സമാധാനത്തിലേക്കുരുളുന്ന പന്തുകള്‍

ആയിരക്കണക്കിന് കോംഗോ യുവാക്കളാണ് ഫുട്‌ബോള്‍ കളിയുമായി രംഗത്തിറങ്ങി രാജ്യത്തിന്റെ സ്വസ്ഥത തിരികെ പിടിക്കാന്‍ ശ്രമിക്കുന്നത്.
സമാധാനത്തിലേക്കുരുളുന്ന പന്തുകള്‍

ആഭ്യന്തര യുദ്ധം പലതായി മുറിച്ചുമാറ്റിയ ജനതയാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലേത്. സംഘര്‍ഷം നിറഞ്ഞ ജീവിതത്തിനിടയിലും ഇവിടുത്തെ യുവജനതയെ ചേര്‍ത്തു നിര്‍ത്തുന്ന വികാരമാണ് ഫുട്‌ബോള്‍. തകര്‍ന്നു തരിപ്പണമായിട്ടും ഫുട്‌ബോളിലൂടെ ഉയര്‍ത്തെഴുന്നേറ്റ രാജ്യങ്ങളുടെ കഥകള്‍ നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട്. ലാറ്റിനമേരിക്കയിലെ കുഞ്ഞു രാജ്യങ്ങളും ബ്രസീല്‍ പോലുള്ള രാജ്യങ്ങളും ഫുട്‌ബോളിന്റെ ചിറകിലേറി പറന്നുയരുന്നത് ലോകം അത്ഭുതത്തോടെ നോക്കിനിന്നു. ഇപ്പോളിതാ കോംഗോയിലും ആ മാന്ത്രിക ഏകീകരണം സാധ്യമാകുന്നതിന്റെ ആദ്യ കാഴ്ചകള്‍ കാണുന്നു. ആയിരക്കണക്കിന് കോംഗോ യുവാക്കളാണ് ഫുട്‌ബോള്‍ കളിയുമായി രംഗത്തിറങ്ങി രാജ്യത്തിന്റെ സ്വസ്ഥത തിരികെ പിടിക്കാന്‍ ശ്രമിക്കുന്നത്. ഫുട്‌ബോളാണ് ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയിലെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച കായിക മത്സരം.

കാലങ്ങളായി പിരിഞ്ഞു നില്‍ക്കുന്ന ഗോത്രങ്ങളിലെ കുട്ടികള്‍ വിദ്വേഷവും അസഹിഷ്ണുതയും നിറഞ്ഞ മുതിര്‍ന്നവരുടെ ലോകത്തില്‍ നിന്നും വ്യത്യസ്തരായി ഫുട്‌ബോളിലൂടെ ഒരുമിക്കുന്നു. എളുപ്പം ആശ്രയിക്കാന്‍ കഴിയുന്ന വിനോദോപാധി എന്ന നിലയില്‍ ഫുട്‌ബോള്‍ അവര്‍ക്ക് കലാപ വേദനകളില്‍നിന്നും രക്ഷപ്പെടലുകള്‍ക്ക് വഴിയൊരുക്കുന്നു. കോംഗോയിലെ കലാപ ബാധിത നഗരമായ ഗോമയില്‍ ഫുട്‌ബോളിന്റെ വലിയൊരു പ്രതിമ തന്നെയുണ്ട്. ആഭ്യന്തര കലഹം കൂടുതല്‍ ബാധിച്ച നഗരങ്ങളില്‍ ഒന്നായിരുന്നു ഇത്. കുറച്ചു നാള്‍ മുന്‍പ് പ്രക്ഷോഭകാരികള്‍ നഗരം പൂര്‍ണ്ണമായ് പിടിച്ചെടുക്കുകയും ആയിരക്കണക്കിന് കുട്ടികളെ അടിമകളാക്കി വെക്കുകയും ചെയ്തിരുന്നു. സ്‌കൂളില്‍ പോകാനോ പഠിക്കനോ വായനശാലകളില്‍ പോകാനോ കഴിയാത്ത അവസ്ഥ വന്നപ്പോള്‍ കുട്ടികള്‍ ഫുട്‌ബോളിലേക്ക് തിരിഞ്ഞു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന കുട്ടികള്‍ക്ക് ഏക ആശ്വാസം ഫുട്‌ബോളാണ്.

ഇവരില്‍ പലര്‍ക്കും ഫുട്്‌ബോളിന്റെ ശരിയായ കളി നിയമങ്ങളോ വ്യവസ്ഥകളോ അറിയില്ല. ശരിയായ പരിശീലന സംവിധാനങ്ങളോ ഇല്ല. നല്ല ഫുട്‌ബോള്‍ ഷൂകള്‍ പോലും ഇല്ല. തുണിയും പേപ്പറും കെട്ടി പന്തുണ്ടാക്കി ഫുട്‌ബോള്‍ കളിക്കുന്നവരും നിരവധിയാണ്. ചെറുതും വലുതുമായ 46ല്‍പരം ഫുട്‌ബോള്‍ ക്ലബുകളില്‍ പലതും കലാപം രൂക്ഷമായതോടെ പിരിഞ്ഞുപോയിരുന്നു. ഇപ്പോള്‍ പിരിഞ്ഞുപോയ  ക്ലബുകള്‍ ഓരോന്നായി തിരികെ വരികയാണ്. തെരുവില്‍ കളിക്കുന്ന കുട്ടികളെ പരിശീലിപ്പിക്കാന്‍ പരിശീലകരും സ്വമേധയാ രംഗത്ത് വരുന്നു. അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്ക് സമീപം പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയാണ് പരിശീലകര്‍ കുട്ടികളെ ഫുട്‌ബോളിലേക്ക് വഴിതിരിച്ചുവിടുന്നത്. 

റുവാണ്ടയിലെ രക്ത രൂക്ഷിത കലാപത്തില്‍ നിന്നും രക്ഷ തേടിയെത്തിയവര്‍ക്ക് അഭയം നല്‍കി എന്ന കാരണത്താല്‍ 1996ല്‍ റുവാണ്ടയും ഉഗാണ്ടയും ചേര്‍ന്ന് ഡിആര്‍സിയെ അക്രമിച്ചു. ഡിആര്‍സിയിലെ പ്രകൃതി വിഭങ്ങളുടെ സുലഭ ലഭ്യതയായിരുന്നു ഉഗാണ്ടയെ യുദ്ധം ചെയ്യാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. 1997ല്‍ അന്നത്തെ ഭരണാധികാരി മൊബൂട്ടോയെ പുറത്താക്കുകയും വിമത ഗ്രൂപ്പുകളുടെ നേതാവായ ലോറന്റ് കബില അധികാരത്തിലെത്തുകയും ചെയ്തു. ഭരണമേറ്റ ശേഷം ഉഗാണ്ടന്‍ സൈന്യത്തോട് രാജ്യം വിട്ടുപോകാന്‍ കബില ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ റുവാണ്ടയും ഉഗാണ്ടയും പ്രാദേശികമായി വിഭജിച്ചു നിന്ന ചെറു റിബല്‍ ഗ്രൂപ്പുകളെ കൂട്ടുപിടിച്ച് കബിലയ്‌ക്കെതിരെ യുദ്ധം ആരംഭിച്ചു. അംഗോളയും സിംബാബബെയും നമീബിയയും കബിലയെ പിന്തുണയ്ക്കാന്‍ എത്തിയതോടെ വിനാശകരമായ യുദ്ധത്തിലേക്കത് നീങ്ങി. നിരവധിപേരുടെ ജീവനെടുത്ത യുദ്ധം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണത്തിന് കാരണമായ യുദ്ധമായി മാറി. 

2001ല്‍ കബില വധിക്കപ്പെട്ടു. തുടര്‍ന്നു ഭരണത്തില്‍ വന്ന മകന്‍ ജോസഫ് കബില സമാധാന ശ്രമങ്ങള്‍ക്കു തുടക്കമിട്ടു. 2006ല്‍ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ ആദ്യമായി ബഹുകക്ഷി തെരഞ്ഞെടുപ്പു നടന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അഗീകരിക്കാതെ വീണ്ടും റിബല്‍ ഗ്രൂപ്പുകള്‍ കലാപമാരംഭിച്ചു. അതിന്റെ തുടര്‍ച്ചയായി ഉണ്ടായ കലാപം ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. നീണ്ട കാലത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം എന്ന തരത്തിലാണിപ്പോല്‍ ഫുട്‌ബോള്‍ ഇവിടുത്തെ യുവാക്കള്‍ക്കിടയിലേക്ക് കടന്നുവരുന്നത്. ഫുട്‌ബോളിലൂടെ ഇവിടുത്തെ കുട്ടികള്‍ പ്രതിരോധത്തിന്റെ രാഷ്ട്രീയം പഠിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com