ഖത്തറിന് മേലുള്ള ഉപരോധം സങ്കീര്‍ണ്ണമായ പ്രശ്‌നമെന്ന് അമേരിക്ക

ഖത്തര്‍ അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഫണ്ട് ചെയ്യുന്നുവെന്ന് സംശയമുണ്ടെമന്നും അമേരിക്കന്‍ ഡിഫന്‍സ് സെക്രട്ടറി 
ഖത്തറിന് മേലുള്ള ഉപരോധം സങ്കീര്‍ണ്ണമായ പ്രശ്‌നമെന്ന് അമേരിക്ക

വാഷിങ്ടണ്‍: ഖത്തറിനെതിരെയുള്ള ഒരു വിഭാഗം ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധം സങ്കീര്‍ണ്ണമായ പ്രശ്‌നമാണെന്ന് അമേരിക്കന്‍ ഡിഫന്‍സ് സെക്രട്ടറി ജിം മാറ്റിസ്. സൗദി അറബ്യയുടെയും അമേരിക്കയുടെയും വിദേശകാര്യ മന്ത്രിമാരോട് സംസാരിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഖത്തര്‍ ഭരണാധികാരി ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി ശരിയായ വഴിക്കാണ് നീങ്ങാന്‍ ശ്രമിക്കുന്നതെന്നും സമൂഹത്തെ ശരിയായ വഴിക്ക് നീക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തമീം ഇപ്പോള്‍ അനുഭവിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പക്ഷേ ഖത്തര്‍ അമേരിക്കയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഫണ്ട് ചെയ്യുന്നുവെന്ന് സംശയമുണ്ടെമന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനുള്ള സഹായം അവസാനിപ്പിച്ചാല്‍ ഖത്തര്‍ ശരിയായ വഴിക്കാണ്് നീങ്ങുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ തിങ്കളാഴ്ചയാണ് സൗദി,യുഎഇ,ബഹ്‌റൈന്‍,ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള സൗഹൃദം അവസാനിപ്പിക്കുകയും കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തത്. ഖത്തര്‍ തീവ്രവാദത്തിന് കൂട്ടുനില്‍ക്കുന്നുവെന്നായിരുന്നു ഈ രാജ്യങ്ങളുടെ ആരോപണം. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൗദി സന്ദര്‍ശന്ത്തിന് ശേഷമായിരുന്നു ഈ അറബ് രാജ്യങ്ങള്‍ തമ്മില്‍ പെട്ടെന്ന് പ്രശ്‌നമുണ്ടായത്. 

എന്നാല്‍ തങ്ങള്‍ യാതൊരുവിധ താീവ്രവാദത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല എന്നും ഹമാസിനെ തീവ്രവാദ സംഘടനയായി കാണാന്‍ സാധിക്കുകയില്ല എന്നുമാണ് ഖത്തറിന്റെ നിലപാട്. ഇറാനുമായി ഖത്തര്‍ സൗഹൃദം തുടരുന്നതും സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ചൊടിപ്പിച്ചതിന് കാരണമായി. ഉപരോധത്തെ മറികടക്കന്‍ ഖത്തര്‍ സ്വദേശിവത്കരണം നടത്തിവരുകയാണ്. സ്വദേശി വസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കാന്‍ ഖത്തര്‍ ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ ക്യാമ്പയിന്‍ നടത്തുന്നുണ്ട്. കുവൈറ്റുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തര്‍ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com