ചൗവിന്റെ കൊലപാതകം: രണ്ട് മതപ്രഭാഷകരിലേക്ക് അന്വേഷണം നീളുന്നു

ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗ അമ്പേറ്റു മരിച്ച സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്.
ചൗവിന്റെ കൊലപാതകം: രണ്ട് മതപ്രഭാഷകരിലേക്ക് അന്വേഷണം നീളുന്നു

പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബാറിലെ ഉത്തര സെന്റിനല്‍ ദ്വീപില്‍ യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗ ഗോത്രവര്‍ഗക്കാരാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പുതിയ വഴിത്തിരിവ്. ചൗവിനെ അജ്ഞാത ദ്വീപിലേക്കു പോകുന്നതിനായി രണ്ട് യുഎസ് മതപ്രചാരകര്‍ പ്രോല്‍സാഹിപ്പിച്ചിരുന്നു എന്നാണ് പൊലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. 

ഗോത്രവിഭാഗക്കാരെ മതം മാറ്റുന്നതിനായിരുന്നു മതപ്രചാരകര്‍ ചൗവിനെ ദ്വീപിലേക്ക് അയച്ചതെന്നും ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. അതേസമയം ചൗവിന്റെ മൃതദേഹത്തെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ലെന്ന് ആന്‍ഡമാന്‍ നിക്കോബാര്‍ പൊലീസ് തലവന്‍ ദീപേന്ദ്ര പതക് വെളിപ്പെടുത്തി. 

ഈ കേസിന്റെ ഭാഗമായി യുഎസ് പൗരത്വമുള്ള സ്ത്രീയെയും പുരുഷനെയും കുറിച്ചു പൊലീസ് അന്വേഷിച്ചു വരികയാണ്. ഇവര്‍ ഇപ്പോള്‍ രാജ്യം വിട്ടുകഴിഞ്ഞു. മതപ്രചാരണം ലക്ഷ്യമാക്കിയ ഇവരാണു ചൗവിനെ ദ്വീപിലേക്കു പോകുന്നതിനു പ്രോല്‍സാഹിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മതപ്രചാരകരുടെ പേരു വിവരങ്ങളോ സംഘടനയുടെ പേരോ പുറത്തുവിടുന്നതിനു പൊലീസ് ഇതുവരെ തയാറായിട്ടില്ല. 

ചൗവിന്റെ ഫോണിലേക്ക് ഇവര്‍ വിളിച്ചിരുന്നു. നവംബര്‍ 17നാണ് ജോണ്‍ അലന്‍ ചൗ ഉത്തര സെന്റിനല്‍ ദ്വീപില്‍ കൊല്ലപ്പെട്ടത്. സെന്റിനല്‍ ഗോത്രവിഭാഗത്തിന്റെ ഭാഷയോ ആചാരങ്ങളോ തുടങ്ങി യാതൊരു വിവരവും പുറംലോകത്തിന് അറിയില്ല. ഈ സാഹചര്യത്തില്‍ ഗോത്രവിഭാഗത്തെ സംരക്ഷിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്. ദ്വീപിന് 5 കിലോമീറ്റര്‍ ഇപ്പുറം വരെ പോകാന്‍ മാത്രമാണ് നിലവില്‍ അനുമതിയുള്ളത്.

ചൗവിന്റെ മരണവുമായി ബന്ധപ്പെട്ട് 7 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. ചൗവിനെ ദ്വീപിലെത്താന്‍ സഹായിച്ച മല്‍സ്യത്തൊഴിലാളികളാണ് ഇതില്‍ ആറുപേരും. കേസന്വേഷണത്തിന്റെ ഭാഗമായി പൊലീസ് 3 പ്രാവശ്യം ദ്വീപിന് സമീപമെത്തി. സംഭവത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കേണ്ടിവന്നാല്‍ വീണ്ടും പരിശോധനയ്‌ക്കൊരുങ്ങാനാണു പൊലീസ് തീരുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com