കാറ്റലോണിയ രാഷ്ട്രപദവിക്ക് അവകാശം നേടിയെന്ന് വിമതര്‍; എതിര്‍ത്ത് സര്‍ക്കാരും

By സമകാലികമലയാളം ഡെസ്‌ക്  |   Published: 02nd October 2017 08:31 AM  |  

Last Updated: 02nd October 2017 08:31 AM  |   A+A-   |  

Independence-Referendumyuyyiyu

ലണ്ടന്‍: സ്‌പെയിനില്‍ പുതിയ രാജ്യം വേണമെന്ന ആവശ്യവുമായി ഹിതപരിശോധന നടത്താനൊരുങ്ങിയ കാറ്റലോണിയക്കാരെ പൊലീസ് തടഞ്ഞു. സംഘര്‍ഷത്തില്‍ ആയിരത്തിലേറ പേര്‍ക്കു പരുക്കേറ്റു. സ്‌പെയിനില്‍നിന്നും വേര്‍പെട്ട് കാറ്റലോണിയക്കാര്‍ പുതിയ രാജ്യമാകാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായുള്ള ഹിതപരിശോധന സ്പാനിഷ് ഭരണഘടനാ കോടതി വിലക്കിയിരുന്നു. ഈ വിലക്ക് ലംഘിച്ച് ഇന്നലെ ആയിരക്കണക്കിന് കാറ്റലോണിയക്കാര്‍ ഹിതപരിശോധനയ്ക്കായി അവര്‍തന്നെ ഒരുക്കിയ പോളിങ് ബൂത്തുകളിലേക്ക് എത്തിയതാണ് വന്‍ സംഘര്‍ഷത്തിന് കാരണമായത്.

അതേസമയം പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനിടയിലും ഹിതപരിശോധനയിലൂടെ കാറ്റലോണിയക്കാര്‍ സ്വതന്ത്ര രാഷ്ട്രപദവിക്കുള്ള അവകാശം നേടിയതായി കാറ്റാലന്‍സ് നേതാവ് കാര്‍ലസ് പ്യൂഗ്‌ഡെമൗണ്ട് അവകാശപ്പെട്ടു. ഹിതപരിശോധനാഫലം അടുത്തദിവസം കറ്റാലന്‍ പാര്‍ലമെന്റില്‍ വയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി വൈകി ബാര്‍സിലോന നഗരത്തില്‍ കാറ്റലോണിയക്കാരാണ് സ്വതന്ത്ര രാഷ്ട്രമെന്ന ആവശ്യം ഉന്നയിക്കുന്നത്. സ്‌പെയിനിന്റെ പ്രധാന സാമ്പത്തിക ശക്തികേന്ദ്രങ്ങളിലൊന്നാണ് കാറ്റലോണിയ.

പൊലീസിന്റെ എതിര്‍പ്പിനെത്തുടര്‍ന്ന് പോളിങ് ബൂത്തുകളിലെത്തിയവര്‍ക്ക് നേരെ പൊലീസ് കടുത്ത അക്രമമാണ് അഴിച്ചുവിട്ടത്. പലയിടത്തും വിഘടനവാദികളും പൊലീസും തമ്മില്‍ ശക്തമായ ഏറ്റുമുട്ടലുണ്ടായി. പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് റബര്‍ ബുള്ളറ്റ് പ്രയോഗവും നടത്തി. ബാര്‍സിലോനയില്‍ നിന്നാണ് റബര്‍ ബുള്ളറ്റ് പ്രയോഗമുണ്ടായതായുള്ള റിപ്പോര്‍ട്ടുകള്‍. 

ഔദ്യോഗിക കണക്കനുസരിച്ച് അക്രമത്തില്‍ 761 പേര്‍ക്ക് പരുക്കേറ്റതായാണ് വിവരം. എന്നാല്‍ യഥാര്‍ഥ സംഖ്യ ഇതിലും ഏറെയാണ്. നിരവധി പൊലീസുകാര്‍ക്കും സംഘട്ടനത്തില്‍ പരുക്കുണ്ട്. അതേസമയം നിയമവിരുദ്ധമായ വോട്ടെടുപ്പില്‍ പങ്കെടുത്ത കാറ്റാലന്‍സ് വിഡ്ഢികളായെന്ന് സ്പാനിഷ് പ്രധാനമന്ത്രി മാരിയാനോ റജോയ് ആക്ഷേപിച്ചു.