പ്രകൃതിദുരന്തങ്ങള്‍ യുഎസ് വിട്ട് പോകുന്നില്ല: ഹാര്‍വി ഒതുങ്ങുന്നതിന് മുന്‍പേ ഇര്‍മ എത്തി

അറ്റ്‌ലാന്റിക് കടലില്‍ ശക്തി പ്രാപിച്ച ഇര്‍മ ചുഴലിക്കൊടുങ്കാറ്റാണ് യുഎസ് തീരം ലക്ഷ്യമാക്കി നീങ്ങുന്നത്.
പ്രകൃതിദുരന്തങ്ങള്‍ യുഎസ് വിട്ട് പോകുന്നില്ല: ഹാര്‍വി ഒതുങ്ങുന്നതിന് മുന്‍പേ ഇര്‍മ എത്തി

വാഷിങ്ടണ്‍: യുഎസിനെ തകര്‍ത്ത ഹാര്‍വി കൊടുങ്കാറ്റും വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരിതങ്ങളല്‍ നിന്ന് ജനങ്ങള്‍ മോചിതരാകും മുന്‍പേ  കൂടുതല്‍ ശക്തമായ മറ്റൊരു ചുഴലിക്കൊടുങ്കാറ്റ് യുഎസ് തീരത്തേക്കെത്തുന്നു. അറ്റ്‌ലാന്റിക് കടലില്‍ ശക്തി പ്രാപിച്ച ഇര്‍മ ചുഴലിക്കൊടുങ്കാറ്റാണ് യുഎസ് തീരം ലക്ഷ്യമാക്കി നീങ്ങുന്നത്.

ലോകത്തെ ഏറ്റവും ശക്തമായ കൊടുംങ്കാറ്റുകളുടെ വിഭാഗത്തില്‍പ്പെടുന്ന ഇര്‍മ യുഎസ് സംസ്ഥാനമായ ഫ്‌ലോറിഡയില്‍ കനത്ത നാശം വിതയ്ക്കുമെന്നാണു മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഫ്‌ലോറിഡ, പ്യൂര്‍ട്ടോറിക്കോ, വിര്‍ജിന്‍ ഐലന്‍ഡ്‌സ് തുടങ്ങിയ സ്ഥലങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഈ ആഴ്ച അവസാനമോ അടുത്ത ആഴ്ച ആദ്യമോ ഇര്‍മ ചുഴലിക്കൊടുങ്കാറ്റ് കരയിലെത്തുമെന്നാണു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. ഇര്‍മയെ പേടിച്ച് കരീബിയന്‍ രാജ്യമായ ബഹാമസില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കലാണ് നടത്തുന്നത്. ബഹാമസിന്റെ ഭാഗമായ ആറ് ദക്ഷിണ ദ്വീപുകളാണ് അടിയന്തരമായി ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ താമസിക്കുന്ന കരീബിയന്‍ ദ്വീപുകളായ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ എന്നിവടങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

അറ്റ്‌ലാന്റിക്കിലെ കേപ് വെര്‍ദ് ദ്വീപുകള്‍ക്കു സമീപത്തുനിന്നാണ് ഇര്‍മ രൂപംകൊള്ളുന്നത്. ഹാര്‍വി ചുഴലിക്കടുങ്കാറ്റിന് അകമ്പടിയായെത്തിയ കാറ്റിന്റെ വേഗം മണിക്കൂറില്‍ 212 കിലോമീറ്ററായിരുന്നെങ്കില്‍, ഇര്‍മയുടെ നിലവിലെ വേഗത മണിക്കൂറില്‍ ഏതാണ്ട് 295 കിലോമീറ്ററാണ്. ഹാര്‍വി കൊടുങ്കാറ്റില്‍ 50 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കൂടാതെ 9,000 വീടുകള്‍ നിലംപൊത്തിയിരുന്നു. 1,85,000 വീടുകള്‍ക്കു കേടുപറ്റി. വീടു നഷ്ടപ്പെട്ട 42,000 പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com