'ട്രംപ് മാനസിക വിഭ്രാന്തിയുള്ള വ്യക്തി'; യുഎസ് പ്രസിഡന്റിനെ പുറത്താക്കണമെന്ന പ്രചാരണവുമായി അമേരിക്കന്‍ കോടീശ്വരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2017 02:52 PM  |  

Last Updated: 22nd October 2017 02:54 PM  |   A+A-   |  

TRUMP

ന്യൂയോര്‍ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പുറത്താക്കണമെന്ന പ്രചാരണവുമായി അമേരിക്കന്‍ വ്യവസായി. ടോം സ്റ്റെയര്‍ എന്ന കോടീശ്വരനാണ് ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി ടിവിയിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും പ്രചാരണത്തിന് തുടക്കമിട്ടത്. 

ഇതിനായി ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ തയാറാക്കിയാണ് ടോം പ്രചരിപ്പിക്കുന്നത്. ട്രംപിനെ എന്തിന് ഇംപീച്ച് ചെയ്യണമെന്ന് അക്കമിട്ട് നിരത്തുന്നുണ്ട് ഈ വീഡിയോയിലൂടെ. ട്രംപ് അമേരിക്കയെ ആണവ യുദ്ധത്തിന്റെ വക്കിലെത്തിച്ചെന്നും വിദേശ സര്‍ക്കാരുകളില്‍ നിന്ന് പണം വാങ്ങുന്നെന്നും സത്യം പറയുന്ന മാധ്യമങ്ങളെ അടച്ചുപൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നും വീഡിയോയിലൂടെ ടോം സ്‌റ്റെയര്‍ ആരോപിക്കുന്നുണ്ട്. 

ട്രംപ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയാണെന്നും അദ്ദേഹത്തിന്റെ കൈയില്‍ ആണവായുധങ്ങളുണ്ടെന്നും യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് അറിയാം. എന്നാല്‍ ഇതിനെ പ്രതിരോധിക്കാന്‍ ഇവര്‍ തയാറാവുന്നില്ലെന്നും ടോം വ്യക്തമാക്കി. ട്രംപിനെ പുറത്താക്കുന്നതിനുള്ള ജനപിന്തുണ തേടിക്കൊണ്ടാണ് വീഡിയോ തയാറാക്കിയിരിക്കുന്നത്. 

ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ ടോം ട്രംപ് വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ദശലക്ഷം ഡോളറാണ് നീക്കിവെച്ചിരിക്കുന്നത്. ട്രംപിനെ ഇംപീച്ച് ചെയ്യണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള പെറ്റീഷനില്‍ ജനങ്ങളുടെ ഒപ്പ് ശേഖരിക്കാനായി നീഡ് ടു ഇംപീച്ച് എന്ന വെബ്‌സൈറ്റിന് തുടക്കമിട്ടിരിക്കുകയാണ് ടോം.