ചൈനയെ ' പഠിപ്പിക്കാന്‍' ആരും വരേണ്ട, എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം; ട്രംപിനെതിരെ സ്വരം കടുപ്പിച്ച് ഷീ ജിന്‍പിങ്

ചൈന എന്ത് ചെയ്യണം ചെയ്യരുത് എന്നൊക്കെ പഠിപ്പിക്കാന്‍ ആരും മെനക്കേടേണ്ടെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ്. ചൈന ആര്‍ക്കും ഭീഷണിയല്ല. ചൈനയ്ക്കും ആരും ഭീഷണിയായി വരരുതെന്നും അദ്ദേഹം പറഞ്ഞു. 
ചൈനയെ ' പഠിപ്പിക്കാന്‍' ആരും വരേണ്ട, എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കറിയാം; ട്രംപിനെതിരെ സ്വരം കടുപ്പിച്ച് ഷീ ജിന്‍പിങ്

ബെയ്ജിങ്: ചൈന എന്ത് ചെയ്യണം ചെയ്യരുത് എന്നൊക്കെ പഠിപ്പിക്കാന്‍ ആരും മെനക്കേടേണ്ടെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ്. ചൈന ആര്‍ക്കും ഭീഷണിയല്ല. ചൈനയ്ക്കും ആരും ഭീഷണിയായി വരരുതെന്നും അദ്ദേഹം പറഞ്ഞു. 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയപരിഷ്‌കരണത്തിന്റെ നാല്‍പ്പതാം വാര്‍ഷികാഘോഷത്തിലാണ് യുഎസിനെതിരെ ജിന്‍പിങ് മുന്നറിയിപ്പ് നല്‍കിയത്. സോഷ്യലിസ്റ്റ് രാജ്യമായി എക്കാലവും നിലകൊള്ളുന്നതിനൊപ്പം ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന മാറുമെന്നും അദ്ദേഹം പറഞ്ഞു. 1978 ല്‍ ഡെന്‍ സിയാവോ പിങിന്റെ കാലത്താണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അടിമുടി മാറുന്നത്. 

വ്യാപാരബന്ധങ്ങളെ ചൊല്ലി യുഎസുമായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ക്ക് ശമിച്ചിട്ടില്ലെന്ന് തന്നെയാണ് ജിന്‍പിങിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത്. നേരത്തെ ബ്യൂണസ് അയേഴ്‌സില്‍ നടന്ന ജി-20 ഉച്ചകോടിക്കിടെ ഇരുരാജ്യങ്ങളും തമ്മില്‍ 90 ദിവസത്തെ താത്കാലിക സമാധാനകരാറില്‍ എത്തിച്ചേര്‍ന്നിരുന്നു. 

2019 ജനുവരി ഒന്നുമുതല്‍ ചൈനീസ് ഉത്പന്നങ്ങളുടെ ഇറക്കുമതിത്തീരുവ 25 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ യുഎസ് തീരുമാനിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ വീണ്ടും പ്രശ്‌നം രൂക്ഷമായിരുന്നത്. ഉച്ചകോടിയില്‍ എത്തിച്ചേര്‍ന്ന ധാരണയെ തുടര്‍ന്ന് ഇത് വരുന്ന മൂന്ന് മാസത്തേക്ക് നിര്‍ത്തി വച്ചിരുന്നു. ഈ കാലയളവില്‍ രണ്ടു രാജ്യങ്ങള്‍ക്കും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതിത്തീരുവ 25 ശതമാനമായി നിശ്ചയിക്കുമെന്ന നിലപാട് ആണ് ട്രംപ് സ്വീകരിച്ചത്. എന്നാല്‍ ഉച്ചകോടിക്ക് ശേഷം പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ലാത്തതിനാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം വീണ്ടും കൊഴുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com