അമേരിക്കയിലെ മലയാളി ബാലികയുടെ തിരോധാനം; ഡ്രോണില്‍ പ്രതീക്ഷയര്‍പ്പിച്ച് പൊലീസ് സംഘം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th October 2017 05:43 PM  |  

Last Updated: 18th October 2017 05:43 PM  |   A+A-   |  

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മലയാളി ബാലികയെ കാണാതായ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഡ്രോണുകളുടെ സഹായത്തോടെ മൂന്നുവയസുകാരിയായ ഷെറിന്‍ മാത്യൂസിനെ കണ്ടെത്താനുളള ശ്രമത്തിലാണ് പൊലീസ്. പെണ്‍കുട്ടിയെ ജീവനോടെ പിടികൂടാന്‍ കഴിയുമെന്ന് റിച്ചാര്‍ഡ്‌സണ്‍ പൊലീസ് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ സമയം ആണ് ഇവിടെ വില്ലനായി നില്‍ക്കുന്നതെന്നും അവര്‍ ആശങ്ക രേഖപ്പെടുത്തി. ഷെറിന്‍ മാത്യൂസിന്റെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശത്താണ് മുഖ്യമായി ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ തുടരുന്നത്. നേരത്തെ കുട്ടിയുടെ തിരോധനവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കൂടുതല്‍ കൃത്യതയാര്‍ന്ന ഉത്തരങ്ങള്‍ നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചു. 

ഒക്ടോബര്‍ ഏഴിനാണ് നാടിനെ നടുക്കിയ സംഭവം. അമേരിക്കയിലെ ടെക്‌സാസില്‍ പുലര്‍ച്ചെ മൂന്നുമണിക്കും രാവിലെ എട്ടുമണിക്കും ഇടയില്‍ ഷെറിന്‍ മാത്യൂസിനെ കാണാതായി എന്നാണ് പൊലീസ് ഭാഷ്യം.  സംഭവത്തിന് ഉത്തരവാദിയെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പിതാവ് വെസ്ലി മാത്യൂസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ കാണാതായ സമയത്ത് തന്റെ എസ് യുവി കാര്‍ അപ്രത്യക്ഷമായത് ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ വെസ്ലി മാത്യൂസിന്റെ മൊഴികളിലെ പൊരുത്തക്കേടുകളാണ് അറസ്റ്റിലേക്ക് കലാശിച്ചത്. പാലുകുടിക്കാന്‍ വിസമ്മതിച്ചതിനുളള ശിക്ഷയായി ഷെറിനെ വീടിന് സമീപമുളള മരചുവട്ടില്‍ നിര്‍ത്തുകയും തുടര്‍ന്ന് കുട്ടിയെ കാണാതായി എന്നുമാണ് വെസ്ലി മാത്യൂസിന്റെ മൊഴി.