ചോരയില്‍ കുളിച്ച് കാറ്റലോണിയന്‍ ഹിതപരിശോധന

By സമകാലികമലയാളം ഡെസ്‌ക്   |   Published: 01st October 2017 06:50 PM  |  

Last Updated: 01st October 2017 06:50 PM  |   A+A-   |  

pri_55106612ko;ljkop;kl

മഡ്രിഡ്: സ്‌പെയിനിന്റെ വടക്കുകിഴക്കന്‍ പ്രദേശമായ കാറ്റലോണിയയില്‍ മേഖലാ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഹിതപരിശോധനയ്ക്കിടെ പൊലീസ് അക്രമം. അക്രമത്തില്‍ 38 പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്.

സ്‌പെയിന്‍ ഭരണകൂടത്തിന്റെ വിലക്ക് അവഗണിച്ചാണ് കാറ്റലോണിയയില്‍ സ്വാതന്ത്ര്യ ഹിതപരിശോധന നടത്തിയത്. പോളിങ് സ്‌റ്റേഷനുകളിലേക്ക് തള്ളിക്കയറിയ പൊലീസ് വോട്ടെടുപ്പ് തടസ്സപ്പെടുത്തി ജനങ്ങളെ അടിച്ചോടിക്കുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. കലാപം തടയുന്നതിനുള്ള പരിശീലനം ലഭിച്ച പൊലീസിനെയാണ് ബാര്‍സിലോനയില്‍ ഉള്‍പ്പെടെ പോളിങ് സ്‌റ്റേഷനുകളില്‍ നിയോഗിച്ചിരുന്നത്.

പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് റബര്‍ ബുള്ളറ്റ് പ്രയോഗവും നടത്തി. ബാര്‍സിലോനയില്‍ നിന്നാണ് റബര്‍ ബുള്ളറ്റ് പ്രയോഗമുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍. ബാലറ്റ് പെട്ടികള്‍ പിടിച്ചെടുക്കുന്നതിനിടെയായിരുന്നു അക്രമം. 
ഹിരോണ പ്രവിശ്യയിലെ പോളിങ് സ്‌റ്റേഷനുകളിലൊന്നില്‍ കാറ്റലോണിയന്‍ വിഘടനവാദി നേതാവ് കാള്‍സ് പഗ്ഡമന്‍ഡ് വോട്ടു ചെയ്യാനെത്തുന്നതിനു തൊട്ടുമുന്‍പായിരുന്നു പൊലീസ് ഇരച്ചു കയറിയത്. ജനങ്ങളുടെ മുദ്രാവാക്യം വിളിക്കും കാറ്റലോണിയന്‍ ദേശീയഗാനാലാപനത്തിനുമിടയില്‍ പൊലീസ് ചില്ലുവാതില്‍ തല്ലിത്തകര്‍ത്ത് അകത്തുകയറുകയായിരുന്നു.

അനുകൂല ജനവിധിയുണ്ടായാല്‍ 48 മണിക്കൂറിനകം സ്വാതന്ത്ര്യം പ്രഖ്യാപിക്കാനാണു മേഖലാ സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ മാസം ആറിനാണു കാറ്റലോണിയ പാര്‍ലമെന്റ് ഹിതപരിശോധനയ്ക്ക് അംഗീകാരം നല്‍കിയത്. പിറ്റേന്നു ഹിതപരിശോധന വിലക്കി രാജ്യത്തെ ഭരണഘടനാ കോടതി ഉത്തരവിട്ടു. സ്‌പെയിനിലെ ഏറ്റവും സമ്പന്നമായ മേഖലയായ കാറ്റലോണിയ സ്വതന്ത്ര ഭരണപ്രദേശമാണ്. സ്വന്തം ഭാഷയും സംസ്‌കാരവുമുണ്ട്.