സാങ്കേതിക തകരാര്‍: നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപണം നീട്ടി

നാസയുടെ പാര്‍ക്കര്‍ സോളര്‍ പ്രോബ് വിക്ഷേപണം നീട്ടിവച്ചു. അവസാന മിനുട്ടുകളിലുണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് വിക്ഷേപണം നീട്ടിയത്
സാങ്കേതിക തകരാര്‍: നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് വിക്ഷേപണം നീട്ടി

ടംപ (കേപ് കനാവറല്‍, യു.എസ്): നാസയുടെ പാര്‍ക്കര്‍ സോളര്‍ പ്രോബ് വിക്ഷേപണം നീട്ടിവച്ചു. അവസാന മിനുട്ടുകളിലുണ്ടായ സാങ്കേതിക തകരാര്‍ കാരണമാണ് വിക്ഷേപണം നീട്ടിയത്. അതിരാവിലെ 3.33ന് തുടങ്ങിയ കൗണ്ട് ഡൗണ്‍ വിക്ഷേപണത്തിനു ഒരു മിനുട്ടും 55 സെക്കന്‍ഡും ബാക്കിയുള്ളപ്പോഴാണ് തടസപ്പെട്ടത്. ഹീലിയം പ്രഷര്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമാണു വിക്ഷേപണം നിര്‍ത്തിവയ്‌ക്കേണ്ടി വന്നത്.
തകരാര്‍ പെട്ടെന്ന് പരിഹരിച്ചു ഞായറാഴ്ച വീണ്ടും ശ്രമം തുടരുമെന്നു റോക്കറ്റ് നിര്‍മാതാക്കളായ യുനൈറ്റഡ് ലോഞ്ച് അലയന്‍സ് അറിയിച്ചു. 

മനുഷ്യരാശിയുടെ ആദ്യ സൗര ദൗത്യമാണു പാര്‍ക്കര്‍ സോളര്‍ പ്രോബ്. വിക്ഷേപണത്തിന് ശേഷം സൂര്യന്റെ കൊറോണയിലായിരിക്കും പേടകം ഭ്രമണം ചെയ്യുക. ഇതോടെ സൂര്യന്റെ ഏറ്റവും അടുത്തെത്തുന്ന ആദ്യ മനുഷ്യ നിര്‍മിത വസ്തുവെന്ന നേട്ടവും സോളര്‍ പ്രോബിനു സ്വന്തമാകും. ഏഴു വര്‍ഷം നീളുന്ന പദ്ധതിക്കൊടുവില്‍ നക്ഷത്രങ്ങളെക്കുറിച്ചു നിലനില്‍ക്കുന്ന ഒട്ടേറെ സംശയങ്ങള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് നാസയുടെ പ്രതീക്ഷ. 

നിലവിലുള്ള പല സൗരയൂധ സംബന്ധമായ ചോദ്യങ്ങള്‍ക്കമുള്ള ഉത്തരം പാര്‍ക്കര്‍ സോളാര്‍ പ്രോബിന്റെ വിക്ഷേപണത്തോടെ ലഭിക്കുമെന്ന് മിഷിഗണ്‍ സര്‍വകലാശാല പ്രൊഫസറും ദൗത്യത്തിലെ പ്രൊജക്ട് സൈന്റിസ്റ്റുമായ ജസ്റ്റിന്‍ കസ്പര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

നേരത്തേ ജൂലൈ 31ന് ആയിരുന്നു വിക്ഷേപണ തീയതി തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് കൂടുതല്‍ പരിശോധനകള്‍ക്കായി നീട്ടിവയ്ക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com