ലോകം ഉറ്റു നോക്കുന്നത് ഫ്രഞ്ച് തെരഞ്ഞെടുപ്പിലേക്ക്

ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോകുന്നതു പോലെ ഫ്രാന്‍സും പുറത്തുപോകണം എന്നുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നു. അടിക്കടി സംഭവിക്കുന്ന ഭീകരാക്രമണങ്ങളില്‍പ്പെട്ടുഴറുക കൂടിയാണ് ഫ്രാന്‍സ്. 
ലോകം ഉറ്റു നോക്കുന്നത് ഫ്രഞ്ച് തെരഞ്ഞെടുപ്പിലേക്ക്

ഫ്രാന്‍സ് അതിന്റെ നിര്‍ണ്ണായക തെരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. ലോകം ഫ്രെഞ്ച് ജനതയുടെ വിധിയെഴുത്തിനെ വളരെ ഗൗരവപൂര്‍വ്വമാണ് വീക്ഷിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയതിനു ശേഷം യൂറോപ്പില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണ് ഫ്രാന്‍സിലേത്. യൂറോപ്യന്‍ യൂണിയനിലെ മുന്‍നിര സാമ്പത്തിക ശക്തിയായ ഫ്രാന്‍സ് ഏറെ നാളുകളായി കടുത്ത സാമ്പത്തിക പിരിമുറുക്കത്തിലാണ്. ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടു പോകുന്നതു പോലെ ഫ്രാന്‍സും പുറത്തുപോകണം എന്നുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നു. അടിക്കടി സംഭവിക്കുന്ന ഭീകരാക്രമണങ്ങളില്‍പ്പെട്ടുഴറുക കൂടിയാണ് ഫ്രാന്‍സ്. മാത്രവുമല്ല മത്സരിക്കുന്ന രണ്ട് പ്രമുഖ പാര്‍ട്ടികളും ട്രംപിന്റെ നയങ്ങളെ അതേപടി പിന്‍തുടരുന്ന സ്ഥാനാര്‍ത്ഥികളെയാണ് രംഗത്തിറക്കിയിരിക്കുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ ഫ്രാന്‍സില്‍ നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ്  ലോകരാഷ്ട്രങ്ങള്‍ക്കിടില്‍ തുറന്ന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മറിന്‍ ലി പെന്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിന്‍ ആരംഭിച്ചത് തന്നെ ഫ്രാന്‍സിനെ ആഗോളവത്കരണത്തില്‍നിന്നു മുക്തമാക്കുമെന്നും യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോകുമെന്നും തീവ്രവാദത്തില്‍ നിന്നും രക്ഷപ്പെടുത്തും എന്നുമുള്ള പ്രഖ്യാപനങ്ങളുമായാണ്. മുഖ്യ എതിരാളിയായ ഫില്ലനും തികഞ്ഞ ദേശീയ വാദിയും ഇസ്ലാം വിരുദ്ധനുമാണ്. ഇക്കാര്യങ്ങള്‍ രാജ്യത്തെ ഇസ്ലാം മത വിശ്വാസികള്‍ക്കിടയില്‍ ആശങ്കയുളവാക്കിയിട്ടുള്ളതായി യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയില്‍ ട്രംപിനൊപ്പം ഫ്രാന്‍സില്‍ ഫില്ലനോ പെനോ അധികാരത്തില്‍ വന്നു കഴിഞ്ഞാല്‍ സംഭവിക്കാന്‍ പോകുന്നത് എന്താണ് എന്ന് ഏറെക്കുറേ വ്യക്തമായ ചിത്രമാണ്. കടുത്ത സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടുഴറുന്ന ഫ്രാന്‍സ് യൂറോപ്യന്‍ യൂണിയന്‍ വിട്ടാല്‍ ഉണ്ടാകുന്ന ആഘാതങ്ങളെക്കുറിച്ചും വ്യാപകമായ ചര്‍ച്ചകള്‍ നടക്കുന്നു. 

രംഗത്തുള്ളത് നാല് പേര്‍


 തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് പ്രധാനമായും നാല് പേരാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ  ഫ്രാന്‍സ്വെ ഫില്ലന്‍, നാഷണല്‍ ഫ്രണ്ട് പാര്‍ട്ടി സ്ഥാനാര്‍ത്ഥി മറിന്‍ ലി പെന്‍, സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബെനോ ഹാമന്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഇമ്മാനുവേല്‍ മാക്രോണ്‍ എന്നിവരാണ് രംഗത്തുള്ളത്. 

വോട്ടെടുപ്പ് ഇങ്ങനെ

വേണ്ടിവന്നാല്‍ രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ആദ്യ വോട്ടെടുപ്പ് ഏപ്രില്‍ 23നാണ്. ആ വോട്ടെടുപ്പില്‍ ഏതെങ്കിലും സ്ഥാനാര്‍ഥിക്ക് നിശ്ചിത ശതമാനം വോട്ടു ലഭിക്കാത്തപക്ഷം ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ളവര്‍ അവസാന വോട്ടെടുപ്പില്‍ നേര്‍ക്കുനേര്‍ മത്സരിക്കും. മേയ് 17നാണ് രണ്ടാമത്തെ വോട്ടെടുപ്പ്.

സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പതനം 

ഇത്തവണ തെരഞ്ഞെടുപ്പില്‍ എടുത്ത് പറയേണ്ടത് ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പതനമാണ്. എല്ലാത്തവണയും ഫ്രഞ്ച് തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ വരുന്നത് സോഷ്യലിസ്റ്റ് പാര്‍ട്ടിയും വലതു പക്ഷ പാര്‍ട്ടികളുമാണ്. പാര്‍ട്ടിയിലെ പിളര്‍പ്പും മുന്‍ പ്രസിഡന്റ് ഫ്രാന്‍സ്വെ ഒലാന്ദയ്ക്ക് എതിരേയുള്ള ജന വികാരവും സോഷ്യലിസ്റ്റ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്നും അപ്രത്യക്ഷമാക്കി കളഞ്ഞു.  

സാധ്യത മാക്രോണിനോ? 


സ്വതന്ത്ര സ്ഥാനാര്‍ത്ഥി മാക്രോണിനാണ് വിജയ സാധ്യത എന്നാണ് അവസാനം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സോഷ്യലിറ്റ് പാര്‍ട്ടി അംഗമായിരുന്ന മാക്രോണ്‍ കഴിഞ്ഞ വര്‍ഷം പാര്‍ട്ടി വിട്ട് പുറത്തു വന്നിരുന്നു. ഫ്രഞ്ച് രാഷ്ട്രീയത്തിലും സാമ്പത്തിക മേഖലയിലും മാറ്റം കൊണ്ടുവരും എന്നതാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. സമൂഹത്തിലെ മധ്യ വര്‍ഗ്ഗത്തിന്റെ വോട്ടുകളാണ് മാക്രോണ്‍ കൂടുതലായി ലക്ഷ്യം വെക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ  ഫ്രാന്‍സ്വെ ഫില്ലനാണ് വിജയ സാധ്യത എന്നായിരുന്നു ആദ്യവട്ട അഭിപ്രായ സര്‍വേകളിലെ സൂചന. എന്നാല്‍ ഫില്ലന്റെ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങളും നയങ്ങളും ജനസമ്മതി താഴാന്‍ കാരണമായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുഎസില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായായ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ വിദ്വേഷ പ്രചാരണങ്ങള്‍ തന്നെയാണ് ഫ്രാന്‍സിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഉയര്‍ത്തുന്നത് എന്ന ആരോപണം ശക്തമാണ്. കുടിയേറ്റ നിയന്ത്രണം, തീവ്രവാദത്തിനെതിരായ നടപടി തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍ ഇതിന്റെ ഭാഗമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു. ഗര്‍ഭച്ഛിദ്രം, സ്വവര്‍ഗ വിവാഹം തുടങ്ങിയ വിഷയങ്ങളില്‍ കടുത്ത പാരമ്പര്യവാദിയുമാണ് ഫില്ലന്‍.  അഞ്ചു ലക്ഷം സര്‍ക്കാര്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കും, വിരമിക്കല്‍ പ്രായം ഉയര്‍ത്തും, ആഴ്ചയില്‍ 35 മണിക്കൂര്‍ ജോലിസമയ ക്രമീകരണം, കുടിയേറ്റ നിയന്ത്രണം, പ്രതിരോധമേഖലയെ ശക്തിപ്പെടുത്തല്‍, സ്വത്തുനികുതി ഒഴിവാക്കല്‍ തുടങ്ങിയതാണ് ഫിലന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com