നവജാത ശിശുവിനെ കൊലപ്പെടുത്തി; ഭാര്യയെ നിരന്തരം ബലാത്സംഗം ചെയ്തു; അഫ്ഗാന്‍ ഭീകരത വെളിപ്പെടുത്തി ബോയല്‍

നവജാത ശിശുവായിരിക്കെയാണ് മകളെ ഭീകരര്‍ കൊലപ്പെടുത്തിയതെന്നും അഞ്ചു വര്‍ഷത്തിനിടെ പലപ്പോഴായി ഭാര്യയെ ബലാത്സംഗം ചെയ്തതായും ബോയല്‍
നവജാത ശിശുവിനെ കൊലപ്പെടുത്തി; ഭാര്യയെ നിരന്തരം ബലാത്സംഗം ചെയ്തു; അഫ്ഗാന്‍ ഭീകരത വെളിപ്പെടുത്തി ബോയല്‍

ടൊറാന്റോ: അഫ്ഗാന്‍ സന്ദര്‍ശനത്തിനിടെ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ ദമ്പതികള്‍ നേരിട്ടത് ക്രൂര പീഡനങ്ങള്‍. തന്റെ മകളെ ഭീകരര്‍ കൊലപ്പെടുത്തിയെന്നും ഭാര്യയെ തുടര്‍ച്ചയായി മാനഭംഗപ്പെടുത്തിയെന്നും കനേഡിയന്‍ പൗരന്‍ ജോഷ്വ ബോയല്‍ പറയുന്നു. ഗര്‍ഭിണിയായിരിക്കെ ഭാര്യ സെയ്റ്റ്‌ലന്‍ കോള്‍മാനൊപ്പമാണ് 2012ല്‍ ജോഷ്വയെ ഭീകരര്‍ തട്ടികൊണ്ടുപോയത്.താലിബാനു കീഴിലെ ഹഖാനി ഭീകരശൃംഖല പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോയ ഇവരെ കഴിഞ്ഞ ദിവസം പാക് സൈന്യം രക്ഷപ്പെടുത്തിയിരുന്നു. യുഎസ് നല്‍കിയ വിവരങ്ങളുടെ പാക് സൈന്യം നടത്തിയ നീക്കമാണ് ദമ്പതികള്‍ക്കു തുണയായത്.

മോചിപ്പിക്കപ്പെട്ട ദമ്പതികളും മൂന്നു മക്കളും ഇന്നലെ രാത്രിയോടെ കാനഡയിലെത്തി. തുടര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബോയല്‍ ക്രൂരത വെളിപ്പെടുത്തിയത്. നവജാത ശിശുവായിരിക്കെയാണ് മകളെ ഭീകരര്‍ കൊലപ്പെടുത്തിയതെന്നും അഞ്ചു വര്‍ഷത്തിനിടെ പലപ്പോഴായി ഭാര്യയെ ബലാത്സംഗം ചെയ്തതായും ബോയല്‍ പറഞ്ഞു. കരുത്തുറ്റ മനസ്സും ഇച്ഛാശക്തിയുമാണ് കുടുംബത്തെ മുന്നോട്ടു നയിച്ചത്. ഇനി കുടുംബത്തിനൊപ്പം സ്വസ്ഥ ജീവിതം നയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ തടവുജീവിതം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പുറത്തുപറയാന്‍ അദ്ദേഹം തയാറായില്ല. ബോയലിനും കുടുബത്തിനുമാവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് കനേഡിയന്‍ സര്‍ക്കാരും അറിയിച്ചിട്ടുണ്ട്. 

പാകിസ്ഥാനില്‍ നിന്നു ലണ്ടനിലേക്കും അവിടെ നിന്ന് ടൊറന്റോയിലേക്കുമാണ് ബോയലും കുടുംബവും എത്തിയത്. വിമാനയാത്രയ്ക്കിടെ അസോസിയേറ്റഡ് പ്രസിന്റെ ചോദ്യങ്ങള്‍ക്ക് എഴുതി നല്‍കിയ ഉത്തരങ്ങളിലാണ് ചിലകാര്യങ്ങള്‍ പറഞ്ഞത്.യുഎസ് സ്‌റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഉദ്യോഗസ്ഥരും വിമാനത്തില്‍ ഒപ്പമുണ്ടായിരുന്നു. മൂന്നു കുട്ടികളില്‍ ഒരാളുടെ ആരോഗ്യനില മോശമായിരുന്നതിനാല്‍ പാകിസ്ഥാനില്‍ വച്ചു തന്നെ വൈദ്യസഹായം തേടിയിരുന്നു. അതേസമയം ഭീകരരുടെ നീക്കങ്ങളെപ്പറ്റി ഉള്‍പ്പെടെ അറിയാന്‍ ബോയലുമായി കൂടിക്കാഴ്ചയ്ക്ക് വിവിധ സുരക്ഷാ ഏജന്‍സികള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കുകയാണു വേണ്ടതെന്നും കനേഡിയന്‍ അധികൃതര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com