കമ്മ്യൂണിസ്റ്റുകാര്‍ മുതലാളിത്തത്തെപ്പറ്റി പഠിക്കണം;മാര്‍ക്‌സിസം സത്യമാണ്: ഷി ചിന്‍പിങ് 

കാലവും സമൂഹവും മാറിയിട്ടുണ്ടെങ്കിലും മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഇന്നും സത്യമായിത്തന്നെ തുടരുകയാണ്
കമ്മ്യൂണിസ്റ്റുകാര്‍ മുതലാളിത്തത്തെപ്പറ്റി പഠിക്കണം;മാര്‍ക്‌സിസം സത്യമാണ്: ഷി ചിന്‍പിങ് 

ബെയ്ജിങ്: രാജ്യത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെല്ലാവരും നവ മുതലാളിത്തത്തെപ്പറ്റി പഠിക്കണമെന്നും എന്നാല്‍ മാര്‍ക്‌സിസത്തില്‍ നിന്ന് വ്യതിചലിക്കരുതെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്. അടുത്തമാസം ആരംഭിക്കാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടക്കുന്ന പോളിറ്റ് ബ്യൂറോ സ്റ്റഡി സെക്ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാലവും സമൂഹവും മാറിയിട്ടുണ്ടെങ്കിലും മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഇന്നും സത്യമായിത്തന്നെ തുടരുകയാണ്. മാര്‍ക്‌സിസത്തെ ഉപേക്ഷിക്കുകയോ അതില്‍നിന്നു വ്യതിചലിക്കുകയോ ചെയ്താല്‍ അതു പാര്‍ട്ടിയുടെ ആത്മാവിനെ നഷ്ടപ്പെടുത്തും, ദിശാബോധവും ഇല്ലാതാകും.

പാര്‍ട്ടിയെ നയിക്കുന്നതില്‍ മാര്‍ക്‌സിസത്തിനുള്ള പങ്ക് എന്നും ഉയര്‍ന്നു നില്‍ക്കണമെങ്കില്‍ അചഞ്ചലമായ നിശ്ചയദാര്‍ഢ്യം ആവശ്യമാണ്. എന്തൊക്കെ സംഭവിച്ചാലും ആ നിശ്ചദാര്‍ഢ്യത്തിന് ഉലച്ചില്‍ സംഭവിക്കരുത്.

ചൈനയുടെ പാരമ്പര്യത്തിലധിഷ്ടിതമായ സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ശ്രമിക്കണം.  ചൈനയുടെ സോഷ്യലിസ്റ്റ് സംവിധാനത്തിന്റെ മേന്മകള്‍ വര്‍ധിപ്പിക്കാനും ശ്രമമുണ്ടാകണം. മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ സമകാലിക ചൈനയിലെ യാഥാര്‍ഥ്യങ്ങള്‍ക്കൊപ്പം കൂട്ടിച്ചേര്‍ത്തുവേണം പ്രയോഗിക്കേണ്ടത്. മാര്‍ക്‌സിസത്തിന്റെ വികസനത്തിന് ആധുനിക സമൂഹത്തിന്റെ മറ്റു മാതൃകകള്‍ സൃഷ്ടിക്കുന്ന നേട്ടങ്ങളില്‍ നിന്നുള്ള പാഠങ്ങളും ഉള്‍ക്കൊള്ളണം. നവമുതലാളിത്തത്തിന്റെ അന്തഃസത്തയും അതിന്റെ മാതൃകകളും പഠിച്ചിരിക്കേണ്ടതും അത്യാവശ്യമാണ്. എന്നാല്‍ മുതലാളിത്ത വിഷയത്തില്‍ പ്രസിഡന്റ് കൂടുതല്‍ വിശദീകരണത്തിനു മുതിര്‍ന്നില്ലെന്നു ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com