങളെ നിരീക്ഷിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com