ഒന്ന് ഒച്ച വച്ചിരുന്നെങ്കില്‍ എന്ന് കോടതിയും; പീഡന കേസ് വിധിക്കെതിരെ ഇറ്റലിയില്‍ വന്‍ പ്രതിഷേധം
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th March 2017 10:08 AM |
Last Updated: 24th March 2017 10:08 AM | A+A A- |

റോം: ഒന്ന് ഒച്ചവച്ചിരുന്നുവെങ്കില്‍ എന്ന ഹിറ്റ്‌ലര്‍ സിനിമയിലെ, ട്രോളര്‍മാരുടെ പ്രിയപ്പെട്ട ഡയലോഗ് ഗൗരവമായി എടുത്തിരിക്കുകയാണ് ഇറ്റലിയിലെ കോടതി. ബലാത്സംഗകേസില്‍ പ്രതിയെ വെറുതെ വിടുന്നതിന് ഈ കോടതി കാരണമായി ചൂണ്ടിക്കാട്ടുന്നത് ലൈംഗികമായി ആക്രമിക്കപ്പെട്ടപ്പോള്‍ ഇര കരയുകയോ ഒച്ചവയ്ക്കുകയോ ചെയ്തില്ലെന്നാണ്. കോടതിയുടെ വിവാദ വിധിക്കെതിരെ അന്വേഷണം നടക്കുകയാണ് ഇറ്റലിയില്‍.
ടൂറിനിലെ കോടതിയാണ് വിവാദമായ ഈ വിധി പുറപ്പെടുവിച്ചത് എന്നാണ് ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സിയായ അന്‍സ റിപ്പോര്‍ട്ട് ചെയ്യുന്നത്. സഹപ്രവര്‍ത്തകന്‍ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. എന്നാല്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടപ്പോള്‍ യുവതി കരയുകയോ സഹായത്തിനായി ഒച്ചയുണ്ടാക്കുകയോ ചെയ്തില്ലെന്ന് കോടതി വിധിയില്‍ പറയുന്നു. അക്രമം തടഞ്ഞുകൊണ്ട് യുവതി പറഞ്ഞ 'ഇനഫ്' എന്ന വാക്ക് അതിനെ ചെറുക്കാന്‍ പോന്നതല്ല. അതുകൊണ്ട് കേസില്‍ പ്രതിയെ വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധി പറഞ്ഞത്.
ടൂറിന്‍ കോടതിയുടെ വിധിയുടെ വിശദാംശങ്ങള്‍ അന്വേഷിക്കാന്‍ മന്ത്രി ആന്‍ഡ്രിയ ഓര്‍ലാന്‍ഡോ ഉത്തരവിട്ടെന്നും അന്‍സ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിധിക്കെതിരെ ഇറ്റലിയില്‍ വലിയ പ്രതിഷേധമാണ് ്അരങ്ങേറുന്നത്.