തയ്‌വാന്റെ സ്വാതന്ത്ര്യ മോഹങ്ങള്‍ ഒരിക്കലും നടപ്പാകില്ലെന്ന് ചൈന

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 18th October 2017 07:22 PM  |  

Last Updated: 18th October 2017 07:22 PM  |   A+A-   |  

 

ബെയ്ജിങ്: തയ്‌വാന്റെ സ്വാതന്ത്ര്യ മോഹങ്ങള്‍ ഒരിക്കലും നടപ്പാകില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പത്തൊന്‍പതാമത് പാര്‍ട്ടി കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്നതിനിടയിലാണ് തയ്‌വാന്‍ ഒരിക്കലും സ്വാതന്ത്ര്യം നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കിയത്.എന്നാല്‍ തയ്‌വാനിലെ ജനങ്ങളാണ് അവരുടെ ഭാവി തീരുമാനിക്കേണ്ടതെന്ന് തയ്‌വാന്‍ പ്രതികരിച്ചു.

ജനാധിപത്യ തയ്‌വനെ ചൈനയുടെ പ്രവിശ്യയായിട്ടാണ് ചൈന കാണുന്നത്. എന്നാല്‍ ഇതുവരെ തയ്‌വാനെ നിയന്ത്രിക്കാന്‍ ചൈന സൈന്യത്തെ ഉപയോഗിച്ചിട്ടില്ല.

തയ്‌വാനുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കാന്‍ 2015ല്‍ അന്നത്തെ തയ്‌വാന്‍ പ്രസിഡന്റ് മാ യിങ് ജിയോയുമായി സിംഗപ്പൂരില്‍വച്ച് ചിന്‍പിങ് ചര്‍ച്ച നടത്തിയെങ്കിലും പിന്നീടു കാര്യമായ പുരോഗതിയുണ്ടായില്ല.

തയ്‌വാന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുടെ സായ് ഇങ് വെന്‍ കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ തയ്‌വന്റെ സ്വാതന്ത്ര്യത്തിനായുള്ള ആവശ്യം കൂടുതല്‍ ശക്തമായിരിക്കുകയാണ്.