തെറ്റിദ്ധാരണകളും അസഹിഷ്ണുതയും അവസാനിപ്പിക്കൂ; ബുദ്ധഭിക്ഷുക്കളോട് മാര്‍പ്പാപ്പ

ബുദ്ധഭിക്ഷുക്കളുടെ പരമോന്നത കൗണ്‍സിലിലെ 47 അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും മാര്‍പാപ്പ, റോഹിന്‍ഗ്യകളെക്കുറിച്ച് പരാമര്‍ശങ്ങളൊന്നും നടത്തിയില്ല.
തെറ്റിദ്ധാരണകളും അസഹിഷ്ണുതയും അവസാനിപ്പിക്കൂ; ബുദ്ധഭിക്ഷുക്കളോട് മാര്‍പ്പാപ്പ

യാങ്കൂണ്‍: മ്യാന്‍മാര്‍ സന്ദര്‍ശിക്കുന്ന മാര്‍പാപ്പാ അവിടുത്തെ വിശ്വാസികള്‍ക്കായി കുര്‍ബാന അര്‍പ്പിച്ചു. യാങ്കൂണിലെ പ്രത്യേക വേദിയില്‍ നടന്ന കുര്‍ബാനയില്‍ ഒന്നരലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. ബുദ്ധഭിക്ഷുക്കളുടെ പരമോന്നത കൗണ്‍സിലായ സംഘയുമായും മാര്‍പാപ്പ ചര്‍ച്ച നടത്തി. 

ബുദ്ധഭിക്ഷുക്കളുടെ പരമോന്നത കൗണ്‍സിലിലെ 47 അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും മാര്‍പാപ്പ, റോഹിന്‍ഗ്യകളെക്കുറിച്ച് പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. എന്നാല്‍ എല്ലാവിധ തെറ്റിദ്ധാരണകളും അസഹിഷ്ണുതയും മുന്‍വിധികളും വിദ്വേഷവും ഉപേക്ഷിക്കാന്‍ മാര്‍പാപ്പ ബുദ്ധഭിക്ഷുക്കളോട് പറഞ്ഞു.

ഒന്നര ലക്ഷത്തിലധികം വിശ്വാസികള്‍ പങ്കെടുത്ത യാങ്കൂണിലെ കയ്ക്കാസന്‍ മൈതാനത്തെ പ്രത്യേക വേദിയില്‍ നടന്ന കുര്‍ബാന മധ്യേയും ക്ഷമയും സഹാനുഭൂതിയും പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകത മാര്‍പാപ്പ എടുത്തുപറഞ്ഞു. മ്യാന്‍മറില്‍ ഒട്ടേറെപ്പേര്‍ അക്രമത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വേദനയും മുറിവുകളും പേറുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷമയും സഹാനുഭൂതിയും കാട്ടാന്‍ അദ്ദേഹം ആഹ്വാനം ചെയ്തത്. പ്രതികാരം ക്രിസ്തുവിന്റെ മാര്‍ഗമല്ലെന്നും കുര്‍ബാനയില്‍ പങ്കെടുത്ത ഒന്നരലക്ഷത്തോളം വരുന്ന വിശ്വാസികളോടായി മാര്‍പാപ്പ പറഞ്ഞു.

നാളെ മ്യാന്‍മറില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മാര്‍പാപ്പ പുറപ്പെടും. രണ്ടു ദിവസത്തെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ ധാക്കയിലുള്ള റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികളെയും മാര്‍പാപ്പ കാണുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com