പ്രതിരോധം വിഫലം; ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു പുറത്തേക്ക്; ബില്‍ രാജ്ഞിയുടെ അനുമതിക്ക്

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള തീരുമാനത്തിനു പാര്‍ലമെന്റ് അനുമതി നല്‍കിയതോടെ ഇന്നുതന്നെ പ്രധാനമന്ത്രി യൂറോപ്യന്‍ യൂണിയന് കത്തു നല്‍കാന്‍ സാധ്യത
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നു പുറത്തുപോകാതിരിക്കുന്നതിനുള്ള അവസാന ശ്രമവും വിഫലമായി. ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കി. അതേ സമയം നീക്കത്തെ എതിര്‍ത്ത സ്‌കോട്‌ലന്‍ഡ് ബ്രിട്ടനില്‍ നിന്നു സ്വതന്ത്രമാകുന്നതിനു പുതിയ ഹിതപരിശോധന നടത്തുമെന്നു പ്രഖ്യാപിച്ചു. 
ബ്രിക്‌സിറ്റിന് തെരേസ മേക്ക് അനുമതി നല്‍കുന്ന ബില്ലിനെ എതിര്‍ത്ത ഭേദഗതി ഹൗസ് ഓഫ് ലോഡ്‌സ് ഇന്നലെ തള്ളി. ഇതോടെ ബില്‍ ഇന്നു തന്നെ നിയമമാകും. ഇനി ഏതു സമയത്തും പ്രധാനമന്ത്രിക്ക് യൂറോപ്യന്‍ യൂണിയന്‍ ചട്ടത്തിലെ 50-ാം വകുപ്പ് പ്രയോഗിച്ച് പുറത്തേക്കു പോകുന്നതായി പ്രഖ്യാപിക്കും. രണ്ടുവര്‍ഷമായി ബ്രിട്ടനെ യൂണിയനില്‍ പിടിച്ചു നിര്‍ത്താന്‍ നടത്തിയിരുന്ന ചര്‍ച്ചകളും ഇതോടെ അവസാനിപ്പിക്കേണ്ടി വരും. ഔദ്യോഗികമായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യൂണിയന്‍ വിടുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറും. 
ബില്ലിന് എലിസബത്ത് രാജ്ഞിയുടെ അനുമതി ഇന്നു ലഭിക്കുമെന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അങ്ങനെ വന്നാല്‍ ഇന്നു തന്നെ തെരേസ മേ യൂറോപ്യന്‍ കൗണ്‍സിലിനുള്ള കത്ത് അയച്ചേക്കുമെന്നാണ് സൂചന. 
യൂറോപ്യന്‍ യൂണിയന്‍ എന്ന സാമ്പത്തിക ശക്തിയുടെ മൂലക്കല്ല് ഇളക്കി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ തീരുമാനിച്ച ഹിതപരിശോധനയുടെ ഫലം വന്നത് 2016 ജൂണ്‍ 24ന് ആണ്. 1.74 കോടി ആളുകള്‍ വോട്ട് ചെയ്ത റഫറണ്ടത്തില്‍ 51.89 ശതമാനം പൗരന്മാര്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമെന്ന് നിര്‍ദ്ദേശിച്ചു. 48.11 ശതമാനം യൂണിയനില്‍ തുടരണം എന്ന നിലപാടുകാരായിരുന്നു. യൂറോപ്യന്‍ യൂണിയനില്‍ തുടരണം എന്നു ശക്തമായി വാദിച്ചിരുന്ന ജെയിംസ് കാമറൂണ്‍ ഫലം വിരുദ്ധമായതിനെ തുടര്‍ന്നു രാജി പ്രഖ്യാപിച്ചു. തുടര്‍ന്നാണ് തെരേസ മേ പ്രധാനമന്ത്രി ആയത്. ഇംഗഌണ്ട ജനതയോട് പല കാര്യത്തിലും വിയോജിപ്പുണ്ടായിരുന്ന സ്‌കോട്ട്‌ലന്‍ഡ് ബ്രിക്‌സിറ്റിന് എതിരായാണ് വോട്ട് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com