'വിപ്ലവകാരികള്‍ കൊല്ലപ്പെട്ടാലും അവരുടെ ആശയങ്ങളെ ഇല്ലാതാക്കാനാകില്ല'; ആഫ്രിക്കന്‍ ചെ ഗുവേര കൊല്ലപ്പെട്ടിട്ട് 30 വര്‍ഷങ്ങള്‍

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 15th October 2017 01:08 PM  |  

Last Updated: 15th October 2017 01:08 PM  |   A+A-   |  

 

ഫ്രിക്കന്‍ ചെ ഗുവേര എന്നറിപ്പെടുന്ന ബുര്‍ക്കിനാ ഫാസോ വിമോചന നായകും പ്രസിഡന്റുമായിരുന്ന തോമസ് സന്‍കര കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് 30 വര്‍ഷം തികയുന്നു. ഫ്രഞ്ച് കോളനിയായിരുന്ന അപ്പര്‍ വോള്‍ട്ട എന്ന ആഫ്രിക്കന്‍ രാജ്യത്തെ ജനകീയ,സായുധ പ്രക്ഷോഭത്തിലൂടെ വിമോചിപ്പിച്ച നേതാവായിരുന്നു  തോമസ് ഇസിഡോർ നോയൽ സൻകര.

1983ലാണ് 33 വയസ്സ് മാത്രം പ്രായമുള്ളപ്പോള്‍ സൈനിക ഉദ്യോഗസ്ഥനായിരുന്ന സന്‍കര, ഫ്രഞ്ച് കോളനി ഭരണകൂടത്തിനെതിരെ ജനകീയ പിന്തുണയോടെ പട്ടാള അട്ടിമറി  സംഘടിപ്പിച്ച്  ഭരണം പിടിച്ചെടുത്തത്. 1987ല്‍ മറ്റൊരു പട്ടാള അട്ടിമറിയിലൂടെ ഫ്രഞ്ച് സൈന്യം വധിക്കുന്നതുവരെ  ബുര്‍ക്കിനാ ഫാസോ ഭരിച്ച സന്‍കര, വിപ്ലവകരമായ മാറ്റങ്ങളാണ് രാജ്യത്ത് വരുത്തിയത്. ഈ പ്രവര്‍ത്തനമാണ് സന്‍കരയ്ക്ക് ആഫ്രിക്കന്‍ ചെ ഗുവേര എന്ന പേര് നേടിക്കൊടുത്തത്. 

ക്യൂബന്‍ വിപ്ലവ നേതാവ് ചെ ഗുവേരയുടെ അമ്പതാം ചരമ വാര്‍ഷികം ആചരിക്കുന്ന സന്ദര്‍ഭത്തിലാണ് സന്‍കരയുടെ മുപ്പതാം ചരമവാര്‍ഷികവും ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്. ആഫ്രിക്ക കണ്ട ഏറ്റവും മഹാനായ വിപ്ലവകാരി എന്നാണ് ലോകമാധ്യമങ്ങള്‍ സന്‍കരയെ വിശേഷിപ്പിക്കുന്നത്. 

ഫ്രാന്‍സിന്റെ കയ്യില്‍ നിന്നും രാജ്യം പിടിച്ചെടുത്ത ശേഷം അപ്പര്‍ വോള്‍ട്ട എന്ന ഫ്രഞ്ച് പേര് മാറ്റി 'നീതിമാനായ മനുഷ്യന്‍' എന്നര്‍ത്ഥം വരുന്ന ബുര്‍ക്കിനാ ഫാസോ എന്നാക്കി മാറ്റിയ സന്‍കര, ഐഎംഎഫിനേയും ലോക ബാങ്കിനേയും ആശ്രിയിച്ചു കഴിയേണ്ട കാര്യമില്ലെന്നും പകരം കൃഷിടിയങ്ങളില്‍ അധ്വാനിക്കാനും സ്വന്തം രാജ്യത്തെ സാമ്പത്തിക മേഖല ശക്തിപ്പെടുത്താനും ജനങ്ങളോട് ആഹ്വാനം ചെയ്തു. ഇതിന്റെ ഭാഗമായി ഭൂപ്രഭുക്കന്‍മാരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് കര്‍ഷകര്‍ക്ക് നല്‍കി.

രാജ്യത്ത് വന്നിരുന്ന വിദേശ ഫണ്ടുകള്‍ വേണ്ടെുന്നുവെച്ച തീരുമാനത്തെ ന്യായീകരിക്കാന്‍ സന്‍കര പറഞ്ഞത് നിങ്ങളെ പോറ്റുന്നവര്‍ നിങ്ങളെ നിയന്ത്രിക്കും എന്നായിരുന്നു.

രാജ്യത്തെ ധാതുഖനികള്‍ ദേശസാത്കരിച്ചതായിരുന്നു സന്‍കരയുടെ അടുത്ത ഭരണപരിഷ്‌കാരം. ആഫ്രിക്കക്കാര്‍ ആരുടേയും അടിമകളല്ലെന്നും വെളുത്ത വര്‍ഗക്കാര്‍ കറുത്തവര്‍ഗക്കാരെ ഭരിക്കാന്‍ വരേണ്ടതില്ലെന്നും സന്‍കര പ്രഖ്യാപിച്ചു. 

ആഫ്രിക്കയില്‍ ആദ്യമായി വലിയതോതില്‍ സ്ത്രീപക്ഷ നടപടികള്‍ കൈക്കൊണ്ട ഭരണാധികാരിയും സന്‍കര തന്നെയായിരുന്നു. അക്കാലത്ത് അന്നാട്ടില്‍ വ്യാപകമായിരുന്ന പെണ്‍ചേലാ കര്‍മം നിര്‍ത്തലാക്കിയ സന്‍കര, ബഹുഭാര്യത്വവും നിര്‍ബന്ധിത വിവാഹങ്ങളും അവസാനിപ്പിച്ചു. 
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയ അദ്ദേഹം സ്ത്രീകളെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്ക്‌ ഉയര്‍ത്തി. 

എല്ലാ ഗ്രാമങ്ങളിലും മെഡിക്കല്‍ ഡിസ്പന്‍സറികള്‍ സ്ഥാപിച്ച സന്‍കര, മാധ്യമങ്ങള്‍ക്ക് രാജ്യത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.രാജ്യ നന്‍മയ്ക്കായി താന്‍ ചെയ്യുന്ന പ്രവര്‍ത്തികള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുമെന്നും വിദേശ ശക്തികളെക്കുറിച്ച് ഇല്ലാക്കഥകള്‍ പറഞ്ഞ് സമൂഹത്തെ നശിപ്പിക്കുമെന്നുമായിരുന്നു മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയതിന് സന്‍കര നല്‍കിയ വിശദീകരണം. 

19ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന സന്‍കര, മഡഗസ്‌കറില്‍ സൈനിക പരിശീലനത്തിന് എത്തപ്പെട്ടതോടെയാണ് മാര്‍ക്‌സിസ്റ്റ് ആശയത്തോട് ആകൃഷ്ടനാകുന്നത്. മഡഗസ്‌കറില്‍ നടന്ന ഭരണകൂട വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങളാണ് മാര്‍ക്‌സിനേയും ലെനിനേയും വായിക്കുന്നതിലേക്ക് തന്നെ കൊണ്ടെത്തിച്ചതെന്നും താന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടരാന്‍ കാരണമെന്നും അദ്ദേഹം പിന്നീട് പറയുകയുണ്ടായി. 

സന്‍കരയുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിനകത്തും പുറത്തും ധാരാളം ശത്രുക്കളെ സൃഷ്ടിച്ചിരുന്നു.  1987 ഒക്ടോബര്‍ 15ന്  ഫ്രഞ്ച് ഭരണകൂടത്തിന്റെ സഹായത്തോടെ മറ്റൊരു സൈനിക അട്ടിമറിയിലൂടെ എതിരാളികള്‍ അദ്ദേഹത്തെ കൊലപ്പെടുത്തി. കൊല്ലപ്പെടുന്നതിന് ഒരാഴ്ച മുമ്പ് സന്‍കര നടത്തിയ പ്രസിദ്ധമായ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'വിപ്ലവകാരികള്‍ വ്യക്തികളെന്ന നിലയില്‍ കൊല ചെയ്യപ്പെട്ടേക്കാം, എങ്കിലും അവരുടെ ആശയങ്ങളെ ഇല്ലാതാക്കാനാകില്ല'.