അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല; വാര്‍ത്ത നിഷേധിച്ച് സൗദി

രാജകുമാരന്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്നത്  വ്യാജവാര്‍ത്തയാണെന്ന് സൗദി വാര്‍ത്താവിതരണ മന്ത്രാലയം
അബ്ദുള്‍ അസീസ് രാജകുമാരന്‍ മരിച്ചിട്ടില്ല; വാര്‍ത്ത നിഷേധിച്ച് സൗദി

റിയാദ് : സൗദി അറേബ്യ രാജകുടുംബത്തിലെ രാജകുമാരന്‍ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് മരിച്ചിട്ടില്ലെന്ന് സൗദി അറേബ്യ. അദ്ദേഹം ജീവനോടെയുണ്ട്. സുഖമായിരിക്കുന്നു. രാജകുമാരന്‍ കൊല്ലപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്നത്  വ്യാജവാര്‍ത്തയാണെന്ന് സൗദി വാര്‍ത്താവിതരണ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

സൗദി മുന്‍ രാജാവിന്റെ മകനായ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ്, അഴിമതി വിരുദ്ധ വേട്ടയുടെ ഭാഗമായുള്ള അറസ്റ്റ് തടയാന്‍ ശ്രമിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നത്. ഡെത്ത് ഓഫ് പ്രിന്‍സ് അബ്ദുള്‍ അസീസ് എന്ന പേരില്‍ ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതില്‍ വാസ്തവം ഇല്ലെന്നാണ് സൗദി സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. 

അല്‍മസ്ദാര്‍ ന്യൂസ് നെറ്റ് വര്‍ക്കാണ് അസീസ് രാജകുമാരന്റെ മരണവാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍ പിന്നീട് വെബ്‌സൈറ്റ് ഈ വാര്‍ത്ത പിന്‍വലിച്ചിരുന്നു. എന്നാല്‍ അതിനിടെ തന്നെ വാര്‍ത്ത മറ്റ് പലരും   ട്വീറ്റ് ചെയ്തതോടെ മരണം സംബന്ധിച്ച അഭ്യൂഹം പെട്ടെന്ന് പടരുകയായിരുന്നു. 

കിരീടാവകാശി സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമിതി കഴിഞ്ഞ ദിവസം നടത്തിയ ഓപ്പറേഷനില്‍ രാജകുടുംബാംഗങ്ങളും മന്ത്രിമാരും അടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ അബ്ദുള്‍ അസീസ് രാജകുമാരനും ഉള്‍പ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ട്. കോടീശ്വരനായ വ്യവസായി അല്‍ വഹീദ് ബിന്‍ തലാലും അറസ്റ്റിലാവരില്‍പ്പെടുന്നു. 

അതേസമയം മറ്റൊരു രാജകുമാരനായ മന്‍സൂര്‍ ബിന്‍ മൊഖ്‌റോന്‍ യെമന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അപകടകാരണം ഇതുവരെ വെളിവായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com