റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മനുഷ്യാവകാശമില്ല: വിചിത്ര വാദവുമായി കേന്ദ്രസര്‍ക്കാര്‍

By സമകാലികമലയാളം ഡെസ്‌ക്  |   Published: 03rd October 2017 09:45 PM  |  

Last Updated: 03rd October 2017 09:45 PM  |   A+A-   |  

rohingugjgjgy

ന്യൂഡല്‍ഹി: റോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലിക അവകാശങ്ങള്‍ അനുവദിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. വിദേശികള്‍ക്ക് പോലും അനുവദിക്കാവുന്ന ഇത്തരം മൗലിക അവകാശങ്ങള്‍ക്ക് അനധികൃത കുടിയേറ്റക്കാരായ റോഹിന്‍ഗ്യകള്‍ അര്‍ഹരല്ലെന്നാണ് കേന്ദ്രം വാദിക്കുന്നത്. തങ്ങളെ തിരിച്ചയക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ റോഹിന്‍ഗ്യകള്‍ നല്‍കിയ ഹര്‍ജി കോടതിയില്‍ പരിഗണിക്കുന്നതിനിടക്കായിരുന്നു കേന്ദ്രത്തിന്റെ പരാമര്‍ശം.

വിവിധ രാജ്യാന്തര സംഘടനകള്‍ ഇക്കാര്യത്തില്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ക്ക് തികഞ്ഞ ബോധ്യമുണ്ടെന്ന് കോടതിയില്‍ ഹാജരാക്കിയ സത്യാവാങ്മൂലത്തില്‍ കേന്ദ്രം പറഞ്ഞു. എന്നാല്‍ നിയമാനുസരണം മാത്രമാണ് ഇന്ത്യ ഇക്കാര്യത്തില്‍ നിലപാട് കൈക്കൊണ്ടിട്ടുള്ളത്. അഭയാര്‍ത്ഥികളെ സംബന്ധിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ കരാറില്‍ ഇന്ത്യ ഒപ്പിട്ടിട്ടില്ല. അതിനാല്‍ തന്നെ ദേശീയ സുരക്ഷ കണക്കിലെടുത്ത് രാജ്യത്തെ നിയമങ്ങളെ അടിസ്ഥാനമാക്കി അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ നിന്നും ഒരു അന്താരാഷ്ട്ര നിയമത്തിനും ഇന്ത്യയെ തടയാനുമാകില്ലെന്നും കേന്ദ്രം കോടതിയില്‍ വ്യക്തമാക്കി.

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ഇന്ത്യയില്‍ നിന്ന് പുറത്താക്കരുതെന്ന് യുഎന്‍ അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നതിനിടയ്ക്കാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. റോഹിന്‍ഗ്യകള്‍ക്കിടയില്‍ നിന്നുള്ള എആര്‍എസ്എ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിന്റെ പേരുപറഞ്ഞാണ് കേന്ദ്രം ഘോഹിന്‍ഗ്യകളെ മുഴുവന്‍ ഇന്ത്യയില്‍ നിന്ന് പറഞ്ഞയക്കാനൊരുങ്ങുന്നത്. 

കുറച്ചുകാലങ്ങളായി ഇന്ത്യയിലേക്ക് കുടിയേറി താമസം തുടങ്ങിയ റോഹിന്‍ഗ്യകള്‍ ചെറിയ ചെറിയ ജോലികള്‍ ചെയ്ത് വളരെ കഷ്ടപ്പെട്ടാണ് ഇന്ത്യയില്‍ ജീവിക്കുന്നത്. ഇന്ത്യയ്ക്ക് സുരക്ഷാ ആശങ്കയുണ്ടെങ്കില്‍, എല്ലാ റോഹിങ്ക്യ മുസ്ലീങ്ങളെയും ഒരേ കണ്ണിലൂടെയല്ല കാണേണ്ടതെന്നും ലോകത്തിലെ തന്നെ ഏറ്റവും പീഡനമനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗമായ ഇവര്‍ക്ക് പിന്തുണ നല്‍കുകയാണ് വേണ്ടതെന്നും ആംനെസ്റ്റി ഇന്റര്‍നാഷനല്‍ വ്യക്തമാക്കിയിരുന്നു.