കിം ജോങ് ഉന്‍ അപ്രത്യക്ഷനായാല്‍ അമേരിക്കയോട് ചോദിക്കാന്‍ വരരുത്; മുന്നറിയിപ്പുമായി സിഐഎ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th October 2017 11:02 AM  |  

Last Updated: 20th October 2017 11:02 AM  |   A+A-   |  

632995-kim-jong-

ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള പോര്‍വിളി നിര്‍ത്താതെ തുടരവെ മുന്നറിയിപ്പുമായി അമേരിക്കന്‍ ചാര സംഘടനയായ സിഐഎ മേധാവി. ഒരു ദിവസം കിം ജോങ് ഉന്‍ അപ്രത്യക്ഷനായാല്‍ അമേരിക്കയോട് ആരും ചോദിക്കേണ്ടതില്ലെന്നാണ് സിഐഎ തലവന്‍ മൈക്ക് പോംപെ പറയുന്നത്. 

മരണം വരെ അധികാരത്തില്‍ തുടരാനാണ് കിം ജോങ് ഉന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാ ബഹുമാനത്തോടെയും പറയുകയാണ്, ഒരു ദിവസം അദ്ദേഹത്തെ കാണാതായാല്‍ അതിനെ കുറിച്ച് സിഐഎയോട് ചോദിച്ചിട്ട് കാര്യമില്ല. കിം ജോങ് ഉന്‍ പെട്ടെന്ന് മരണപ്പെട്ടാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു സിഐഎ തലവന്റെ പ്രതികരണം. 

ഇറാന്‍, ക്യൂബ, കോംഗോ, വിയറ്റ്‌നാം, ചിലി എന്നീ രാജ്യങ്ങളിലെ രാഷ്ട്ര തലവന്മാരെ സ്ഥാനഭ്രഷ്ടരാക്കാന്‍ സിഐഎ നടത്തിയ ഇടപെടലുകളുടെ ചരിത്രമാണ് ഇപ്പോള്‍ കിം ജോങ് ഉന്നിലേക്കും നീളുന്നത്. 

ദക്ഷിണ കൊറിയന്‍ ചാര സംഘടനയുമായി ചേര്‍ന്ന് സിഐഎ പ്രവര്‍ത്തിച്ചെന്നും, കിം ജോങ്ങിനെ വധിക്കാന്‍ ശ്രമിച്ചിരുന്നെന്നും ഉത്തരകൊറിയ നേരത്തെ അവകാശപ്പെട്ടിരുന്നു.