ഈ രാജകുമാരി വേട്ടയാടുന്നത് തീവ്രവാദികളെയാണ്

ബൊക്കോ ഹറാം തീവ്രവാദികള്‍ വനാന്തരങ്ങളില്‍ എവിടെയൊക്കെ ഒളിച്ചിരിക്കുമെന്നും എങ്ങനെയൊക്കെ അക്രമിക്കുമെന്നും ആയിഷയ്ക്ക് നല്ലതുപോലെയറിയാം. കാരണം അവരൊരു വേട്ടക്കാരിയാണ്.
ഈ രാജകുമാരി വേട്ടയാടുന്നത് തീവ്രവാദികളെയാണ്

ആയിഷ ബക്കാരി. നൈജീരിയയിലെ ബൊക്കോ ഹറാം തീവ്രവാദികള്‍ക്ക് പേടിയോടെ മാത്രം ഓര്‍ക്കാന്‍ കഴിയുന്ന സ്ത്രീ നാമം. ബൊക്കോ ഹറാം തീവ്രവാദികള്‍ വനാന്തരങ്ങളില്‍ എവിടെയൊക്കെ ഒളിച്ചിരിക്കുമെന്നും എങ്ങനെയൊക്കെ അക്രമിക്കുമെന്നും ആയിഷയ്ക്ക് നല്ലതുപോലെയറിയാം. കാരണം അവരൊരു വേട്ടക്കാരിയാണ്. കാടിനെ അടുത്തറിഞ്ഞ, കാട്ടുമൃഗങ്ങളുടെ ഉശിരറിയുന്ന വേട്ടക്കാരി.

ബൊക്കോ ഹറാം തീവ്രവാദികളെ തിരഞ്ഞ് കാട്ടില്‍ കയറുന്ന പട്ടാളക്കാരും പൊലീസും അതുകൊണ്ട് ഏറ്റവും കൂടുതല്‍ വിശ്വസിച്ച് കൂട്ട് വിളിക്കുന്നത് ആയിഷയെയാണ്. ആയിഷ ചതിക്കില്ല. 
നൈജീരിയയിലെ സാമ്പിസ വനത്തിനടുത്തുള്ള ദഗ്ഗു ഗ്രാമത്തിലാണ് ആയിഷ ജനിച്ചതും വളര്‍ന്നതും. കൃഷ്ണ മൃഗത്തേയും കുരങ്ങിനേയും വേട്ടയാടാന്‍ ആയിഷയെ അഭ്യസിപ്പിക്കുന്നത് അപ്പൂപ്പനാണ്. ഇപ്പോള്‍ ആയിഷ വേട്ടയാടുന്നത് ബൊക്കോ ഹറാം തീവ്രവാദികളെയാണ്. ഗ്രാമത്തിലൊരുപാട് വേട്ടക്കാരുണ്ട്. അവരുടെയെല്ലാം ഇപ്പോഴത്തെ പ്രധാന ജോലി ബൊക്കോ ഹറാമുകളെ വേട്ടയാടുക എന്നതാണ്. പക്ഷേ അക്കൂട്ടത്തിലെ ഏക സ്ത്രീ സാന്നിധ്യമാണ് ബക്കാരി ഗോംബി എന്ന് വിളിക്കുന്ന ആയിഷ ബക്കാരി. ആ വീര സാഹസികത അവര്‍ക്കൊരു പേരും നേടിക്കൊടുത്തു വേട്ടക്കാരുടെ രാജകുമാരി! 


പട്ടാളത്തിനൊപ്പം ആദ്യമായി നടത്തിയ ബൊക്കോ വേട്ട പരാജയമായിരുന്നു, കാരണം അന്ന് തീവ്രവാദികളുടെ കയ്യില്‍ കൂടുതല്‍ ആയുധങ്ങള്‍ ഉണ്ടായിരുന്നു. പട്ടാളക്കാരും കുറവായിരുന്നു. അവരുടെ കയ്യില്‍ അകപ്പെട്ട ധാരാളം പെണ്‍കുട്ടികളെ അന്ന് കണ്ടിരുന്നു, രക്ഷപ്പെടുത്താന്‍ മാര്‍ഗ്ഗമില്ലായിരുന്നു, ഒരു പക്ഷേ കൂടുതല്‍ ആയുധങ്ങള്‍ പട്ടാളം തന്നിരുന്നു എങ്കില്‍ അന്നവരെ രക്ഷപ്പെടുത്താമായിരുന്നു... ദി ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ആയിഷ പറയുന്നു. തുടര്‍ന്ന് നടത്തിയ പല യാത്രകളിലും ലക്ഷ്യം കാണാതെ തിരികെ കാടിറങ്ങിയിട്ടില്ല ഈ 38 വയസ്സുകാരി. 

15നും 30നും ഇടയില്‍ പ്രായമുള്ള ഒരു കൂട്ടം പുരുഷന്‍മാരുടെ ടീം തന്നയുണ്ട് ഇപ്പോള്‍ ആയിഷയ്‌ക്കൊപ്പം. നൈജീരിയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഈ ഗ്രാമങ്ങളില്‍ നിന്നും യുവതികളെ സൈന്യത്തില്‍ ചേര്‍ക്കുന്നുണ്ട്. സ്വന്തം കുടുംബത്തില്‍ നിന്നും പലരേയും ബൊക്കോ ഹറാം തട്ടിക്കൊണ്ട് പോയതിന് ശേഷമാണ് തീവ്രവാദികളോട് പോരാടാന്‍ ഇവരെല്ലാം സ്വയം ഇറങ്ങിത്തിരിച്ചത്. അവര്‍ക്കെല്ലാം ധൈര്യം പകര്‍ന്ന് ആയിഷ ഇപ്പോഴും തന്റെ ബൊക്കോ ഹറാം വേട്ട തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com