ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരം ; പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

ഹാഫിസ് സയീദിനെ വീണ്ടും തടങ്കലിലാക്കാത്ത പക്ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകുമെന്ന് വൈറ്റ്ഹൗസ്‌
ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരം ; പാകിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍ : ഐക്യരാഷ്ട്രസഭ ആഗോള ഭീകരനായി മുദ്രകുത്തിയ ഹാഫിസ് സയീദിനെ മോചിപ്പിച്ച പാകിസ്താന്‍ സര്‍ക്കാര്‍ നടപടിക്കെതിരെ അമേരിക്ക. ഹാഫിസ് സയീദിനെ വീണ്ടും തടങ്കലിലാക്കാനും നിയമനടപടികള്‍ക്ക്‌
വിധേയനാക്കാനും അമേരിക്ക പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ ഉണ്ടാകുമെന്നും, കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കി. 

ആഗോള ഭീകരനായ ഹാഫിസ് സയീദിനെ പ്രോസിക്യൂട്ട് ചെയ്യാതെ വിട്ടയച്ച പാകിസ്താന്റെ നടപടി നിയമപരമായ പരാജയമാണ്. ആഗോള ഭീകരവാദത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്നു, ഭീകരര്‍ക്ക് സ്വന്തം മണ്ണില്‍ താവളം ഒരുക്കാന്‍ അനുവദിക്കില്ല എന്നീ പാകിസ്താന്റെ വാദങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ് സയീദിനെ വിട്ടയച്ച നടപടിയെന്ന് അമേരിക്ക കുറ്റപ്പെടുത്തി. സയീദിനെ ഉടന്‍ തന്നെ കസ്റ്റഡിയിലെടുക്കണം. അദ്ദേഹത്തിനെതിരായ കുറ്റങ്ങളില്‍ നിയമപരമായ വിചാരണയ്ക്ക് വിധേയനാക്കുകയും വേണം. അല്ലാത്ത പക്ഷം കടുത്ത പ്രത്യാഘാതങ്ങളാകും പാകിസ്താന്‍ നേരിടേണ്ടി വരികയെന്ന് വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഭീകരര്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ പാകിസ്താന്‍ മടിക്കുന്നു എന്നതിന് തെളിവാണ് സയീദിനെ വിട്ടയച്ച നടപടി എന്ന് ഇന്ത്യ പ്രതികരിച്ചു. ഇന്ത്യയും, ലോക രാജ്യങ്ങള്‍ ഒന്നാകെയും ആവശ്യപ്പെട്ട കൊടുംക്രിമിനലായ ഭീകരനെ വിട്ടയക്കുകയും, ക്രൂരതകള്‍ വീണ്ടും നടപ്പാക്കാന്‍ അനുവദിക്കുകയും ചെയ്യുന്നത്, തീവ്രവാദത്തെ പാകിസ്താന്‍ ഗൗരവമായി എടുക്കുന്നില്ല എന്നതിന് തെളിവാണെന്നും വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. 

മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ് ജമാ അത് ഉദ്ദവ തലവനായ ഹാഫിസ് സയീദ്. ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്യണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പാകിസ്താനോട് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com