ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഉത്തരകൊറിയ; ഇനി ശ്രദ്ധ മുഴുവന്‍ സമ്പദ് വ്യവസ്ഥയില്‍

അയല്‍രാജ്യങ്ങളുമായും, അന്താരാഷ്ട്ര സമൂഹവുമായും അടുത്ത ബന്ധത്തിലേക്കെത്തി ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുവാനാണ് പുതിയ നീക്കം
ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഉത്തരകൊറിയ; ഇനി ശ്രദ്ധ മുഴുവന്‍ സമ്പദ് വ്യവസ്ഥയില്‍

പ്യോംഗ്യാംഗ്: ലോകത്തെ ആശങ്കയിലാഴ്ത്തി കടന്നു പോയിരുന്ന ആണവ മിസൈല്‍ പരീക്ഷണങ്ങളില്‍ നിന്നും പിന്നോട്ടാഞ്ഞ് ഉത്തരകൊറിയ. ആണവ പരീക്ഷണങ്ങളും, ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളും അവസാനിപ്പിക്കുകയാണെന്ന പ്രഖ്യാപനമാണ് ഉത്തരകൊറിയയില്‍ നിന്നും വരുന്നത്. 

രാജ്യത്തെ ആണവ പരീക്ഷണ കേന്ദ്രം അടച്ചു പൂട്ടാനുള്ള തീരുമാനവും ഉത്തരകൊറിയയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി വാര്‍ത്ത സ്ഥിരീകരിക്കുന്നു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കുന്നതിന് വേണ്ടിയാണ് ഇപ്പോഴെടുത്തിരിക്കുന്ന തീരുമാനം എന്നാണ് ആണവ പരീക്ഷണങ്ങള്‍ നിര്‍ത്തുന്നതിനുള്ള കാരണമായി ഉത്തരകൊറിയയുടെ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

അയല്‍രാജ്യങ്ങളുമായും, അന്താരാഷ്ട്ര സമൂഹവുമായും അടുത്ത ബന്ധത്തിലേക്കെത്തി ഇതിലൂടെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വേകുവാനാണ് പുതിയ നീക്കം. ഉത്തരകൊറിയയുടെ പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വാഗതം ചെയ്തു. ഉത്തരകൊറിയയ്ക്ക് മാത്രമല്ല, ലോകത്തിന് തന്നെയുള്ള നല്ല വാര്‍ത്തയാണ് ഇതെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. 

ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍ ജെ ഇന്നുമായി അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ വെച്ച് കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിന് മുന്നോടിയായാണ് സമാധാനശ്രമങ്ങള്‍ക്ക് ആക്കം കൂട്ടിയുള്ള ഉത്തരകൊറിയയുടെ പ്രഖ്യാപനം വരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com