പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മനിലയില്‍; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത 

ആസിയാന്‍ അമ്പതാം വാര്‍ഷികയോഗത്തില്‍ പങ്കെടുക്കുന്ന നരേന്ദ്രമോദി കിഴക്കനേഷ്യന്‍ ഉച്ചകോടിയിലും പങ്കെടുക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മനിലയില്‍; ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത 

ന്യൂഡല്‍ഹി : തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയിലെത്തും. നാളെ ആസിയാന്‍ അമ്പതാം വാര്‍ഷികയോഗത്തില്‍ പങ്കെടുക്കുന്ന നരേന്ദ്രമോദി ഇന്ത്യാ- ആസിയാന്‍ ഉച്ചകോടിയിലും കിഴക്കനേഷ്യന്‍ ഉച്ചകോടിയിലും പങ്കെടുക്കും. ഉച്ചകോടിയില്‍ പങ്കെടുക്കാനായി യുഎസ് പ്രസിഡന്റ് ഡെണള്‍ഡ് ട്രംപ് അടക്കമുള്ള ലോകനേതാക്കളും ഇന്ന് മനിലയിലെത്തും. 

ഉത്തരകൊറിയയുടെ ആണവപരീക്ഷണങ്ങളും ദക്ഷിണചൈന കടലിലെ ചൈനീസ് ഇടപെടലും ഉള്‍പ്പെടെ തെക്കുകിഴക്കനേഷ്യ നേരിടുന്ന സുരക്ഷാ വെല്ലുവിളികള്‍ ആസിയാന്‍ ഉച്ചകോടി ചര്‍ച്ച ചെയ്യും. ട്രംപിനെ കൂടാതെ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവ്, ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, ദക്ഷിണകൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ തുടങ്ങിയവരും സമ്മേളനത്തില്‍ സംബന്ധിക്കും. 

ഉച്ചകോടിയ്ക്കിടെ, ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുട്ടെര്‍ട്ടുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും മോദി കൂടിക്കാഴ്ച നത്തുമെന്നാണ് റിപ്പോര്‍ട്ട്. ജൂണില്‍ വൈറ്റ്ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനങ്ങളുടെ പുരോഗതി ഇരു നേതാക്കളും വിലയിരുത്തും. നരേന്ദ്രമോദിയുടെ നയങ്ങളെ അടുത്തിടെ ട്രംപ് പുകഴ്ത്തിയിരുന്നു. ഇന്ത്യയുടേത് അത്ഭുതകരമായ വളര്‍ച്ചയാണെന്നും, രാജ്യത്തെ ജനങ്ങളെ വളരെ വിജയകരമായി ഒന്നിപ്പിക്കാന്‍ മോദിക്ക് കഴിഞ്ഞെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com