ആയാ; ഗാസയില്‍ നിന്നൊരു പെണ്‍ പോരാട്ട കഥ 

ആശുപത്രി കിടക്കയില്‍ കഴിയുമ്പോള്‍ അവളുടെ ആയുസ്സിന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത് കേവലം ഒരു വര്‍ഷത്തെ ദൈര്‍ഘ്യമായിരുന്നു.
ആയാ; ഗാസയില്‍ നിന്നൊരു പെണ്‍ പോരാട്ട കഥ 

ആയാ അബ്ദുള്‍ റഹ്മാന്‍ എന്ന യുവതി ഗാസയില്‍ പോരാട്ടത്തിലാണ്, ഇസ്രായേലിനോടോ പലസ്ഥീനോടോ അല്ല, കാന്‍സറിനോട്. അതും ചിത്രങ്ങളിലൂടെ. 2014ല്‍ 21-ാം വയസ്സില്‍ മാരകമായ 7 ട്യൂമറുകള്‍ ബാധിച്ച് ആശുപത്രി കിടക്കയില്‍ കഴിയുമ്പോള്‍ അവളുടെ ആയുസ്സിന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത് കേവലം ഒരു വര്‍ഷത്തെ ദൈര്‍ഘ്യമായിരുന്നു. എന്നാല്‍ ആയ തോറ്റു കൊടുക്കാന്‍ തയ്യാറായിരുന്നില്ല. അവളുടെ ഏറ്റവും വലിയ സ്വപ്‌നത്തിലേക്ക് അവള്‍ക്ക് പോകാതിരിക്കാന്‍ കഴിയുമായിരുന്നില്ല. ഒരു ചിത്രകാരിയാകുക. ആ ചിത്രങ്ങിളിലൂടെ തകര്‍ന്ന ഗാസയില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ കലാകാരി എന്ന പേര് നേടിയെടുക്കുക. 

വേദനയിലും ക്ഷീണത്തിലും തകര്‍ന്നുപോകാതെ  അവള്‍ അതിനായി പരിശ്രമിച്ചുകൊണ്ടേയിരുന്നു. തന്റെ പെയിന്റിങ്ങുകള്‍ ലോകത്തിന് മുന്നില്‍ കാട്ടാന്‍ കിട്ടിയ ഒരവസരവും അവള്‍ പാഴാക്കിയില്ല. ഗാസയില്‍ നിന്നവള്‍ ലോസ്സാഞ്ചല്‍സിലേക്കും മൊറോക്കൊയിലേക്കും ചിത്രങ്ങളുമായി സഞ്ചരിച്ചു. ചിത്രങ്ങളുമായി സഞ്ചരിക്കുക മാത്രമല്ല, കാന്‍സര്‍ ബാധിതരായി കഴിയുന്ന കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കി കൊടുക്കുകയും ചെയ്തു. യുവാക്കളെ നാടകവും അഭിനയവും പഠിപ്പിച്ചു. 

നീണ്ട ചികിത്സയ്ക്കും നിരന്തര ശസ്ത്രക്രിയകള്‍ക്കുമൊടുവില്‍ 2015ല്‍ ആയാ അബ്ദുള്‍ റഹ്മാന്‍ കാന്‍സറിന്റെ പിടിയല്‍ നിന്നും മോചിതയായി. അപ്പോഴേക്കും അവള്‍ ആഗ്രഹിച്ചത് പോലെ ലോക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞിരുന്നു. 2014നും 2015നും ഇടയില്‍ ആയയുടെ ചിത്രങ്ങള്‍ ലോസ് ആഞ്ചല്‍സ്, നോര്‍വേ, സ്വീഡന്‍, ബ്രിട്ടണ്‍ തുടങ്ങി പല രാജ്യങ്ങളിലും എഴുപതോളം പ്രദര്‍ശനങ്ങള്‍ നടത്തി. ആശുപത്രിക്കിടക്കയിലായപ്പോള്‍ അവളുടെ ചിത്രങ്ങളുമായി കൂട്ടുകാര്‍ രാജ്യങ്ങള്‍ തോറും സന്ദര്‍ശിച്ചു. ഇസ്രയേലിന്റെ ഉപരോധങ്ങള്‍ തകര്‍ത്തെറിഞ്ഞു കൊണ്ട് ഗാസയില്‍ നിന്നും ഒരു കാന്‍സര്‍ രോഗിയുടെ കലാ സൃഷ്ടികള്‍ ലോകമാകെ വ്യാപിച്ചു. ഒരുപാട്് കുട്ടികളെ കാന്‍സറിന്റെ വേദനകള്‍ക്കിടയിലും ജീവിതത്തിന്റെ നിറങ്ങള്‍ കാണാന്‍ സഹായിച്ചു. 

എന്നാല്‍ 2016ല്‍ വീണ്ടും രോഗം ആയയെ തേടിയെത്തി. ഇത്തവണ വൃക്കയിലേക്കും നട്ടെല്ലിലേക്കുമാണ് കാന്‍സര്‍ പിടിച്ചു കയറിയത്. ഇടുപ്പിലേക്കും അത് കടന്നു കയറി. ഇത്തവണ എത്രനാള്‍ ജീവിച്ചിരിക്കുമെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയിട്ടില്ല. എല്ലാവരേയും അത്ഭുതപ്പെടുത്തി ജീവിതത്തിലേക്ക് മടങ്ങിവന്ന ആയ ഇതിനേയും ചെറുത്ത് തോല്‍പ്പിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പ്രതീക്ഷികേകുന്നത്. പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ല എന്ന് ആയയും പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com