സൗദിയില്‍ അറസ്റ്റിലായത് ട്രംപിന്റെ രക്ഷകന്‍; അറസ്റ്റിലായതോടെ സുഹൃത്തിന് നേരെ ചാട്ടവാര്‍ വീശി അമെരിക്കന്‍ പ്രസിഡന്റ്

അമെരിക്കന്‍ പ്രസിഡന്റ് ആവുന്നതിന് മുന്‍പ് ട്രംപ് കടക്കെണിയില്‍പ്പെട്ടപ്പോള്‍ പണം കൊടുത്ത് രക്ഷിച്ചത് അല്‍വലീദായിരുന്നു
സൗദിയില്‍ അറസ്റ്റിലായത് ട്രംപിന്റെ രക്ഷകന്‍; അറസ്റ്റിലായതോടെ സുഹൃത്തിന് നേരെ ചാട്ടവാര്‍ വീശി അമെരിക്കന്‍ പ്രസിഡന്റ്

അഴിമതിക്കെതിരേ വലിയ ശുദ്ധീകരണ പ്രവര്‍ത്തനങ്ങളാണ് സൗദി അറേബ്യയില്‍ നടക്കുന്നത്. മുന്‍ രാജാവിന്റെ മകന്‍ അടക്കമുള്ള നിരവധി രാജകുടുംബാംഗങ്ങളാണ് അഴിമതിയുടെ പേരില്‍ അറസ്റ്റിലായത്. എന്നാല്‍ ലോകം ചര്‍ച്ച ചെയ്യുന്നത് അല്‍വലീദ് ബിന്‍ തലാല്‍ എന്ന ശതകോടീശ്വരന്റെ പതനമാണ്. ആപ്പിള്‍, ട്വിറ്റര്‍ ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര കമ്പനികളില്‍ വരെ നിക്ഷേപമുള്ളയാളാണ് അല്‍വലീദ്. ലോകത്തിലെ വന്‍ സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള അല്‍വലീദിന് 1700 കോടി ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ഫോബ്‌സ് പറയുന്നത്. 

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുഹൃത്തായിരുന്നു അല്‍വലീദ്. എന്നാല്‍ തന്റെ സുഹൃത്തിന്റെ വീഴ്ചയില്‍ തെല്ല് വിഷമംപോലും ട്രംപിനില്ല. മറിച്ച് കിട്ടിയ അവസരം അല്‍വലീദിനെ കളിയാക്കുകയാണ് യുഎസ് പ്രസിഡന്റ്. 'അല്‍വലീദ് തലാല്‍ അച്ഛന്റെ പണമുപയോഗിച്ച് യുഎസ് രാഷ്ട്രീയക്കാരെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഞാന്‍ തെരഞ്ഞെടുക്കപ്പെട്ടതോടെ ഇത് നടക്കാതെ വന്നു' ഇങ്ങനെയായിരുന്നു ട്രംപിന്റെ പ്രതികരണം. 

അഴിമതി ആരോപണത്തില്‍ അറസ്റ്റിലായ ഒരാളെക്കുറിച്ച് ഇത്തരത്തില്‍ അഭിപ്രായപ്പെടുന്നതില്‍ അസ്വഭാവികതയൊന്നുമില്ല. എന്നാല്‍ ഇത് ചര്‍ച്ചയാകാന്‍ കാരണം പണ്ട് ട്രംപും അല്‍വലീദും തമ്മിലുള്ള ബന്ധമാണ്. അമെരിക്കന്‍ പ്രസിഡന്റ് ആവുന്നതിന് മുന്‍പ് ട്രംപ് കടക്കെണിയില്‍പ്പെട്ടപ്പോള്‍ പണം കൊടുത്ത് രക്ഷിച്ചത് അല്‍വലീദായിരുന്നു. പിന്നീട് അമെരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ട്രംപിന്റെ തീരുമാനമാണ് ഇരുവരേയും തമ്മില്‍ അകറ്റിയത്. സൗദി കിരീടാവകാശി മൊഹമ്മെദ് ബിന്‍ തലാലിന്റെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് അല്‍വലീദ് അടക്കമുള്ളവര്‍ക്കെതിരേ നടപടിയെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com