ഭര്‍ത്താവിനെ ഒഴിവാക്കാന്‍ നവവധു കെണി ഒരുക്കി ; ഭര്‍ത്താവ് അടക്കം കുടുംബത്തിലെ 15 പേര്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st October 2017 03:40 PM  |  

Last Updated: 31st October 2017 03:40 PM  |   A+A-   |  

 

മുള്‍ട്ടാന്‍ : ഭര്‍ത്താവിനെ ഒഴിവാക്കാനായി നവവധു ഒരുക്കിയ കെണി വന്‍ദുരന്തമായി മാറി. 20 കാരിയായ ആസിയ ബിവിയാണ് ഭര്‍ത്താവ് അംജദിനെ ഒഴിവാക്കാന്‍ കെണിയൊരുക്കിയത്. കാമുകന്‍ ഷാഹിദിനൊപ്പം ജീവിക്കാനാണ് ആസിയ ഈ ക്രൂരകൃത്യത്തിന് മുതിര്‍ന്നത്. പാകിസ്താനിലെ മുസാഫര്‍ഗാഹ് ജില്ലയിലാണ് സംഭവം. 

വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആസിയ അംജദുമായുള്ള വിവാഹത്തിന് സമ്മതിച്ചത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും കാമുകനെ മറക്കാന്‍ ആസിയയ്ക്കായില്ല. ഭര്‍ത്താവിനൊപ്പം തുടരാന്‍ ഇഷ്ടമില്ലെന്ന് അറിയിച്ച് ആസിയ സ്വന്തം വീട്ടിലെത്തിയെങ്കിലും, വീട്ടുകാര്‍ അവളെ വീണ്ടും ഭര്‍ത്താവിന്റെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്നാണ് ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഇവര്‍ മറ്റു തന്ത്രങ്ങള്‍ ആലോചിച്ചത്. 

ഇതുപ്രകാരം കാമുകന്‍ ഷാഹിദിന്റെ നിര്‍ദേശപ്രകാരം ആസിയ ഭര്‍ത്താവിനായി പാലില്‍ വിഷം കലക്കി വെച്ചു. എന്നാല്‍ ഭര്‍ത്താവ് ഈ പാല്‍ കുടിക്കാതിരുന്നതോടെ നീക്കം പാളുകയായിരുന്നു. തുടര്‍ന്ന് ആസിയ ഈ പാല്‍ ഉപയോഗിച്ച് ലസ്സിയുണ്ടാക്കി ഭര്‍തൃ വീട്ടുകാര്‍ക്ക് നല്‍കുകയായിരുന്നു. ലസ്സി കുടിച്ചതിനെത്തുടര്‍ന്ന് ഭര്‍ത്താവ് അംജദ് അടക്കം കുടുംബത്തിലെ 15 പേരാണ് മരിച്ചത്. ഭര്‍തൃകുടുംബത്തിലെ 12 പേര്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുമാണ്. 

സംഭവത്തില്‍ ആസിയയെയും കാമുകന്‍ ഷാഹിദ്, ഷാഹിദിന്റെ ആന്റി സരീന മായി എന്നിവരെ കൊലപാതകകുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതേസമയം താന്‍ വിഷം നല്‍കിയെന്ന വാര്‍ത്ത ആസിയ നിഷേധിച്ചു. ഷാഹിദ് നിര്‍ബന്ധിച്ചെങ്കിലും അപ്രകാരം ചെയ്യാന്‍ താന്‍ കൂട്ടാക്കിയില്ലെന്ന് ആസിയ പറഞ്ഞു.