ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്; മറികടന്നത് തീവ്രദേശീയവാദമുന്നയിച്ച ലി പെന്നിനെ

നെപ്പോളിയന് ശേഷം ഫ്രാന്‍സിന്റെ ഭരണതലപ്പത്തേക്കെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് മുപ്പത്തിയൊമ്പതുകാരനായ മക്രോണ്‍
ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റ്; മറികടന്നത് തീവ്രദേശീയവാദമുന്നയിച്ച ലി പെന്നിനെ

തീവ്ര ദേശീയ വാദമുന്നയിച്ചെത്തിയ മറി ലി പെന്നുയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ഇമ്മാനുവല്‍ മക്രോണ്‍ ഫ്രഞ്ച് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നെപ്പോളിയന് ശേഷം ഫ്രാന്‍സിന്റെ ഭരണതലപ്പത്തേക്കെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് മുപ്പത്തിയൊമ്പതുകാരനായ മക്രോണ്‍. 

വ്യാഴാഴ്ചയായിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനം.
എന്‍മാര്‍ഷ് പാര്‍ട്ടി നേതാവും മിതവാതിയുമായ മക്രോണ്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഫ്രാന്‍സ്വ ഒലാങ്ങിന്റെ വിശ്വസ്തനായിരുന്നു. 64.5 ശതമാനം വോട്ടുകള്‍ മക്രോണിന് ലഭിച്ചപ്പോള്‍ 34.5 ശതമാനം പേരാണ് ലി പെന്നിനായി വോട്ട് ചെയ്തത്.

റിപ്പബ്ലിക്കന്‍, സോഷ്യലിസ്റ്റ് എന്നീ ഇടത് വലത് കക്ഷികള്‍ക്ക് പുറത്ത് നിന്ന് രണ്ട് സ്ഥാനാര്‍ഥികള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകുന്നത് ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു. ഫ്രഞ്ച് ഭരണഘടന അധികാരത്തില്‍ വന്നത് മുതല്‍ അധികാരം കയ്യാളിയിരുന്നത് സോഷ്യലിസ്റ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികളായിരുന്നു. ഈ കീഴ് വഴക്കമാണ് മക്രോണ്‍ തകര്‍ത്തത്.

യൂറോപ്യന്‍ യൂനിയനില്‍ നിന്നും പുറത്തുപോകുന്ന കാര്യം പരിഗണിക്കണം, അഭയാര്‍ഥികള്‍ക്ക് രാജ്യത്തേക്കുള്ള പ്രവേശനം നിഷേധിക്കണം എന്നീ വാദങ്ങളുമായാണ് ലി പെന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്. എന്നാല്‍ നാറ്റോ സഖ്യത്തിലെ ഫ്രാന്‍സിന്റെ സാന്നിധ്യം, യുറോപ്യന്‍ യൂനിയനിലെ അംഗത്വം എന്നിവ കൂടുതല്‍ ശക്തിപ്പെടുത്തുകയെന്നതായിരുന്നു മക്രോണ്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തിപ്പിടിച്ചത്.

ഫ്രാന്‍സ്വ ഒലാങ് മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മക്രോണിന്റെ വിജയം സര്‍വേകള്‍ പ്രവചിച്ചിരുന്നു. രണ്ടാംഘട്ട തെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ടെലിവിഷന്‍ സംവാദങ്ങളിലും മക്രോണിനായിരുന്നു ജനപ്രീതി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com