യുവാക്കളെ ഹണിട്രാപ്പില്‍ കുരുക്കാന്‍ സുന്ദരികളെ നിയോഗിച്ച് പാക് ഭീകരര്‍; ലക്ഷ്യം ആയുധക്കടത്ത്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 03rd December 2018 06:47 AM |
Last Updated: 03rd December 2018 08:22 AM | A+A A- |

ശ്രീനഗര്‍: കശ്മീരിലേക്ക് ആയുധം കടത്താന്‍ പുത്തന്‍ വഴി തേടി പാക്കിസ്ഥാന്‍ ഭീകരര്‍. ജമ്മു കാശ്മീരിലെ യുവാക്കളെ ഹണിട്രാപ്പില്‍പ്പെടുത്തി ആയുധ കടത്തിനായി ഉപയോഗിക്കാനാണ് പാക് ഭീകരര്‍ ലക്ഷ്യമിടുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനായി സുന്ദരികളായ പാക് യുവതികളെ ഭീകരര്‍ നിയോഗിച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആഴ്ചകള്‍ക്ക് മുന്‍പ് കശ്മീരില്‍ പിടിയിലായ സെയ്ദ് ഷാസിയ എന്ന പാക് യുവതിയെ ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ യുവാക്കളുമായി ബന്ധംസ്ഥാപിച്ചാണ് ആയുധക്കടത്തിനായി ഉപയോഗിച്ചിരുന്നത്. ബന്ദിപ്പോരയില്‍ ആയുധങ്ങളുമായി പിടിയിലായ ഷാസിയക്ക് ഒട്ടേറെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുണ്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ അക്കൗണ്ടുകളിലെല്ലാം സുഹൃത്തുക്കളായുണ്ടായിരുന്നത് കശ്മീരിലെ യുവാക്കളായിരുന്നു. ഇവരുമായി അടുപ്പം സ്ഥാപിച്ച് തനിക്കുവേണ്ടി ചില സാധനങ്ങള്‍ എത്തിച്ചുനല്‍കിയാല്‍ പരസ്പരം കാണാമെന്ന് വാഗ്ദാനം നല്‍കും. കശ്മീരിലെ ചില പോലീസ് ഉദ്യോഗസ്ഥരടക്കം ഇവരുടെ സൗഹൃദവലയത്തിലുണ്ടെന്നാണ് സൂചന.
കഴിഞ്ഞ സെപ്റ്റംബറില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ അബു ഇസ്മയിലിനെ കൊലപ്പെടുത്തിയതോടെയാണ് അജ്ഞാത യുവതിയെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഈ യുവതി സെയ്ദ് ഷാസിയയാണെന്ന് തിരിച്ചറിയുകയും യുവതിയുടെ ഫോണും സാമൂഹികമാധ്യമങ്ങളിലെ ഇടപെടലുകളും പോലീസ് നിരീക്ഷിക്കുകയും ചെയ്തു.
ഇതിനിടെ പോലീസില്‍നിന്നുതന്നെ ഇവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിനല്‍കുന്നതായും അന്വേഷണഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്നാണ് ഇര്‍ഫാന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണസംഘം പിടികൂടിയത്. ഇതിനുപിന്നാലെ ഷാസിയയും പോലീസിന്റെ പിടിയിലായി. ഷാസിയയെ വിശദമായി ചോദ്യംചെയ്തതോടെ പാക്ക് ഭീകരസംഘടനകളുടെ നേതൃത്വത്തില്‍ ഒട്ടേറെ യുവതികള്‍ ഇത്തരത്തില്‍ ഹണിട്രാപ്പ് കെണിയൊരുക്കിയിട്ടുണ്ടെന്നും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സംശയനിഴലിലുള്ള പല അക്കൗണ്ടുക്കളും പോലീസിന്റെ നിരീക്ഷണത്തിലാണ്.