മുസ്ലീം രാജ്യത്തേക്ക് പോര്‍ക്ക് കയറ്റുമതി ചെയ്യണമെന്ന് മന്ത്രി; ചിരിയടക്കാനാവാതെ പുടിന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd October 2017 05:24 PM  |  

Last Updated: 22nd October 2017 05:47 PM  |   A+A-   |  

putin

മുസ്ലീം രാജ്യമായ ഇന്തോനേഷ്യയിലേക്ക് പോര്‍ക്ക് ഇറച്ചി കയറ്റുമതി ചെയ്യണം. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെ വരെ നിര്‍ത്താതെ ചിരിപ്പിച്ചായിരുന്നു റഷ്യന്‍ കാര്‍ഷിക മന്ത്രിയുടെ ഒരു നിര്‍ദേശം. പ്രസിഡന്റ് പങ്കെടുത്ത ഒരു കാര്‍ഷിക യോഗത്തിലായിരുന്നു സംഭവം. 

ജര്‍മ്മനിയുമായി റഷ്യയുടെ കയറ്റുമതി നിരക്ക് താരതമ്യം ചെയ്തായിരുന്നു മന്ത്രി കയറ്റുമതിയിലെ വരുമാനം കൂട്ടാന്‍ പോര്‍ക്ക് മാംസം ഇന്തോനേഷ്യയിലേക്ക് കയറ്റുമതി ചെയ്യാന്‍ നിര്‍ദേശിച്ചത്. 

രാജ്യത്തെ പകുതിയിലധികം പോര്‍ക്ക് മാംസം ജര്‍മ്മനി കയറ്റുമതി ചെയ്യുന്നു. അഞ്ചര ടണ്‍ മില്യണ്‍ മാംസമാണ് അവര്‍ ഉദ്പാതിപ്പിക്കുന്നത്. അതില്‍ മൂന്ന് മില്യണ്‍ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. ചൈന, ഇന്തോനേഷ്യ, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളിലേക്കാണ് ജര്‍മ്മനി ഇത് കയറ്റി അയക്കുന്നതെന്നും റഷ്യന്‍ കാര്‍ഷിക മന്ത്രി അലക്‌സാണ്ടര്‍ തക്‌ച്ചോവ് യോഗത്തില്‍ പറഞ്ഞു. 

ഇന്തോനേഷ്യ മുസ്ലീം രാജ്യമാണ്. അവര്‍ പോര്‍ക്ക് കഴിക്കില്ല എന്ന് പുടിന്‍ പറഞ്ഞു. എന്നാലവര്‍ കഴിക്കുമെന്ന് മന്ത്രിയും പറഞ്ഞു. ചിരി അടയ്ക്കാനാവാതെ പുടിന്‍ മുഖം പൊത്തി ചിരിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. 

പിന്നീട് താന്‍ ദക്ഷിണ കൊറിയയാണ് ഉദ്ദേശിച്ചത്, ഇന്തോനേഷ്യയല്ല എന്ന വിശദീകരണവുമായി മന്ത്രിയെത്തി.