പാക്കിസ്ഥാന് മേല്‍ രാഷ്ട്രീയ വിജയം; ഛോട്ടാ ഷക്കീലിന്റെ അനുയായി മുന്ന ജിംഗ്രയെ ഇന്ത്യക്ക് കൈമാറണമെന്ന് തായ് കോടതി

അധോലോക നേതാവ് ഛോട്ടാ ഷക്കീലിന്റെ അനുയായി സയ്യിദ് മുസാക്കിര്‍ മുദസ്സര്‍ ഹുസൈനെന്ന മുന്ന ജിംഗ്രയെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന് തായ്‌ലന്‍ഡ് ക്രിമിനല്‍ കോടതി
പാക്കിസ്ഥാന് മേല്‍ രാഷ്ട്രീയ വിജയം; ഛോട്ടാ ഷക്കീലിന്റെ അനുയായി മുന്ന ജിംഗ്രയെ ഇന്ത്യക്ക് കൈമാറണമെന്ന് തായ് കോടതി

ബാങ്കോക്ക്: അധോലോക നേതാവ് ഛോട്ടാ ഷക്കീലിന്റെ അനുയായി സയ്യിദ് മുസാക്കിര്‍ മുദസ്സര്‍ ഹുസൈനെന്ന മുന്ന ജിംഗ്രയെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന് തായ്‌ലന്‍ഡ് ക്രിമിനല്‍ കോടതി. മുന്ന ജിംഗ്രയുടെ പൗരത്വം സംബന്ധിച്ച് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മുന്ന ജിംഗ്രയെ ഇന്ത്യക്ക് വിട്ടുനല്‍കണമെന്ന തായ്‌ലന്‍ഡ് കോടതിയുടെ നിര്‍ണായക വിധി. നിലവില്‍ 2000 സെപ്റ്റംബര്‍ മുതല്‍ ബാങ്കോക്ക് ജയിലിലാണ് മുന്നയുളളത്. ഇന്ത്യയുടെ വാദം അംഗീകരിച്ച കോടതി മുന്ന ഇന്ത്യന്‍ പൗരനാണെന്ന് വ്യക്തമാക്കിയാണ് കൈമാറാനുള്ള അനുമതി നല്‍കിയത്.

തായ്‌ലന്‍ഡ് വിധി ഇന്ത്യയെ സംബന്ധിച്ച് പാക്കിസ്ഥാന് മേലുള്ള രാഷ്ട്രീയ വിജയമാണ്. മുന്നയെ രാജ്യത്തെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാക്കിസ്ഥാനും രംഗത്തുണ്ടായിരുന്നു. പ്രതിയെ രാജ്യത്തിന് കൈമാറുന്ന രീതിയില്‍ മുന്നയെ വിട്ടുകിട്ടാന്‍ പാക്കിസ്ഥാന്‍ നീക്കം നടത്തിയപ്പോള്‍ ശക്തമായ വാദങ്ങളുമായി ഇന്ത്യയും തായ്‌ലന്‍ഡ് കോടതിയെ സമീപിക്കുകയായിരുന്നു. 

മുന്ന ഇന്ത്യന്‍ പൗരനാണെന്ന് തെളിയിക്കുന്നതിനുള്ള ഫിംഗര്‍ പ്രിന്റ് അടക്കമുള്ള ശക്തമായ തെളിവുകള്‍ നിരത്തിയാണ് ഇന്ത്യ വാദിച്ചത്. സമാനമായ എന്തെങ്കിലും തെളിവുകള്‍ സമര്‍പ്പിക്കാനുണ്ടോയെന്ന തായ്‌ലന്‍ഡ് കോടതിയുടെ ചോദ്യത്തിന് പാക്കിസ്ഥാന് വേണ്ടി ഹാജരായ അഭിഭാഷകന് മറുപടിയുണ്ടായില്ല. 90 ദിവസത്തിനുള്ളില്‍ മുന്ന ജിംഗ്രയെ ഇന്ത്യക്ക് കൈമാറണമെന്ന് കോടതി ഉത്തരവിട്ടു. 

2001ല്‍ ഛോട്ട രാജനെ കൊല്ലാന്‍ ശ്രമിച്ച കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു ഇതുവരെ മുന്ന ജിംഗ്ര. ശിക്ഷ കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. 

നേരത്തെ ഛോട്ട ഷക്കീലിന്റെ അടുത്ത അനുയായി തന്നെയായ ഫാറൂഖ് ദേവ്ഡിവാലയെ വിട്ടുനല്‍കണമെന്ന് ഇന്ത്യ യു.എ.ഇ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. സമാന ആവശ്യവുമായി ആ ഘട്ടത്തില്‍ പാക്കിസ്ഥാനും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇന്റര്‍ പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിട്ട പ്രതിയാണതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നല്‍കിയ അപേക്ഷ തള്ളിയ യു.എ.ഇ ഫാറൂഖിനെ പാക്കിസ്ഥാന് കൈമാറുകയായിരുന്നു. സമാന അവസ്ഥ ഇക്കാര്യത്തില്‍ ഉണ്ടാകരുതെന്ന് തീരുമാനിച്ച ഇന്ത്യ ശക്തമായ തെളിവുകള്‍ കൈമാറിയാണ് ഇത്തവണ മുന്നയെ രാജ്യത്തേക്ക് എത്തിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com