ഇസ്ലാമിന്റെ ആറാമത്തെ തൂണ്: റമദാനെതിരെ കാര്‍ട്ടൂണ്‍; ചാര്‍ലി ഹെബ്ദോയ്ക്കു വീണ്ടും ഭീഷണി

ഇസ്ലാമിന്റെ ആറാമത്തെ തൂണ്: റമദാനെതിരെ കാര്‍ട്ടൂണ്‍; ചാര്‍ലി ഹെബ്ദോയ്ക്കു വീണ്ടും ഭീഷണി

ലൈംഗീക പീഡന ആരോപണം നേരിടുന്ന ഇസ്ലാമിക് പണ്ഡിതന്‍ താരിഖ് റമദാനെതിരെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളുടെ പേരിലാണ് ഇപ്പോള്‍ വാരികയിലേക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്

ഫ്രഞ്ച് ആക്ഷേപഹാസ്യ വാരികയായ ചാര്‍ലി ഹെബ്ദോ വാര്‍ത്തകളില്‍ നിറഞ്ഞത് രണ്ട് വര്‍ഷം മുന്‍പ് ഇവിടെ നടന്ന ഭീകരാക്രമണത്തിന്റെ പേരിലാണ്. വാരികയില്‍ പ്രസിദ്ധീകരിക്കപ്പെട്ട കാര്‍ട്ടൂണാണ് ആക്രമണത്തിന് കാരണമായത്. ചാര്‍ലി ഹെബ്ദോ ഇപ്പോഴും ആക്രമണഭീഷണിയുടെ നിഴലിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ലൈംഗീക പീഡന ആരോപണം നേരിടുന്ന ഇസ്ലാമിക് പണ്ഡിതന്‍ താരിഖ് റമദാനെതിരെ പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളുടെ പേരിലാണ് ഇപ്പോള്‍ വാരികയിലേക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്. 

'ഇസ്ലാമിന്റെ ആറാമത്തെ തൂണ് ഞാനാണ്'  എന്ന് ലിംഗോദ്ധാരണത്തോടെ നില്‍ക്കുന്ന റമദാന്‍ പറയുന്നതാണ് വിവാദ കാര്‍ട്ടൂണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വെ വെയ്ന്‍സ്റ്റെയ്‌നിന് എതിരെയുള്ള ലൈംഗീക ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് സ്വിസ് അധ്യാപകനും ഓക്‌സ്‌ഫോഡിലെ പ്രൊഫസറും ഫ്രാന്‍സിലെ യാഥാസ്ഥിതിക മുസ്ലീം പണ്ഡിതനുമായ റമദാന്‍ പീഡിപ്പിച്ചു എന്നാരോപിച്ച് രണ്ട് സ്ത്രീകള്‍ രംഗത്തെത്തുന്നത്. 

എന്നാല്‍ 55 കാരനായ റമദാന്‍ തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി. തന്റെ എതിരാളികളുടെ കള്ളപ്രചരണമാണ് ഇതെന്നാണ് അദ്ദേഹം പ്രതികരിച്ചത്. വാരികയില്‍ പ്രസിദ്ധീകരിച്ച പ്രവാചകന്‍ മൊഹമ്മെദിനെക്കുറിച്ചുള്ള കാര്‍ട്ടൂണാണ് 2015 ലെ ആക്രമണത്തിന് കാരണമായത്. 12 പേരുടെ ജീവന്‍ എടുത്ത 2015 ലെ ആക്രമണത്തിന് ശേഷവും ഭീഷണി സന്ദേശങ്ങള്‍ വരുന്നതില്‍ കുറവുണ്ടായിരുന്നില്ലെന്ന് വാരികയുടെ എഡിറ്റര്‍ ലോറെന്റ് റിസ്സ് സൗറീസ്യോ പറഞ്ഞു. 

ചില സമയങ്ങളില്‍ വരുന്നത് വളരെ രൂക്ഷമായ ആക്രമണ ഭീഷണികളായിരിക്കും. ഇത്തവണത്തേത് അത്തരത്തിലുള്ള ഭീഷണികളാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീഷണികള്‍ ശരിക്കും ഗൗരവകരമാണോയെന്ന് മനസിലാക്കാന്‍ സാധിക്കാറില്ല. ഇത്തരത്തിലുള്ള എല്ലാ ഭീഷണി സന്ദേശങ്ങളേയും ചാര്‍ലി ഹെബ്ദോ ഗൗരവകരമായാണ് എടുക്കുന്നത്. പുതിയ ഭീഷണികളുമായി ബന്ധപ്പെട്ട് കേസ് രജ്‌സ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ലോറെന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com