ഒബാമയുടെ പ്രണയലേഖനങ്ങള്‍ പുറത്ത്; ആ കാമുകി മിഷേലല്ല

Published: 20th October 2017 06:23 PM  |  

Last Updated: 20th October 2017 06:23 PM  |   A+A-   |  

obama

ന്യൂയോര്‍ക്: 'നിന്നോടുള്ള താല്‍പര്യം വായു പോലെ വ്യാപിച്ചതും നിന്നിലുള്ള വിശ്വാസം കടലുപോല ആഴമുള്ളതും എന്റെ പ്രണയം സമ്പന്നവും സമൃദ്ധവുമാണ്.'  തന്റെ പ്രണയിനിയില്‍ നിന്ന് അകന്നു പോകേണ്ടിവന്നതിന്റെ ദുഖം വാക്കുകളില്‍ കോര്‍ത്തുകൊണ്ട് അവന്‍ എഴുതി. 80 കളില്‍ എഴുതിയ ഈ പ്രണയലേഖനങ്ങള്‍ വാര്‍ത്തയാകുന്നത് ഇവരുടെ പ്രണയ തീവ്രത കൊണ്ടല്ല. ഇത് എഴുതിയ കാമുകന്‍ ബരാക് ഒബാമ എന്നായതുകൊണ്ടാണ്. 

യുഎസ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഈ പ്രണയ കഥയിലെ നായകന്‍.  ഈ കത്തുകള്‍ എഴുതിയത് മിഷേല്‍ ഒബാമക്കു വേണ്ടിയല്ല. കോളേജ് പഠന കാലത്തെ കാമുകി അലക്‌സാന്‍ഡ്ര മക്‌നിയറിനായാണ്. 1980കളില്‍ ഒബാമ എഴുതിയ പ്രണയവും വിരഹവും നിറഞ്ഞ ഒമ്പത് പ്രണയലേഖനങ്ങളാണ് ഇമോറി യൂണിവേഴ്‌സിറ്റി പുറത്തുവിട്ടത്. 

കാലിഫോര്‍ണിയയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയതിന് ശേഷം 1982-84 കാലഘട്ടത്തിലാണ് ഒബാമ ഈ കത്തുകള്‍ എഴുതിയത്. അലക്‌സാന്‍ഡ്രയെ പിരിഞ്ഞതിന്റെ ദുഖവും അവളോടുള്ള പ്രണയവുമാണ് കത്തുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അകന്നുകഴിഞ്ഞിരുന്നപ്പോഴും തുടര്‍ന്ന ഇരുവരുടെ ബന്ധത്തിന്റെ ദൃഢതയും കത്തുകളില്‍ വ്യക്തമാകുന്നു. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന മനോഹര നിമിഷങ്ങളെക്കുറിച്ചുള്ള ഓര്‍മകളും അദ്ദേഹം പങ്കുവെക്കുന്നു.

അദ്ദേഹത്തിന്റെ പ്രണയലേഖനങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. സോഷ്യല്‍ മീഡിയ കത്തുകള്‍ ഏറ്റെടുത്തതോടെ അദ്ദേഹത്തിന്റെ ഭാഷനൈപുണ്യത്തെ പുകഴ്ത്തിക്കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രണയലേഖനം വായിച്ചതോടെ മുന്‍ പ്രസിഡന്റിനോടുള്ള സ്‌നേഹം കൂടിയെന്നും നിരവധി പേര്‍ ട്വിറ്ററില്‍ കുറിച്ചു.