ഭിന്നലിംഗക്കാരുടെ അവകാശങ്ങളിലും ട്രംപ് കത്രിക വെക്കുന്നു
Published: 24th February 2017 04:45 PM |
Last Updated: 24th February 2017 05:06 PM | A+A A- |

വാഷിങ്ടണ്‍: ഭിന്നലിംഗക്കാരായ വിദ്യാര്‍ഥികളുടെ ആനുകൂല്യങ്ങള്‍ വൈറ്റ് ഹൗസ് റദ്ദാക്കി. ഭിന്നലിംഗക്കാരായ വിദ്യാര്‍ഥികളുടെ അവകാശ സംരക്ഷണം ലക്ഷ്യമിട്ട് ബറാക് ഒബാമ കൊണ്ടുവന്ന നിര്‍ദേശങ്ങളാണ് ട്രംപ് ഭരണകൂടത്തിന്റെ ഇടപെടലില്‍ വേണ്ടെന്നു വെച്ചത്.
കഴിഞ്ഞ വര്‍ഷം മേയിലാണ് ഭിന്നലിംഗക്കാര്‍ക്കു വേണ്ടിയുള്ള സുപ്രധാന നിര്‍ദേശം ഒബാമ കൊണ്ടുവന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭിന്നലിംഗക്കാര്‍ക്ക് അനുയോജ്യമായ ശൗചാലയങ്ങള്‍ അനുവദിക്കാനുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളുണ്ടായിരുന്നു. കൂടാതെ ഈ നിയമങ്ങളൊന്നും അനുവദിക്കാത്ത സ്‌കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
എന്നാല്‍ വിഷയത്തില്‍ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്കും ജില്ലകള്‍ക്കും വിട്ടുകൊടുക്കണമെന്നാണ് വൈറ്റ് ഹൗസിന്റെ ഇപ്പോഴത്തെ വാദം. വൈറ്റ് ഹൗസിന്റെ തീരുമാനത്തിനെതിരെ ഭിന്നലിംഗ സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ളവര്‍ ശക്തമായി പ്രതിഷേധിക്കുന്നുണ്ട്. വൈറ്റ് ഹൗസിനു മുന്നില്‍ മുദ്രാവാക്യം വിളികളുമായി ഇരുന്നൂറോളം പേരാണ് പ്രതിഷേധിച്ചത്. അധികാരത്തില്‍ വന്നതിനു ശേഷം ഒബാമ സര്‍ക്കാരിന്റെ ജനകീയ പദ്ധതികള്‍ പലതും ട്രംപ് പിന്‍വലിച്ചിരുന്നു.