ഹൈടെക്കുമില്ല, ബ്ലൂ ചിപ്പുമില്ല; കോവണിയും ഉന്തുവണ്ടിയും ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ മോഷണം

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലെ മോഷണ രീതി പിന്തുടര്‍ന്നാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മോഷണം നടത്തിയിരിക്കുന്നതെന്ന കൗതുകവും ഇതിന് പിന്നിലുണ്ട്
ഹൈടെക്കുമില്ല, ബ്ലൂ ചിപ്പുമില്ല; കോവണിയും ഉന്തുവണ്ടിയും ഉപയോഗിച്ച് ലോകത്തിലെ ഏറ്റവും വലിയ മോഷണം

ഒരു കോവണി, കയര്‍, മൂന്ന് ചക്രമുള്ള ഉന്തുവണ്ടി...100 കിലോ വരുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ നാണയം മോഷ്ടിക്കാന്‍ ബെര്‍ലിനില്‍ വിരുതന്മാര്‍ക്ക് വേണ്ടിവന്നത് ഇത്രയുമാണ്. പാളിപ്പോകാതിരുന്ന ബുദ്ധികൂര്‍മതയും കനത്ത സുരക്ഷ വലയത്തില്‍ ജര്‍മ്മനിയിലെ ബോഡ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ നാണയം ഇവരുടെ കൈകളിലെത്തിച്ചു. 

ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളിലെ മോഷണ രീതി പിന്തുടര്‍ന്നാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മോഷണം നടത്തിയിരിക്കുന്നതെന്ന കൗതുകവും ഇതിന് പിന്നിലുണ്ട്. മ്യൂസിയത്തിന്റെ പിറക് വശത്തുള്ള റെയില്‍വേ സ്റ്റേഷനിലെ ഉയര്‍ന്ന് നില്‍ക്കുന്ന റെയില്‍വേ ട്രാക്കില്‍ നിന്നും ഗോവണി വെച്ച്  പുലര്‍ച്ചെ 1.21ന്റെ അവസാന ട്രെയിനും 4.13ന്റെ ആദ്യ ട്രെയിനും വരുന്നതിന്റെ ഇടവേളയിലായിരുന്നു മ്യൂസിയത്തിന്റെ ജനലിലൂടെ മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. 

ജനലിലൂടെ അകത്ത് പ്രവേശിച്ച മോഷ്ടാക്കള്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ മുറിയിലൂടെ കടന്നാണ് 100 മീറ്ററിനപ്പുറം സൂക്ഷിച്ചിരുന്ന സ്വര്‍ണ നാണയത്തിനടുത്തേക്കെത്തിയത്. വലിയ ചുറ്റിക ഉപയോഗിച്ചായിരിക്കും ബുള്ളറ്റ് പ്രൂഫ് കവചം മോഷ്ടാക്കള്‍ തകര്‍ത്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു. മ്യൂസിയത്തിന് അകത്ത് പ്രവേശിച്ച അതേ വഴിയിലൂടെ തന്നെയാണ് സുരക്ഷ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് മോഷ്ടക്കള്‍ തിരിച്ചിറങ്ങിയതും. 

തിരിച്ചിറങ്ങിയ മോഷ്ടാക്കള്‍ മുന്നില്‍ ഒന്നും പിറകില്‍ രണ്ട് ചക്രവുമുള്ള ഉന്തുവണ്ടിയിലിട്ടാണ് 100 കിലോ വരുന്ന സ്വര്‍ണനാണയം കടത്തിക്കൊണ്ടുപോയത്. 

എലിസമ്പത്ത് II രാജ്ഞിയുടെ മുഖമുള്ള ബിഗ് മാപ്പിള്‍ ലീഫ് സ്വര്‍ണ നാണയങ്ങളില്‍ ഒന്നാണ് മോഷ്ടിക്കപ്പെട്ടത്. 2007ല്‍ റോയല്‍ കനേഡിയന്‍ മിന്റ് പുറത്തിറക്കിയ നൂറ് കിലോയ്ക്ക് മുകളില്‍ തൂക്കമുള്ള അഞ്ച് ബിഗ് മാപ്പിള്‍ ലീഫ് സ്വര്‍ണ നാണയങ്ങളില്‍ ഒന്നാണിത്. 2011ല്‍ ഓസ്‌ട്രേലിയന്‍ കങ്കാരു വണ്‍ ടണ്ണേ സ്വര്‍ണനാണയം ഇറങ്ങിയതോടെയാണ് ബിഗ് മാപ്പിള്‍ ലീഫ് കോയിന്‍ രണ്ടാം സ്ഥാനത്തേക്കാകുന്നത്. 

2010 മുതല്‍ ബുള്ളറ്റ് പ്രൂഫ് സുരക്ഷ വലയത്തിലായിരുന്നു സ്വര്‍ണനാണയം സൂക്ഷിച്ചിരുന്നത്.ലോകത്തിലെ ഏറ്റവും വലിയ നാണയ ശേഖരമുള്ള മ്യൂസിയങ്ങളില്‍ ഒന്നാണ് ബെര്‍ലിനിലെ ബോഡ് മ്യൂസിയം. 540000ല്‍ അധികം നാണയങ്ങളാണ് ഇവിടെയുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com