സെക്‌സ് ടോയ്‌സ് വാങ്ങാന്‍ വനിതാ സെക്രട്ടറിയോട് ആവശ്യപ്പെട്ടു; ബ്രിട്ടീഷ് മന്ത്രി വിവാദക്കുരുക്കില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th October 2017 01:42 PM  |  

Last Updated: 30th October 2017 01:50 PM  |   A+A-   |  

 


ലണ്ടന്‍: സെക്‌സ് ടോയ്‌സ് വാങ്ങാന്‍ വനിതാ സെക്രട്ടറിയോട് ആവശ്യപ്പെടുകയും, അശ്ലീല ചുവയോടെ സംസാരിക്കുകയും ചെയ്‌തെന്ന് ബ്രിട്ടീഷ് മന്ത്രിയ്‌ക്കെതിരെ ആരോപണം. അന്താരാഷ്ട്ര വാണിജ്യ  വ്യാപാര മന്ത്രിയായ മാര്‍ക് ഗാര്‍ണിയക്കെതിരെയാണ് സെക്രട്ടറി കാരളിന്‍ എഡ്മണ്ട്‌സണ്‍ ആരോപണം ഉന്നയിച്ചത്. 2010 ലാണ് സംഭവം. ലൈംഗിക കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയിലേക്ക് വിളിച്ചുകൊണ്ടുപോയ മന്ത്രി അവിടെ നിന്ന് രണ്ട് വൈബ്രേറ്റര്‍ വാങ്ങി കൊടുക്കണമെന്ന് ആവശ്യപ്പെട്ടു എന്നുമാണ് വെളിപ്പെടുത്തല്‍. ഒരെണ്ണം തന്റെ ഭാര്യയ്ക്കും മറ്റൊന്ന് തന്റെ ഓഫീസിലെ ജീവനക്കാരിക്കും വേണ്ടിയാണെന്ന് മന്ത്രി ഗാര്‍ണിയ പറഞ്ഞെന്നും ദ സണ്‍ഡേ മെയില്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ കാരളിന്‍ എഡ്മണ്ട്‌സണ്‍ പറഞ്ഞു. പിന്നീടൊരിക്കല്‍ ഒരു ബാറില്‍ വെച്ച് മറ്റുള്ളവര്‍ കേള്‍ക്കെ മന്ത്രി തന്റെ മാറിടത്തിലേക്ക് നോക്കി ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും അവര്‍ പറഞ്ഞു. 

അതേസമയം ആരോപണങ്ങള്‍ മന്ത്രി മാര്‍ക് ഗാര്‍ണിയ സമ്മതിച്ചു. രണ്ട് സംഭവങ്ങളും സത്യമാണ്. എന്നാല്‍ അവയില്‍ ലൈംഗിക ചൂഷണമില്ലായിരുന്നു. 2010ല്‍ നടന്ന സംഭവത്തില്‍ അന്ന് പരാതിപ്പെടാതെ, ഇപ്പോള്‍ ഉന്നയിക്കുന്നത് രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും മാര്‍ക് ഗാര്‍ണിയ ആരോപിച്ചു. തന്‍രേത് നിരുപദ്രവകരമായ തമാശ മാത്രമാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. 

അതിനിടെ മാര്‍ക് ഗാര്‍ണിയയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ഉത്തരവിട്ടു. മന്ത്രി പെരുമാറ്റചട്ടം ലംഘിച്ചിട്ടുണ്ടെയെന്ന് പരിശോധിക്കാന്‍ കാബിനറ്റ് ഓഫീസിനാണ് നിര്‍ദേശം നല്‍കിയത്. രാഷ്ട്രീയ നേതാക്കള്‍ക്കും എംപിമാര്‍ക്കും എതിരെ ലൈംഗിക ആരോപണങ്ങള്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍, അച്ചടക്ക നടപടികള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജനപ്രതിനിധിസഭ സ്പീക്കര്‍ ജോണ്‍ ബെര്‍കോയ്ക്ക് പ്രധാനമന്ത്രി തെരേസ മെയ് കത്തെഴുതി. നിലവിലെ ചട്ടങ്ങള്‍ക്ക് കരുത്ത് പോരെങ്കില്‍ കൂടുതല്‍ പരിഷകരണം നടത്തി ശക്തമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു. 

ബ്രിട്ടനില്‍ മന്ത്രിമാര്‍, രാഷ്ട്രീയനേതാക്കള്‍, എംപിമാര്‍ തുടങ്ങിയവര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഏറുകയാണ്. 20 മന്ത്രിമാര്‍ അടക്കം 36 എംപിമാര്‍ക്കെതിരെ ലൈംഗികാരോപണങ്ങള്‍ ഉള്ളതായാണ് ഗൈ്വഡോ ഫോക്‌സ് എന്ന വെബ്‌സൈറ്റ് വെളിപ്പെടുത്തുന്നത്. ഇതില്‍ ഏറിയപങ്കും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെയാണ് എന്നതാണ് പ്രധാനമന്ത്രി തെരേസ മെയെ ഏറെ വലയ്ക്കുന്നത്. എന്തായാലും കുറ്റക്കാര്‍ക്കെതിരെ കര്‍ക്കശ നടപടി എടുക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.