ബ്രിട്ടനില്‍ ഇനി സ്വജനപക്ഷപാതം നടക്കില്ല, എംപിമാര്‍ കുടുംബാംഗങ്ങളെ നിയമിക്കുന്നതിനു വിലക്ക്

ജീവിത പങ്കാളികള്‍, മറ്റു ബന്ധുക്കള്‍, ബിസിനസ് പങ്കാളികള്‍ ഇങ്ങനെ സ്വജനപക്ഷപാതത്തിന് ഒരു വിധത്തിലും ഇടം നല്‍കാത്തതാണ് പുതിയ ചട്ടങ്ങള്‍
ബ്രിട്ടനില്‍ ഇനി സ്വജനപക്ഷപാതം നടക്കില്ല, എംപിമാര്‍ കുടുംബാംഗങ്ങളെ നിയമിക്കുന്നതിനു വിലക്ക്

ലണ്ടന്‍: ബ്രിട്ടനില്‍ എംപിമാരുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും നിയമിക്കുന്നതിന് വിലക്ക്. അടുത്ത പൊതുതെരഞ്ഞെടുപ്പു നടക്കുന്ന 2020 മുതലാണ് ഇതു പ്രാബല്യത്തില്‍ വരിക. ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വജന പക്ഷപാത വിവാദം കൊഴുക്കുന്ന പശ്ചാത്തലത്തിലാണ് ബ്രിട്ടന്റെ തീരുമാനം.

എംപിമാര്‍ സഹായികളായോ മറ്റു സ്റ്റാഫ് ആയോ ഏതെങ്കിലും വിധത്തില്‍ ബന്ധമുള്ളവരെ നിയമിക്കരുതെന്ന് ഇന്റിപെന്‍ഡന്റ് പാര്‍ലമെന്ററി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി പുറത്തിറക്കിയ പുതിയ ചട്ടങ്ങളില്‍ പറയുന്നു. ജീവിത പങ്കാളികള്‍, മറ്റു ബന്ധുക്കള്‍, ബിസിനസ് പങ്കാളികള്‍ ഇങ്ങനെ സ്വജനപക്ഷപാതത്തിന് ഒരു വിധത്തിലും ഇടം നല്‍കാത്തതാണ് പുതിയ ചട്ടങ്ങള്‍. ഇഷ്ടക്കാരെ സ്റ്റാഫില്‍ കുത്തിത്തിരുകുന്നത് പുതിയ കാലത്തെ തൊഴില്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്നാണ് അതോറിറ്റി നല്‍കുന്ന വിശദീകരണം.

പേഴസനല്‍ സ്റ്റാഫില്‍ ചേര്‍ന്ന ശേഷം എംപിയുമായി ബന്ധുത്വം സ്ഥാപിക്കുന്നവരുടെ കരാര്‍ റദ്ദാക്കപ്പെടുമെന്നും ചട്ടങ്ങളിലുണ്ട്. നിലവില്‍ ബ്രിട്ടനിലെ എംപിമാര്‍ക്ക് കുടുംബാംഗങ്ങളില്‍ ഒരാളെ പേഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കാന്‍ അനുവാദമുണ്ട്.

ഫ്രഞ്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആദ്യ ഘട്ടത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഫ്രാന്‍സ്വ ഫില്ലന്റെ സ്വജനപക്ഷപാതം വന്‍ വിവാദമാണ് ഉയര്‍ത്തിവിട്ടിരിക്കുന്നത്. എംപിയായിരിക്കെ ഫില്ലന്‍ ഭാര്യയെ സ്റ്റാഫില്‍ ഉള്‍പ്പെടുത്തി പതിനായിരക്കണക്കിനു യൂറോ പ്രതിഫലമായി നല്‍കിയെന്നാണ് വിവാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com