ഗൗരി ലങ്കേഷ് മോഡല്‍ കൊല മാള്‍ട്ടയിലും; അഴിമതി തുറന്നുകാട്ടിയെ മാധ്യമ പ്രവര്‍ത്തകയെ വധിച്ചു
By സമകാലിക മലയാളം ഡെസ്ക് | Published: 17th October 2017 10:38 AM |
Last Updated: 17th October 2017 10:38 AM | A+A A- |

galizia
വലെറ്റ: മാള്‍ട്ടയില്‍ സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടിയ നവ മാധ്യമ പ്രവര്‍ത്തക ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. ഡാഫനെ കരുവാന ഗലിസിയയാണ് കാര്‍ ബോംബ് സ്ഫോടനത്തില്‍ മരിച്ചത്. പ്രധാനമന്ത്രി ജോസഫ് മസ്കറ്റാണ് കൊലപാതക വിവരം പുറത്തുവിട്ടത്.
കിരാതമായ നടപടിയാണ് ഗലിസിയയുടെ കൊലപാതകമെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ ഏജന്‍സിക്കു കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജോസഫ് മസ്കറ്റ് അറിയിച്ചു.
മാള്‍ട്ട സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളിലെ അഴിമതി പുറത്തുകൊണ്ടുവന്ന പനാമ പേപ്പേഴ്സ് വെളിപ്പെടുത്തലുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ഗലിസിയയുടെ ബ്ലോഗിലെ വിവരങ്ങളായിരുന്നു. അഴിമതി വിവാദം ശക്തമായപ്പോള്‍ പ്രധാനമന്ത്രി മസ്കറ്റ് നാലു മാസം മുമ്പ് തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും വീണ്ടും ഭരണത്തിലെത്തുകയും ചെയ്തിരുന്നു. ഗലീസിയയുടെ ആരോപണങ്ങളില്‍ ഒന്നെങ്കിലും തെളിഞ്ഞാല്‍ രാജിവയ്ക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.