ഒളിപ്പിച്ചുവെച്ച ലൈംഗിക ദൃശ്യങ്ങള്‍ കണ്ടെത്തി; ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th October 2017 01:44 PM  |  

Last Updated: 28th October 2017 01:44 PM  |   A+A-   |  

 

ലണ്ടന്‍ : കുട്ടികളോട് ലൈംഗിക അഭിനിവേശമുള്ള ഭര്‍ത്താവ് ഒളിപ്പിച്ചുവെച്ച ലൈംഗികദൃശ്യങ്ങള്‍ ഭാര്യ കണ്ടെത്തി. ഇതില്‍ പ്രകോപിതനായ ഭര്‍ത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊന്നു. സണ്ടര്‍ലാണ്ടിലാണ് സംഭവം. പ്രൈമറി സ്‌കൂള്‍ അധ്യാപികയായ ജൂലി പാര്‍കിന്‍ എന്ന 35 കാരിയാണ് ഭര്‍ത്താവിന്റെ രഹസ്യ ഇടപാടിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ദാരുണാന്ത്യത്തിന് വിധേയയായത്. 

ഭാര്യയെ കുത്തിക്കൊലപ്പെടുത്തിശേഷം ഭര്‍ത്താവ് ആഡം പാര്‍കിന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും കുറ്റമേല്‍ക്കുകയും ചെയ്തു. ആഡം സ്യൂട്ട്‌കേസിലാക്കി ഒളിപ്പിച്ച ലോപ്‌ടോപ്പിലെ ദൃശ്യങ്ങളാണ് അവിചാരിതമായി ഭാര്യ ജൂലിയുടെ കണ്ണില്‍പ്പെട്ടത്. ഇക്കാര്യം സൂചിപ്പിച്ച ജൂലിയെ, പ്രകോപിതനായ ആഡം 23 തവണ കത്തി ഉപയോഗിച്ച് കുത്തിയെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് സ്വയം വാഹനമോടിച്ച് സ്‌റ്റേഷനിലെത്തിയ ആഡം കൊലയ്ക്കുള്ള പ്രേരണയും പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. 

പൊലീസിന് നിയമോപദേശം നല്‍കുന്ന സ്ഥാപനത്തില്‍ മാനേജരായി ജോലി ചെയ്യുന്ന ആളായിരുന്നു ആഡം. കുറ്റമേറ്റ ആഡത്തിനെ ന്യൂകാസില്‍ ക്രൗണ്‍ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഇതനുസരിച്ച് 23 വര്‍ഷം ആഡം തടവില്‍ കഴിയേണ്ടി വരും.