കൈകള്‍ കാണുന്ന വേഷം ധരിച്ചതിന് മാധ്യമ പ്രവര്‍ത്തകയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കൈകള്‍ പുറത്തുകാണുന്ന വസ്ത്രം ധരിച്ചതിനാല്‍ സ്പീക്കറാണ് പുറത്തുപോകാന്‍ ആവശ്യപ്പെട്ടത്‌
കൈകള്‍ കാണുന്ന വേഷം ധരിച്ചതിന് മാധ്യമ പ്രവര്‍ത്തകയെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി; വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ

കൈകള്‍ അമിതമായി പുറത്തുകാണുന്നു എന്ന് ആരോപിച്ച് വനിത മാധ്യമ പ്രവര്‍ത്തകയെ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കി. എബിസി റേഡിയോ നാഷണല്‍ അവതാരക പട്രീഷ്യ കാര്‍വലസിനെയാണ് മോശം വസ്ത്ര ധാരണത്തിന്റെ പേരില്‍ പുറത്താക്കിയത്. സംഭവം വിവാദമായതോടെ ഒസീസ് പാര്‍ലമെന്റിനെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. പട്രീഷ്യയുടെ വസ്ത്രം എങ്ങനെയാണ് മോശമാകുന്നത് എന്നാണ് എല്ലാവരുടേയും ചോദ്യം.

കഴിഞ്ഞ ദിവസമാണ് പട്രീഷ്യയെ പ്രസ് ഗ്യാലറിയില്‍ നിന്ന് പുറത്താക്കിയത്. പതിവുപോലെ പ്രസ് ഗ്യാലറിയില്‍ എത്തിയ പട്രീഷ്യയെ ചോദ്യോത്തരവേളയ്ക്ക് മുന്‍പ് അറ്റന്‍ഡന്റ് എത്തി പുറത്തുപോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കൈകള്‍ പുറത്തുകാണുന്ന വസ്ത്രം ധരിച്ചതിനാല്‍ സ്പീക്കറാണ് പുറത്തുപോകാന്‍ അറിയിച്ചതെന്ന് അറ്റന്‍ഡന്റ് അറിയിച്ചു. ശരീരം മറച്ചുവേണം പാര്‍ലമെന്റിലെത്താന്‍ എന്ന നിര്‍ദേശവും ലഭിച്ചു. 

എന്നാല്‍ ഇതിനെതിരേ പട്രീഷ്യ രൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. ഓസിസ് പാര്‍ലമെന്റിന് ഭ്രാന്താണോ എന്നാണ്  അവര്‍ ചോദിച്ചത്. ഒപ്പം അതേ വേഷത്തിലുള്ള സെല്‍ഫിയും കൈകളുടെ ചിത്രവും അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇതിന് പിന്തുണ പ്രഖ്യാപിച്ച് നിരവധി പേരാണ് കൈകള്‍ കാണുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. 

എന്നാല്‍ സ്പീക്കറിന്റെ നടപടിയില്‍ തെറ്റില്ലെന്ന വിശദീകരണവുമായി ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് രംഗത്തെത്തി. വസ്ത്രധാരണം വ്യക്തിപരമാണെങ്കിലും പാര്‍ലമെന്റില്‍ വരുമ്പോള്‍ ഫോര്‍മല്‍ വേഷങ്ങള്‍ ധരിച്ചെത്തണം എന്നാണ് വെബ്‌സൈറ്റിലൂടെ പാര്‍ലമെന്റ് വ്യക്തമാക്കിയത്. ഇതിനിടെ പാര്‍ലമെന്റംഗം ജൂലി ബിഷപ്പിന്റെ വേഷവും ചര്‍ച്ചയാകുന്നുണ്ട്. സ്ലീവ്‌ലെസ് ടോപ്പുകള്‍ ധരിച്ചാണ് സാധാരണ ജൂലി പാര്‍ലമെന്റില്‍ എത്തുന്നത്. ഇതില്‍ പ്രശ്‌നമൊന്നുമില്ലേ എന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com