സോറി, ഇനി ഒരു കാര്യം മാത്രമാണ് നടക്കുക; ഉത്തരകൊറിയയെ ആക്രമിച്ചേക്കുമെന്ന സൂചനയുമായി ട്രംപ്

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 08th October 2017 11:07 AM  |  

Last Updated: 08th October 2017 11:07 AM  |   A+A-   |  

വാഷിങ്ടണ്‍: ഉത്തരകൊറിയയ്ക്ക് നേരെ സൈനിക നടപടി സ്വീകരിച്ചേക്കുമെന്ന പരോക്ഷ സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭരണകൂടവും പ്രസിഡന്റുമാരും 25 വര്‍ഷമായി ഉത്തരകൊറിയയോട് ചര്‍ച്ച നടത്തുന്നു. പലതവണ കരാറുകള്‍ ഒപ്പുവച്ചു. 
ധാരാളം പണം നല്‍കിയിട്ടുണ്ട്. അതൊന്നും ഇതുവരെ നടപ്പായിട്ടില്ല. കരാറുകള്‍ മഷിയുണങ്ങുന്നതിനു മുന്‍പ് ലംഘിക്കപ്പെട്ടു. മധ്യസ്ഥന്‍മാരെ വിഡ്ഢികളാക്കുകയായിരുന്നു അവര്‍. സോറി, ഇനി ഒരു കാര്യം മാത്രമാണ് നടക്കുക,സൈനിക നീക്കമെന്ന സൂചന നല്‍കി ട്രംപ് പറഞ്ഞു.

കൊറിയയെ ഉന്മൂലനം ചെയ്യുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.ലോകരാജ്യങ്ങളുടെ മുന്നറിയിപ്പുകള്‍ എല്ലാം തള്ളിക്കളഞ്ഞ് ആണവായുധങ്ങള്‍ പരീക്ഷിക്കുകയും നിരന്തരം അമേരിക്കയെ പ്രകോപിക്കുകയുമാണ് ഉത്തരകൊറിയ. 

അമേരിക്കയുടെ പശ്ചിമതീരം ലക്ഷ്യമിട്ടു ദീര്‍ഘദൂര മിസൈല്‍ പരീക്ഷിക്കാനൊരുങ്ങുകയാണ് ഉത്തര കൊറിയെന്നു പോങ്ങ്യാങ് 
സന്ദര്‍ശിച്ച റഷ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.